SignIn
Kerala Kaumudi Online
Friday, 19 April 2024 6.27 AM IST

ഇന്ന് ഫയർ ഫോഴ്സ് ദിനം(ഡെക്ക്) ജലരക്ഷാനിലയം ഫയലിൽ ഉറങ്ങുന്നു

rr

ആലപ്പുഴ: കേരളത്തിലെ ആദ്യ ജലരക്ഷാ നിലയം ആലപ്പുഴയിൽ ആരംഭിക്കാനുള്ള നിർദ്ദേശം കടലാസിൽ ഉറങ്ങുന്നു. കായലാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ അപകടങ്ങളുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ, നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റിൽ നിലയം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം അഗ്‌നി രക്ഷാസേന 2020 മേയിലാണ് സർക്കാരിന് സമർപ്പിച്ചത്. പുതിയ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാതെ, കെട്ടിടം നിർമ്മിക്കാതെ, തസ്തികകൾ സൃഷ്ടിക്കാതെ സർക്കാരിന് സാമ്പത്തികമായി യാതൊരു വിധ ബാദ്ധ്യതകളും ഉണ്ടാകാതെ ജലരക്ഷാനിലയം സ്ഥാപിക്കാനുള്ള നിർദ്ദേശമാണ് സമർപ്പിച്ചത്. പുന്നമട നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റിൽ ടൂറിസം വകുപ്പിന്റെ പ്രധാന കെട്ടിടത്തിൽ നിലയത്തിന് അനുയോജ്യമായ 500 ചതുരശ്ര അടി വിസ്തീർണവും ടോയ്‌ലറ്റ് സൗകര്യവുമുള്ള ഒരു ഭാഗം താൽക്കാലികമായി വിട്ടു നൽകിയാൽ പുതിയ കെട്ടിടം നിർമ്മിക്കാതെ 'ജലരക്ഷാനിലയം' സ്ഥാപിക്കാം. എന്നാൽ തസ്തിക പുനർവിന്യാസത്തിന്റെ ഭാഗമായി ആലപ്പുഴ നിലയത്തിൽ നിന്ന് 37 ജീവനക്കാർ സ്ഥലം മാറിപ്പോയത് നിലയം യാഥാർത്ഥ്യമാകാനുള്ള പ്രതീക്ഷയ്ക്ക് വിലങ്ങുതടിയാവുകയാണ്.

അന്ന് കയർ; ഇന്ന് ഹൗസ്ബോട്ട്

കയർമേഖലയുടെ പ്രതാപം കെട്ടടങ്ങിയതോടെ അധിക ജീവനക്കാർ ആവശ്യമില്ലെന്ന് കണ്ടാണ് ആലപ്പുഴ ഫയർ ഫോഴ്സ് യൂണിറ്റിൽ നിന്ന് തസ്തികമാറ്റമുണ്ടായത്. അതേസമയം കയറിന് പകരം ഹൗസ് ബോട്ട് വ്യവസായം തഴച്ചുവളർന്നതോടെ, അപകട സാദ്ധ്യതകൾ കൂടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഹൗസ് ബോട്ട് വ്യവസായികൾ. വ്യവസായം ആരംഭിച്ച് 29 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, ഇതുവരെ ജില്ലയിൽ 17 ഹൗസ്ബോട്ടുകളാണ് പൂർണമായി കത്തി നശിച്ചത്. തീ പിടിച്ചുതുടങ്ങിയാൽ പരമാവധി 20 മിനിട്ടിനകം ഹൗസ് ബോട്ട് നാമവശേഷമാകും. ഈ സാഹചര്യത്തിലാണ് ഇരുപത് ഹോഴ്സ് പവർ സ്പീഡുള്ളതും ചുറ്റും കറങ്ങി വെള്ളം സ്പ്രേ ചെയ്യാൻ ശേഷിയുള്ളതുമായ ബോട്ടും, ജല ആംബുലൻസുമടക്കം ജലരക്ഷാനിലയം യാഥാർത്ഥ്യമാകണമെന്ന് ആവശ്യം ഉയരുന്നത്. വെള്ളത്തിൽ മുങ്ങുന്നയാളെ രക്ഷിക്കാൻ കേവലം ലൈഫ് ബോയ, ജാക്കറ്റ് എന്നിവയ്ക്ക് പുറമേ, ആധുനിക രക്ഷാസംവിധാനങ്ങളൊന്നും ആലപ്പുഴ നിലയത്തിലില്ല. കാലപ്പഴക്കത്താൽ ജീർണിച്ചതും വേഗത കുറഞ്ഞതുമായ രണ്ട് ചെറിയ ബോട്ടുകളാണുള്ളത്.

വർക്കിംഗ് അറേഞ്ച്മെന്റ് വരണം

ജലരക്ഷാ നിലയമെന്നത് ആലപ്പുഴയുടെ മാത്രം ആവശ്യമല്ല. ഭാവിയിൽ കുമരകത്തടക്കം ഇത്തരം കേന്ദ്രങ്ങൾ വരേണ്ടതുണ്ട്. പുതിയ തസ്കികൾ സൃഷ്ടിക്കാനാവില്ലെന്ന സാങ്കേതികത്വത്തിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കാതെ, വർക്കിംഗ് അറേഞ്ച്മെന്റ് പ്രകാരം താൽക്കാലിക ജീവനക്കാരെ നിയമിച്ച് നിലയം യാഥാർത്ഥ്യമാക്കണം.

.

ആലപ്പുഴ യൂണിറ്റ് ഡ്യൂട്ടി

 ആലപ്പുഴ നഗരസഭ

 16 പഞ്ചായത്തുകൾ

 കുട്ടനാട്

...................

ഇതുവരെ പൂർണമായി കത്തി നശിച്ചത് - 17 ഹൗസ് ബോട്ടുകൾ

...............

തീ അണയ്ക്കാൻ സംവിധാനമില്ല

പുന്നമട ഫിനിഷിംഗ് പോയിന്റിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിൽ തീ പടർന്നാൽ വെള്ളം സ്പ്രേ ചെയ്യാൻ പോർട്ട് അധികൃതർ രണ്ട് വർഷം മുമ്പ് പത്ത് ലക്ഷം രൂപ മുടക്കി പൈപ്പും ടാങ്കുകളും സ്ഥാപിച്ചിരുന്നു. എന്നാൽ ടാങ്ക് ബന്ധിപ്പിക്കാത്തതിനെ തുടർന്ന് പൈപ്പ് നിലവിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.

കലവൂർ ഭാഗത്തോ, ആലപ്പുഴ ചങ്ങനാശേരി റൂട്ടിലോ അപകടമുണ്ടായാലും, കുട്ടനാട്ടിലും ഓടേണ്ടത് ആലപ്പുഴ നിലയത്തിലെ ജീവനക്കാരാണ്. കുട്ടനാടൻ പ്രദേശങ്ങൾ എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകും. ഹൗസ്ബോട്ട് അപകടങ്ങളും സ്ഥിരമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിന് ജലരക്ഷാനിലയം വരേണ്ടത് അനിവാര്യമാണ്

-അഗ്‌നിരക്ഷാ സേനാംഗങ്ങൾ

ഏറ്റവും കൂടുതൽ ജീവനക്കാർ വേണ്ട യൂണിറ്റാണ് ആലപ്പുഴ ഫയർഫോഴ്സ്. കരയ്ക്കൊപ്പം വെള്ളത്തിലും ഒരേസമയം ഓടിയെത്തേണ്ടിവരും. ജീവനക്കാരുടെ കുറവ് വലിയ ദുരന്തത്തിന് വഴിവെയ്ക്കും. ജലരക്ഷാനിലയം വന്നില്ലെങ്കിൽ ഹൗസ് ബോട്ടുകൾ ഇനിയും പൂർണമായും കത്തിത്തീരും-

ജോസ്‌ കുട്ടി ജോസഫ്,സംസ്ഥാന പ്രസിഡന്റ്

ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.