SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.42 AM IST

നിയമ വിദ്യാഭ്യാസ രംഗത്തെ കുലപതി

narayanannair
narayanannair

ഡോ. എൻ. നാരായണൻ നായരുടെ

ഒന്നാം ചരമവാർഷിക ദിനം ഇന്ന്

കാലോചിത മാറ്റങ്ങൾക്കനുസൃതമായി നിയമ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിനും അത് സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനും നിസ്തുല സംഭാവന നൽകിയ ലാ അക്കാഡമി ഡയറക്ടർ ഡോ.എൻ. നാരായണൻ നായർ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന നിത്യസ്മരണകളാണ് തിരുവന്തപുരത്തെ കേരള ലാ അക്കാഡമി ലാ കോളേജും എറണാകുളത്തെ ദേശീയ നിയമ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (നുവാൽസ്).

1927 ഓഗസ്റ്റ് 30 ന് തിരുവന്തപുരത്തു ജനിച്ച നാരായണൻ നായർ സംസ്ഥാനത്ത് ആദ്യമായി നിയമത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പ്രതിഭയാണ്. നിയമ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കോടെയായിരുന്നു അദ്ദേഹത്തിന്റെ ജയം. തുടർന്ന് തിരുവനന്തപുരം ഗവ. ലാ കോളേജിൽ അദ്ധ്യാപനം ആരംഭിച്ച അദ്ദേഹത്തിന്റെ ആശയമായിരുന്നു നിയമ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയമേഖലയിലെ പഠനകേന്ദ്രം.

പ്രമുഖ നിയമജ്ഞനായ വി.ആർ. കൃഷ്ണയ്യരുടെയും മറ്റും പ്രോത്സാഹനത്തിലും നേതൃത്വത്തിലുമാണ് 1968- ൽ കേരള ലാ അക്കാഡമി സ്ഥാപിച്ചത്. പരിമിത സീറ്റുകളോടെ മൂന്ന് സർക്കാർ ലാ കോളേജുകൾ മാത്രമുള്ള അക്കാലത്ത് സംസ്ഥാനത്തിനു പുറത്ത് തലവരി കൊടുത്ത് നിയമ വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത,​ സമർത്ഥരായ പലർക്കും ലാ അക്കാഡമി വലിയ സഹായമായി. അക്കാഡമിയിൽ പ്രവേശനത്തിന് ഒരിക്കലും ഒരു രൂപയും തലവരിയായി നാരായണൻ നായർ വാങ്ങിയില്ല.

ലാ അക്കാഡമിയിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും മന്ത്രിമാരും നിയമസഭാംഗങ്ങളും വൈസ്ചാൻസലർമാരുമൊക്കെയായി. വിശാലമായ ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹത്തിന് രാഷ്ട്രീയഭേദമില്ലാതെ വലിയ സൗഹൃദ വലയമുണ്ടായിരുന്നു. 2002- ൽ കേരള ബാർ കൗൺസിൽ അംഗമായിരിക്കെ, എറണാകുളത്ത് ഒരു ഉന്നത നിയമ പഠന കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബാർ കൗൺസിൽ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ മാനേജിങ് ട്രസ്റ്റി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയായിരുന്നു കലൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്ന നിയാൽസിന് തുടക്കം.

കൊച്ചിയുടെ നഗരഹൃദയത്തിൽ,​ രണ്ടേക്കർ സ്ഥലവും ഒഴിഞ്ഞുകിടന്ന പഴയ കലൂർ ഗവ. ഗേൾസ് സ്‌കൂൾ കെട്ടിടവും സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത് ക്ലാസ്സുകൾ തുടങ്ങുന്നതിന് അന്നത്തെ ബാർ കൗൺസിലിന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷീണ പ്രയത്നങ്ങളുടെ ഫലമായാണ് ബാംഗ്ലൂരിലെ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യയുടെ മാതൃകയിൽ 2005ൽ നിയാൽസ് സംസ്ഥാന സർക്കാർ നിയമത്തിലൂടെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആയി തലയുയർത്തിയത്.

കേരള സർവകലാശാലാ സെനറ്റ് അംഗമെന്ന നിലയിൽ 50 വർഷവും സിൻഡിക്കേറ്റിൽ 30 വർഷവും സജീവ സാന്നിദ്ധ്യമായിരുന്നു നാരായണൻ നായർ. നിയമവിഭാഗം ഡീൻ, അക്കാഡമിക് കൗൺസിൽ അംഗം, ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, ഗവേഷണ ഗൈഡ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിൽ നിയമവിദ്യാഭ്യാസ പുരോഗതിക്കും അഭിഭാഷക സമൂഹത്തിനും വേണ്ടി നിലകൊണ്ട നാരായണൻ നായരുടെ ഒരു പൊതു സ്മാരകം തലസ്ഥാനത്ത് സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആ പ്രതിഭാധനന്റെ ശിഷ്യസമൂഹം.


(നുവാൽസ് രജിസ്ട്രാർ ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARAYANANNAYAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.