ആലപ്പുഴ: പഠനം രസകരമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളൊരുങ്ങുന്നു. ജോഗ്രഫി വിഷയമുള്ള ജില്ലയിലെ 11 ഹയർസെക്കൻഡറി സ്കൂളുകളിലാണ് വെതർ സ്റ്റേഷൻ ആരംഭിക്കുക. ഇവയിൽ നിന്ന് ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങൾ സമഗ്രശിക്ഷ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. മാറുന്ന സാഹചര്യത്തിലെ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ മുതലായ നിരീക്ഷണ സാദ്ധ്യതകൾ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പരിചയപ്പെടാൻ അവസരമുണ്ടാകും. ഗവേഷണാത്മക പഠനത്തിന്റെ വലിയൊരു സാദ്ധ്യത ഇതിലൂടെ കുട്ടികൾക്ക് നൽകാൻ കഴിയുമെണ് അധികൃതർ കണക്കുകൂട്ടുന്നത്. സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ പ്രവർത്തിക്കുക. ഭാവിയിൽ കൂടുതൽ സാദ്ധ്യതകൾ പ്രതീക്ഷിക്കാവുന്ന ജോഗ്രഫി പഠനത്തിൽ സ്കൂൾതലം തൊട്ട് തന്നെ കൂടുതൽ പരിശീലനം ലഭിക്കാൻ പുത്തൻ സംരംഭം ഉപകരിക്കും. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ചു ചാർട്ടുകളിൽ രേഖപ്പെടുത്തുകയാവും പ്രധാന ജോലികൾ.
ഓരോ സമയത്തും പ്രാദേശികമായി സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം നിർണയിച്ചു ജനങ്ങൾക്ക് കൈമാറാൻ ഇതിലൂടെ കഴിയും. കുട്ടികളാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും നിരീക്ഷണം നടത്തുന്നതും. ജില്ലയിൽ ഓരോ സ്കൂളിനും 53225 രൂപാ വീതം അനുവദിച്ചു നൽകിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡി.എം.രജനീഷ് പറഞ്ഞു. വെതർ സ്റ്റേഷൻ സുരക്ഷാ ക്രമീകരണത്തിനായി 5000 രൂപ ഇതിൽ നിന്നും വിനിയോഗിക്കാം.
പ്രധാന ഉപകരണങ്ങൾ
തെർമോമീറ്റർ
വൈറ്റ് ഡ്രൈ ബൾബ് തെർമോമീറ്റർ
വെതർ ഫോർകാസ്റ്റർ
മഴമാപിനി
വിൻഡ് വേവ്
വെതർ ഡേറ്റാ ബുക്ക്
വെതർ ഡേറ്റാ ഡിസ്പ്ലേ ബോർഡ്
ഓരോ സ്റ്റേഷനിലും ആകെ ഉപകരണങ്ങൾ - 13
ഓരോ സ്കൂളിനും അനുവദിക്കുന്നത് : ₹ 53225
വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്ന സ്കൂളുകൾ
ഗവ.എം.എച്ച്.എസ്.എസ്, അമ്പലപ്പുഴ
ഗവ.എച്ച്.എസ്.എസ്, ആല, ചെങ്ങന്നൂർ
ഗവ.എം.ബി.എച്ച്.എസ്.എസ്, ഹരിപ്പാട്
ഗവ.ബോയ്സ് എച്ച്.എസ്.എസ്, കായംകുളം
ഗവ.എച്ച്.എസ്.എസ്, കുന്നം, മാവേലിക്കര
ഗവ.എച്ച്.എസ്.എസ്, പെരുമ്പളം,ചേർത്തല
ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം
ഗവ.എച്ച്.എസ്.എസ്, തിരുവൻവണ്ടൂർ
ഗവ.എച്ച്.എസ്.എസ്, ബുധനൂർ
ഗവ.എച്ച്.എസ്.എസ്, അങ്ങാടിത്തൽ, ചെങ്ങന്നൂർ
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നൽകും. കുട്ടികളുടെ പഠനത്തിനൊപ്പം പൊതുജനത്തിന് പ്രാദേശികമായി കാലാവസ്ഥാ വ്യതിയാനങ്ങൾ അറിയാനും സാധിക്കും
- ഡി.എം.രജനീഷ്, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, സമഗ്ര ശിക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |