SignIn
Kerala Kaumudi Online
Friday, 19 April 2024 1.11 PM IST

ലാഭം ദുഃഖമത്രേ; നഷ്ടം സുഖപ്രദം!

photo

കണക്കു പറയുന്നതിനു മുമ്പ് ഒരു തമാശ. വൈദ്യുതി ബോർഡ് ഭരിക്കുന്നത് ചെയർമാനോ മന്ത്രിയോ എന്നാണ് ഉദ്യോഗസ്ഥ സംഘടനയുടെ സംശയം. കമ്പനിയിൽ ചെയർമാന്റെ അധികാരം വൈകിട്ടത്തെ ചായയ്ക്ക് പഴംപൊരി വേണോ അതോ പരിപ്പുവട മതിയോ എന്നതിൽ ഒതുങ്ങുമല്ലോ എന്ന് ഞാൻ മീറ്റിംഗിൽ തമാശ പറയാറുണ്ട്. ബാക്കിയെല്ലാം സംഘടനകൾ തീരുമാനിക്കുമെങ്കിൽ മാനേജ്മെന്റിന്റെ പങ്ക് എന്താണ്?​ കേട്ടിരുന്ന ഒരു രസികന്റെ മറുപടി ഇങ്ങനെ: സാർ,​ ശനിയാഴ്ചത്തെ ചായയ്ക്ക് വേണമെങ്കിൽ ഉണ്ടമ്പൊരി കൂടി ആലോചിക്കാം!

സംഘടനകൾ പറയുന്നത് കണ്ണും പൂട്ടി നിറവേറ്റുന്ന സേവകന്റെ സ്ഥാനമല്ല മാനേജ്മെന്റിന്. സർക്കാരും ഉപഭോക്താക്കളും അടക്കം എല്ലാവരും പറയുന്നത് മാനേജ്മെന്റ് കേൾക്കേണ്ടതുണ്ട്. അതേസമയം,​ കമ്പനിയുടെ ഭരണപരമായ ദൈനംദിന തീരുമാനങ്ങൾ കമ്പനി മാനേജ്മെന്റ് തന്നെ പരിശോധിച്ച് എടുക്കേണ്ടതുണ്ട്. നിയമപരമായ ഉത്തരവാദിത്വം മാനേജ്മെന്റിനും ഡയറക്ടർ ബോർഡിനുമുണ്ട് എന്ന് നിരവധി കേസുകളിൽ ഹൈക്കോടതി തന്നെ വിധിച്ചിട്ടുമുണ്ട്.

അധികാരം സർക്കാരിനു നിശ്ചയിച്ചിരിക്കുന്നിടത്ത് അപ്രകാരം തീരുമാനിക്കണം. മാനേജ്മെന്റിന്റെ സ്ഥാനത്താകെ സംഘടനകൾക്ക് കയറിനിന്ന് പ്രവർത്തിക്കാനാവില്ല. മാനേജ്മെന്റ് അഭിപ്രായം കേൾക്കുന്നതും,​ സമ്പൂർണ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അനാവശ്യ സമരങ്ങളും കോടതി വിധികൾ അവഗണിച്ചുള്ള സമരങ്ങളും കെ.എസ്.ഇ.ബി.യെ പിന്നോട്ടടിക്കുകയും നേടിയ ചെറിയ സാമ്പത്തിക നേട്ടം നിഷ്പ്രഭമാക്കുകയും ചെയ്യും.

സമരത്തിന്റെ ബാക്കിപത്രം

ഒരു ദിവസത്തെ പ്രക്ഷോഭം ഉപഭോക്താവിനു മേൽ സ‌ൃഷ്ടിക്കുന്ന ബാദ്ധ്യത 510 കോടി രൂപയുടേതാണ്. മാനേജ്മെന്റിനെ കൂടുതൽ പ്രൊഫഷണൽവത്‌കരിച്ച് ശക്തിപ്പെടുത്തേണ്ട ഘട്ടത്തിൽ,​ വേണ്ടത്ര പക്വതയില്ലാത്ത ഏതെങ്കിലും സംഘടനകളെ മാനേജ്മെന്റിന്റെ സ്ഥാനത്ത് സങ്കൽപ്പിച്ചാൽ ജോർജ്ജ് ഓർവെൽ ഭയപ്പെട്ട ഒരു വിചിത്ര ലോകത്താകും കേരളത്തിന്റെ ഊർജ്ജമേഖല എത്തിപ്പെടുക. കയറിപ്പോരാൻ കഴിയാത്ത നഷ്ടക്കയത്തിൽ കിടന്ന് അപ്പോൾ നമുക്ക് പറയേണ്ടി വരും,​ ലാഭമല്ല; നഷ്ടമല്ലോ സുഖപ്രദം എന്ന്. അതാണ് ഒഴിവാക്കേണ്ടത്.

വൈദ്യുതി ബോർഡ് 2021-22 വർഷം- പ്രത്യേകിച്ച് മൂന്ന് അവസാന പാദങ്ങളിൽ നേടിയ പ്രവർത്തനമിച്ചം 600 കോടിയോളം രൂപയാണ്. ബാദ്ധ്യതകളുടെ മൂല്യം കൂടി കണക്കാക്കിയാൽ ഇത് ആയിരം കോടിയാകാനും സാദ്ധ്യതയുണ്ട്. ഇതിന്റെ അർത്ഥം 26000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വില്പന സാദ്ധ്യതയുള്ള കേരളത്തിലെ വൈദ്യുതി വിപണി ലാഭകരമായ ബിസിനസ് തന്നെയാണ് എന്നാണ്!

ലാഭത്തിന്റെ അർത്ഥം


പൊതുമേഖലയിലുള്ള വൈദ്യുതി ബിസിനസിൽ 'ലാഭം' എന്നതിന് കുറഞ്ഞ ചെലവിലുള്ള പശ്ചാത്തല നിക്ഷേപ സാദ്ധ്യത എന്നേ അർത്ഥമാക്കാനുള്ളൂ. പ്രതിവർഷം പ്രവർത്തന മൂലധനത്തിനും മൂലധന നിക്ഷേപത്തിനും 1000-1500 കോടി രൂപ കടമെടുക്കുന്ന, 15,​000 കോടി രൂപ വിറ്റുവരവുള്ള എന്നാൽ 14,​600 കോടി സഞ്ചിത നഷ്ടവും 11,​000 കോടി ആകെ കടവുമുള്ള സ്ഥാപനമാണ് കെ.എസ്.ഇ.ബി. 2022 - 23 ൽ വരവും ചെലവും തമ്മിൽ 2500 കോടിയുടെ വ്യത്യാസവും,​ ആകയാൽ ശരാശരി യൂണിറ്റിന് 90 പൈസ താരിഫ് വർദ്ധനവും ആവശ്യപ്പെടുന്ന ബിസിനസിൽ നിലവിലെ ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ബാദ്ധ്യത തന്നെ 24,​000 കോടി രൂപയാണ്.

സർക്കാർ തന്നെ നൽകുന്ന സബ്സിഡികളുടെ പേരിലും മുൻ സർക്കാർ ജീവനക്കാരുടെ പെൻഷൻ ബാദ്ധ്യതകളുടെ പേരിലും പ്രതിവർഷം 1000- 1100 കോടി രൂപയുടെ ഇലക്ട്രിസിറ്റി ഡ്യൂട്ടി 2024 വരെ ബോർഡ് തന്നെ വിനിയോഗിച്ചുകൊള്ളാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. പക്ഷേ,​ ഇതും ബോർഡിന്റെ
വാർഷിക ചെലവിന് മതിയാകാതെ വരുന്നു. പെൻഷനായി പ്രത്യേക മാസ്റ്റർ ട്രസ്റ്റ് അടക്കം രൂപീകരിച്ച് വേണ്ടത്ര നിക്ഷേപിച്ച് പെൻഷൻ ബാദ്ധ്യത കമ്പനി ബിസിനസ് റിസ്‌കിൽ നിന്ന് സുരക്ഷിതമാക്കേണ്ടതായിരുന്നു. ഒരു രൂപ പോലും അപ്രകാരം ഇതുവരെ കമ്പനി ചെയ്തില്ല. ഇതുകൊണ്ട് 30,000 ത്തിലധികം പെൻഷൻകാരുടെ ഭാവി അനിശ്ചിതമാണ്. നയംമാറ്റം കൊണ്ടോ മറ്റ് പ്രവചനാതീത ദുരന്തങ്ങൾ കൊണ്ടോ ബിസിനസും വരവും മരവിക്കുകയോ കുറയുകയോ ചെയ്താൽ പെൻഷൻ മുടങ്ങുന്ന പക്ഷം രൂക്ഷമായ സാമൂഹിക പ്രതിസന്ധിയാകും ഉടലെടുക്കുക.

പെരുകുന്ന പ്രതിസന്ധി


കെ.എസ്.ആർ.ടി.സി. നേരിടുന്നതിലേറെയും, ഒരുപക്ഷേ സംസ്ഥാന സർക്കാരിന് സഹായിക്കാൻ കഴിയുന്നതിലുമേറെ വലിയ പ്രതിസന്ധി,​ പെൻഷനും ശമ്പളവും മുടങ്ങിയാൽ വൈദ്യുതി ബോർഡിലുണ്ടാകും. ഈ ചുവരെഴുത്ത് വായിക്കാതെ,​ കണ്ണടച്ച് ഇരുട്ടാക്കിയാണ് ബോർഡിൽ പലരും പ്രവർത്തിക്കുന്നത്. സ്വകാര്യ ദീർഘകാല
താപവൈദ്യുതി വാങ്ങലിൽ അപാകതകളുള്ള കരാറുകൾ പുനഃപരിശോധിക്കാൻ സർക്കാർ തലത്തിൽത്തന്നെ തീരുമാനിച്ചു. 800 കോടിയിൽപ്പരം രൂപയുടെ അധികച്ചെലവ്,​ വിലകുറഞ്ഞ സാഹചര്യത്തിൽ ഇങ്ങനെ ലാഭിക്കാം.

ഇങ്ങനെ വാങ്ങുന്നതും ഉത്‌പാദിപ്പിക്കുന്നതുമായ വൈദ്യുതി, വാങ്ങൽവില നിയന്ത്രിച്ചശേഷം
സാങ്കേതിക വിദ്യയിൽ ലാഭിക്കാവുന്ന ചെലവുകൾ ലാഭിക്കണം. പുതിയ കേന്ദ്ര വിതരണ മെച്ചപ്പെടുത്തൽ പദ്ധതിയിൽ 4000 കോടി രൂപ 60 ശതമാനം കേന്ദ്ര സഹായത്തോടെ ഫലപ്രദമായി ചെലവിട്ടാൽ മൂന്ന് ശതമാനം പ്രസരണ- വിതരണ നഷ്ടം കുറയ്ക്കാം. ഇതുമൂലം 1500 കോടി രൂപ പ്രതിവർഷം അധിക വരുമാനം നേടാം.

ജീവനക്കാർ അധികമോ?​

2011 മുതൽ ഐ.ഐ.എം. അടക്കം നൽകിയ ജീവനക്കാരുടെ പുനർവിന്യാസ ശുപാർശകൾ ഓരോ കാരണത്താൽ നീട്ടിക്കൊണ്ടുപോയി. 33,​000 സ്ഥിര ജീവനക്കാരും 10000 കരാർ തൊഴിലാളികളുമുള്ള ബോർഡിന് 43,​000 തൊഴിലിടങ്ങൾ വേണ്ടതിലധികമാണ്. 10 ശതമാനം അനാവശ്യമായ അഥവാ അധികമായ
തസ്തികകൾ ഒഴിവാകുകയോ പുനഃക്രമീകരിക്കുകയോ ചെയ്താൽത്തന്നെ പ്രതിവർഷം 50 കോടി രൂപ ലാഭിക്കാം.

ബോർഡിന്റെ കസ്റ്റമർ കെയർ നമ്പർ ആയ 1912 നിലവിലുണ്ടെങ്കിലും എല്ലാ കമ്പനി ഫോണിലും പരാതികൾ വന്നുകൊണ്ടിരിക്കുന്നു. പ്രതിദിനം ശരാശരി 5000 പരാതികൾ കൈകാര്യം ചെയ്യുന്ന 1912 നമ്പർ
കസ്റ്റമർ കെയർ നിലനിറുത്തുന്നത് ശമ്പള ഇനത്തിൽ മാത്രം 10 കോടി രൂപ ചെലവിട്ടാണ് . സ്വകാര്യ കോൾ കമ്പനികളിൽ കോൾ ഏജന്റിന്റെ ശരാശരി ശമ്പളം 1.2 ലക്ഷം രൂപയാണ് എന്നോർക്കണം.

ടീ ഷർട്ടും കാറും

നഷ്ടമത്രെ!

കമ്പനി ടീ ഷർട്ട്, ഇ- കാർ എന്നിവ വാണിജ്യ നഷ്ടമുണ്ടാക്കും എന്ന വാദം ശരിയല്ല. സംസ്ഥാനത്ത് 30,​000 വരുന്ന ബോർഡ് ജീവനക്കാർ ഒരേ ടീഷർട്ട് അണിയുന്നതിന്റെ ബ്രാൻഡ് ഇമേജ് കമ്പനിക്ക് ഉണ്ടാകട്ടെ എന്നു കരുതി ഏർപ്പെടുത്തിയ ടീ ഷർട്ടിന് ഇതുവരെ ചെലവിട്ടത് ഒരു ലക്ഷം രൂപയോ മറ്റോ ആണ്. ബോർഡ് യൂണിഫോം ഏകപക്ഷീയമായി മാറ്റി എന്നായിരുന്നു തെറ്റായ പ്രചാരണം.

ഇ - കാറുകൾ ബോർഡ് 2018-ലും വാങ്ങിയതും വിജയകരമായി നടപ്പാക്കിയതുമാണ്. 185 സ്വന്തം വാഹനങ്ങളുള്ള ബോർഡിൽ പടിപടിയായി ഗതാഗതം ഇലക്ട്രിക്കാക്കണം എന്നത് കാലത്തിന്റെ ആവശ്യമാണ്. പ്രതിവർഷം ഇന്ധന ചെലവിൽ 15 ലക്ഷം രൂപ ലാഭിക്കാമെന്നു കണ്ടാണ് 65 ഇലക്ട്രിക് കാർ കുറഞ്ഞ വിലയിലും എണ്ണത്തിലും വാങ്ങിയത്. കെ.എസ്.ഇ.ബി.യിൽ ഇ - കാർ തുടങ്ങിവച്ചവർ തന്നെ ഇപ്പോൾ അത് മെച്ച്വർ ടെക്‌നോളജിയല്ലെന്ന് പറയുന്നതിലെ വൈരുദ്ധ്യം കാണണം. 2018 ൽ മെച്ചമായ പരിഷ്കാരം 2022 ൽ മോശമാകുന്നത് എങ്ങനെ?​ ബോർഡിന്റെ ആസ്തികൾക്ക് ആര്,​ എപ്പോൾ സംരക്ഷണം നൽകണം; അവർ ഏതു ടീ ഷർട്ട് ധരിക്കണം എന്നതൊക്കെ മാനേജ്മെന്റിന്റെ വിവേചനത്തിനും കുറെ വിട്ടുകൊടുക്കുക. അതിൽ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നത് ഒന്നുമില്ല.

(അഭിപ്രായങ്ങൾ വ്യക്തിപരം)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.