കീവ് : തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ രാസായുധ പ്രയോഗം നടത്തുന്നുവെന്ന ആരോപണവുമായി യുക്രെയിൻ. റഷ്യൻ സേന മരിയുപോളിൽ ഒരു അജ്ഞാത പദാർത്ഥം ഉപയോഗിച്ചെന്നും ഇത് പ്രദേശത്തെ ജനങ്ങൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റും കാരണമായെന്നും യുക്രെയിൻ എം.പി ഇവാന ക്ലൈംപഷ് പറഞ്ഞു. മരിയുപോളിലുള്ള യുക്രെയിൻ സേനയുടെ അസോവ് ബറ്റാലിയനിലെ അംഗങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് അവർ പറഞ്ഞു.
റഷ്യൻ സേന ഡ്രോൺ വഴി വിഷ പദാർത്ഥങ്ങൾ മരിയുപോളിൽ നിക്ഷേപിച്ചെന്നും മൂന്ന് പേർ രാസായുധ ആക്രമണമേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാട്ടിയെന്നും എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും യുക്രെയിൻ സൈനികർ ആരോപിക്കുന്നു. യുക്രെയിൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൻ ഗെറെഷ്ചെൻകോവും മരിയുപോളിൽ റഷ്യ രാസായുധ പ്രയോഗം നടത്തുന്നതായി ആരോപിച്ചു.
റഷ്യ രാജ്യത്ത് രാസായുധം ഉപയോഗിച്ചേക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി തിങ്കളാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം, റഷ്യയ്ക്കെതിരെയുള്ള രാസായുധ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് യു.കെയും യു.എസും അറിയിച്ചു.
റഷ്യയെ ഒറ്റപ്പെടുത്താനാകില്ല, ബെലറൂസുമായി ചേർന്ന് ചാന്ദ്ര പര്യവേഷണം : പുട്ടിൻ
റഷ്യൻ അധിനിവേശത്തെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ' ശ്രേഷ്ഠമായ " ദൗത്യമെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബാസ് മേഖലയെ സംരക്ഷിക്കാൻ സൈനിക നടപടി അനിവാര്യമാണെന്നും പുട്ടിൻ പറഞ്ഞു.
യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യനായി മാറിയതിന്റെ 61ാം വാർഷികത്തോടനുബന്ധിച്ച് കിഴക്കൻ റഷ്യയിലെ വോസ്റ്റോചനി കോസ്മോഡ്രോമിൽ നടന്ന അഭിസംബോധനയിലാണ് പുട്ടിന്റെ പ്രതികരണം. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് ഇവിടെയെത്തിയിരുന്നു.
റഷ്യയെ ലോകത്ത് ഒറ്റപ്പെടുത്താനാവില്ലെന്നും പുട്ടിൻ പറഞ്ഞു. സഖ്യ കക്ഷിയായ ബെലറൂസുമായി ചേർന്ന് ചന്ദ്രനിലേക്ക് ഒരു പര്യവേഷണ പദ്ധതി നടത്തുമെന്നും പുട്ടിൻ വ്യക്തമാക്കി. ലൂണ - 25 എന്ന ഈ ചാന്ദ്ര പര്യവേഷണ പേടകത്തിന്റെ വിക്ഷേപണം ഈ വർഷം അവസാനത്തോട കാണുമെന്നാണ് സൂചന.
ഡോൺബാസിൽ സൈനിക വിന്യാസം ശക്തമാക്കി റഷ്യ
മറ്റ് യൂറോപ്യൻ നേതാക്കൾക്കൊപ്പം യുക്രെയിൻ സന്ദർശിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും യുക്രെയിൻ അത് നിഷേധിച്ചെന്ന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് - വാൾട്ടർ സ്റ്റെയ്ൻസെയർ
റഷ്യൻ സൈനികർ സ്ത്രീകളെ പീഡിപ്പിക്കുന്നെന്ന യുക്രെയിന്റെ ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ
ബുചയിൽ ഇതുവരെ 403 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മേയർ
കീവിലെ ബ്രോവറിയിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കണ്ടെത്തി
കീവ്, ഖമെനൈറ്റ്സി മേഖലകളിലെ രണ്ട് ആയുധ സംഭരണ കേന്ദ്രങ്ങൾ തകർത്തെന്ന് റഷ്യ
ഇതുവരെ 19,500 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ
മരിയുപോളിൽ ഇതുവരെ 10,000ത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |