പത്തനംതിട്ട : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് ലഭിച്ച ഇൻസുലേറ്റഡ് വാക്സിൻ വാൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഫ്ലാഗ് ഓഫ് ചെയ്തു. ഡിപ്പാർട്ട്മെന്റ് ഒഫ് പബ്ലിക് എന്റർപ്രൈസസിന്റെ നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം സി.എസ്.ആർ ഫണ്ടിലേക്ക് വകമാറ്റുന്ന കോർപറേഷന്റെ ലാഭവിഹിതമായ തുകയാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി കൈമാറുന്നത്.
കേരളത്തിലെ 9 ജില്ലാ ആശുപത്രികളിൽ 1.17 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ഈ വർഷം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഏറ്റവും കൂടുതൽ തുകയായ 20 ലക്ഷം രൂപ നൽകിയത് പത്തനംതിട്ട ജില്ലയ്ക്കാണ്.
ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് ശബരിമലയിലെ ആരോഗ്യ പ്രതിരോധ മേഖലയിൽ കൂടുതൽ മുൻതൂക്കം നൽകുമെന്ന് സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ ഡയറക്ടർമാരായ സുരേഷ് വാര്യർ, കെ.വി. പ്രദീപ് കുമാർ എന്നിവർ പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, എൻ.എച്ച്.എം ഡി.പി.എം ഡോ.എസ്. ശ്രീകുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ. സന്തോഷ് കുമാർ, കോർപറേഷൻ കേരള റീജിയണൽ മാനേജർ ബി.ആർ.മനീഷ്, എസ്.ഐ.ഒ എ.മൻസൂർ, കൺസൾട്ടന്റ് ബി.ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |