SignIn
Kerala Kaumudi Online
Thursday, 18 April 2024 9.32 PM IST

നവോത്ഥാനത്തിന്റെ സിംഹ ഗർജ്ജനം

kk

ഡോ. ബി.ആർ. അംബേദ്ക്കർ ജയന്തി ഇന്ന്

......................................


ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലാണ് ഭാരതരത്നം ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. മദ്ധ്യപ്രദേശിലെ മോവയിൽ 1891 ഏപ്രിൽ 14ന് ജനിച്ച അദ്ദേഹത്തിന്റെ ജീവിതം ജാതി വ്യവസ്ഥയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടമായിരുന്നു. ഭരണഘടനാ ശില്പിയായ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയുമായിരുന്നു.

ദളിതനായതുകൊണ്ട് പഠനകാലത്ത് മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ തൊടാനോ അനുവാദം ലഭിച്ചിരുന്നില്ല. ഇതിനോടെല്ലാം പൊരുതിയാണ് പഠനം നടത്തിയത്. കഴിയുന്നത്ര പഠിക്കുകയെന്നതായിരുന്നു ലക്ഷ്യം. 'വിദ്യാഭ്യാസം സിംഹത്തിന്റെ മുലപ്പാലാണെന്നും അതു കഴിക്കുന്നവർക്ക് ഗർജ്ജിക്കാതിരിക്കാനാവില്ലെന്നും' പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി.

സ്വാതന്ത്ര്യം നേടുമ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ. രാജ്യത്തിനൊരു ഭരണഘടനയുണ്ടാക്കാൻ അംബേദ്കറുടെ നേത്വത്വത്തിൽ ഭരണഘടന ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. 141 ദിവസംകൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറാക്കപ്പെട്ടത് .1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26ന് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയെ മതേതര രാജ്യമായി പ്രഖ്യാപിച്ചതും സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതി നിർമ്മിക്കാനായതും, തുല്യനീതി ഉറപ്പാക്കി എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങൾ നിർണയിച്ചതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്.

1920 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടശേഷം ഇന്ത്യയിൽ നടത്തിയ പോരാട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയുടെ ശാപം ജാതി വ്യവസ്ഥയാണെന്ന് കാറൽ മാർക്സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും ജാതി ഘടന തടസ്സമാണെന്നും ആപത്‌ക്കരമാണെന്നും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിലയിരുത്തി മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്. ജാതിവ്യവസ്ഥയ്‌ക്കെതിരായ ഡോ. ബി.ആർ. അംബേദ്കറുടെ പോരാട്ടങ്ങൾ നിരന്തരവും ഇടതടവില്ലാത്തതും വീറുറ്റതുമായിരുന്നു. ചാതുർവർണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന മനുസ്മൃതി 1927 ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ പരസ്യമായി കത്തിച്ചത് സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല.

ഇന്ത്യയിൽ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവത്കരിക്കാനും നിലനിറുത്താനുമുള്ള എല്ലാ ശ്രമങ്ങളേയും അദ്ദേഹം നിഷ്‌കരുണം കടന്നാക്രമിച്ചു. ദൈവികതയുടെ ഭാഗമല്ല ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതിമത രഹിതമായ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. ജാതിവ്യവസ്ഥ തകരാതെ താഴേത്തട്ടിലിലുള്ളവരുടെ ഉന്നമനം സാദ്ധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജാതി വ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തകരൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച 'ജാതി നിർമൂലനം' എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് 'ആരാണ് ശൂദ്രൻ ?'.

സാർവദേശീയ, ദേശീയ സ്ഥിതിഗതികൾ വിലയിരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയുടെ തായ് വേരുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ വർത്തമാന ഇന്ത്യയിൽ ദ്രുതഗതിയിൽ നടക്കുന്നു. പൗരത്വബില്ലും, എൻ.ആർ.സി.യും ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതും ഭരണഘടനാസ്ഥാപനങ്ങളെ വരുതിക്ക് നിറുത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യത്വരഹിതമായ സാമൂഹ്യക്രമങ്ങൾ നിലനിന്നിരുന്ന രാജ്യത്തിനകത്ത് ജനാധിപത്യ പ്രകാശം പരിചയപ്പെടുത്തിയത് ഭരണഘടനയാണ്. ആ വിളക്കണയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്തുവിലകൊടുത്തും ചെറുക്കാൻ അംബേദ്കർ സ്മരണകൾ നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

മഹാമാരി പോലും കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കുകയാണ് യൂണിയൻ ഗവണ്മെന്റ് ചെയ്തത്. പട്ടിണിയും ദുരിതവും വർദ്ധിപ്പിക്കുന്ന നയസമീപനമാണ് അവർ തുടരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്നു. അവിടങ്ങളിൽ സംവരണത്തിലൂടെ നിയമനം ലഭിക്കേണ്ട പട്ടിക പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾപോലും ഇല്ലാതാക്കുന്നു.

സംസ്ഥാനങ്ങളുമായി അടിമഉടമ ബന്ധം നിലനിറുത്താനാണ് ആർ.എസ്.എസ്സിനാൽ നയിക്കപ്പെടുന്ന യൂണിയൻ ഗവൺമെന്റ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും വികസന പദ്ധതികൾക്ക് അനുമതി നൽകാതിരിക്കാനും ശ്രമിക്കുന്നു. മാത്രമല്ല മതാധിഷ്ഠിതമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മനുഷ്യത്വരഹിതമായ ജാതീയത ശക്തിപ്പെടുത്തുന്നുമുണ്ട്. ഭരണഘടന ഉറപ്പു നൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കുകയാണ് ആർ.എസ്.എസ്. ലക്ഷ്യം.

ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കേരളം ഇന്ത്യയ്ക്കും ലോകത്തിനും മുന്നിൽ തലയുയർത്തി നിൽക്കുന്നു. നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബദൽ നയങ്ങൾ നടപ്പാക്കുന്നു. പട്ടിക വിഭാഗമടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി പ്രീപ്രൈമറി മുതൽ പി.എച്ച്.ഡി.വരെ മികച്ച പഠന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ഒരു രാജ്യത്തെ ജനതയുടെ മനസ്സ് നിർഭയവും ശിരസ്സ് ഉന്നതവുമായി നിലനിൽക്കേണ്ടത് നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഭരണഘടന അട്ടിമറിക്കുന്നെന്ന് പറഞ്ഞാൽ രാജ്യത്തെ ജനതയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്.

'ഈ കാണുന്ന വിളക്കുകാലിൽ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല' എന്ന അംബേദ്കറുടെ പ്രഖ്യാപനം ഏറ്റെടുത്ത് ഭരണഘടന സംരക്ഷിക്കാനും, മതരാഷ്ട്ര നിർമ്മിതിയെ ചെറുക്കാനും ജാതിവെറിയെ പ്രതിരോധിക്കാനുമുള്ള പോരാട്ടങ്ങളിൽ പങ്കാളികളാകും എന്നതായിരിക്കണം ഈ ദിനത്തിൽ നാമെടുക്കേണ്ട പ്രതിജ്ഞ. അതിലൂടെയേ അദ്ദേഹത്തിന്റെ സ്മരണയോട് നീതിപുലർത്താൻ നമുക്ക് സാധിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMBEDKAR, DR BR AMBEDKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.