SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.16 AM IST

വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറട്ടെ

ugc

അടുത്ത അദ്ധ്യയന വർഷം മുതൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ അല്ലെങ്കിൽ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ അനുവദിക്കുന്ന മാർഗരേഖ യു.ജി.സി പുറത്തിറക്കിയിരിക്കുകയാണ്. ഇതുപ്രകാരം ആർട്സ്, സയൻസ് വിഷയങ്ങൾ ഒന്നിച്ച് പഠിക്കാം. കൂടാതെ കരിക്കുലർ, എക്സ്ട്രാ കരിക്കുലർ, വൊക്കേഷണൽ, അക്കാഡമിക് എന്നീ വേർതിരിവുകളില്ലാതെ പഠനം സാദ്ധ്യമാകും. സീറ്റുകളുടെ കുറവുമൂലം സ്ഥാപനങ്ങൾ കൂടുതൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. സീറ്റ് കിട്ടിയില്ലെന്ന കാരണത്താൽ ഇഷ്ടവിഷയം പഠിക്കാനുള്ള അവസരം മുൻകാലങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് നഷ്ടമായിരുന്നു. ഓൺലൈൻ വിദ്യാഭ്യാസം എന്ന ഒരു സങ്കല്പമേ അന്നുണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് പ്രതിസന്ധി ഓൺലൈൻ വിദ്യാഭ്യാസം ബദൽ മാർഗമാണെന്ന് പഠിപ്പിച്ചു. രണ്ട് കോഴ്‌സുകളുടെയും ക്ളാസുകൾ ഒരേ സമയത്താകരുതെന്ന് മാർഗരേഖയിൽ പറയുന്നു. ഒരു ഫുൾടൈം ഓഫ്‌ ലൈൻ കോഴ്സും ഒരു ഓപ്പൺ വിദൂരവിദ്യാഭ്യാസ കോഴ്സും ഒരേസമയം പഠിക്കാം. അല്ലെങ്കിൽ ഓൺലൈൻ കോഴ്സും തിരഞ്ഞെടുക്കാം. പി.എച്ച്.ഡി പ്രോഗ്രാമുകൾ ഒഴികെയുള്ളതിനാണ് ഈ സൗകര്യം നൽകുന്നത്. ഇരട്ട വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ഉപകരിക്കും. സമർത്ഥരായവർക്ക് അവരുടെ മിടുക്കിലൂടെ അധിക യോഗ്യത ഒരേസമയം നേടാനും ഇത് അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെയും തൊഴിൽ സാദ്ധ്യതകളുടെയും മുഖച്ഛായ മാറ്റുന്നതാണ് ഈ പരിഷ്കരണം. കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിക്ക് അതേസമയം തന്നെ സായാഹ്ന ബാച്ചിൽ ചേർന്ന് നിയമബിരുദത്തിനും പഠിക്കാം. മൂന്ന് വർഷത്തെ ബിരുദ കോഴ്സിന് പഠിക്കുന്നവർക്ക് ഓരോവർഷവും പ്രത്യേക സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമുണ്ട്. ആദ്യവർഷത്തേത് സർട്ടിഫിക്കറ്റ് കോഴ്സ്. രണ്ടാം വർഷം പാസായാൽ ഡിപ്ളോമ ലഭിക്കും. മൂന്നാംവർഷം കഴിയുമ്പോൾ ബിരുദം ലഭിക്കും. ബിരുദത്തിനൊപ്പം സാങ്കേതിക വിഷയങ്ങളിലും ഡിപ്ളോമ നേടാൻ കഴിയുമെന്നത് ഗൾഫിലേക്കും മറ്റും പോകുന്ന കേരളത്തിൽ നിന്നുള്ള യുവാക്കൾക്ക് ഒട്ടേറെ തൊഴിൽ സാദ്ധ്യത തുറന്നു നൽകും. അഫിലിയേറ്റഡ് കോളേജ് സമ്പ്രദായം ക്രമേണ മതിയാക്കി കോളേജുകളെ ബിരുദം നൽകാൻ പ്രാപ്തമായ ഓട്ടോണമസ് സ്ഥാപനങ്ങളാക്കുക എന്ന വിദൂരലക്ഷ്യമാണ് ഈ നയങ്ങൾക്കുള്ളത് 15 വർഷത്തിനകം അഫിലിയേറ്റഡ് കോളേജുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ നിന്ന് മുക്തമാക്കി സർവകലാശാലകളിൽ ഗവേഷണത്തിന് കൂടുതൽ പ്രാമുഖ്യം നൽകുക തുടങ്ങിയവയും നയത്തിന്റെ ഭാഗമാണ്.

സർക്കാരിന്റെ പിന്തുണയിൽ എന്നും സർവകലാശാലകൾക്ക് മുന്നോട്ട് പോകാം എന്നത് ഇനി അധികകാലം സാദ്ധ്യമല്ല. അങ്ങനെ വരുമ്പോൾ ഓരോ സർവകലാശാലകളും വ്യത്യസ്തത പുലർത്തി വളരാൻ നിർബന്ധിതമാകും. അങ്ങനെ വരുമ്പോഴും ഇപ്പോൾ നിയമനങ്ങളിലും പ്രവേശനത്തിലും മറ്റും പുലർത്തുന്ന സാമൂഹ്യനീതി അട്ടിമറിക്കപ്പെടാതിരിക്കാൻ അതത് സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.