SignIn
Kerala Kaumudi Online
Thursday, 25 April 2024 7.14 AM IST

സ്വപ്നങ്ങളുടെ ചിറക് അരിയുന്നവർ

flight
സത്രം എയർസ്ടിപ്പിൽ പരീക്ഷണ പറക്കൽ നടത്തുന്ന എൻ.സി.സിയുടെ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യൂ -80

സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലെന്ന് പറയാറുണ്ട്. എന്നാൽ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് കാണുമ്പോൾ ചിലർക്ക് അത്ര സുഖിക്കില്ല. ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് നിർമാണം പൂർത്തിയാകുന്ന എൻ.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പ് ഇത്തരത്തിലൊരു സ്വപ്നസാക്ഷാത്കാരമാകേണ്ടതാണ്. എന്നാൽ ചില പരിസ്ഥിതി സംഘനകളും സർക്കാർ വകുപ്പുകളും തുടക്കം മുതൽ പദ്ധതിക്ക് ഇടങ്കോലിടാനാണ് ശ്രമിക്കുന്നത്. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും ജില്ലയ്ക്ക് വലിയ മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കേഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന കേരള എയർ വിംഗ് എൻ.സി.സി 200 സീനിയർ വിംഗ് കേഡറ്റുകൾക്ക് ഫ്ളൈയിംഗ് പരിശീലനവും 1800 കേഡറ്റുകൾക്ക് വിമാനങ്ങളുടെ മാതൃക നിർമ്മാണ ക്ലാസുകളും 1960 മുതൽ തിരുവനന്തപുരത്താണ് നൽകിയിരുന്നത്. 2014ൽ പറക്കൽ പരിശീലനം നിറുത്തി. തുടർന്ന് എൻ.സി.സിയുടെ ആവശ്യപ്രകാരം എയർസ്ട്രിപ്പ് നിർമ്മാണത്തിനായി സർക്കാർ ആദ്യഘട്ടത്തിൽ 12 ഏക്കർ സ്ഥലം ഇടുക്കിയിൽ അനുവദിക്കുകയായിരുന്നു. മഞ്ചുമല വില്ലേജിൽ റവന്യൂ വകുപ്പ് അനുവദിച്ച സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. 650 മീറ്രർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള 1200 ചതുരശ്ര അടിയുള്ള ഹാങ്ങർ, കമാൻഡിങ് ഓഫീസറുടെ ആഫീസ്,​ ടെക്‌നിക്കൽ റൂം, കേഡറ്റുകൾക്കുള്ള താമസസൗകര്യം എന്നിവയുടെ നിർമാണം പൂർത്തിയായിരുന്നു. എയർസ്ട്രിപ്പിന്റെ ഇതുവരെയുള്ള നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് വിഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയർസ്ട്രിപ്പ് നിർമിക്കുന്നത്. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11.5 ഏക്കർ ഭൂമി കൂടി എൻ.സി.സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പ് ഇതിന് തടസവാദം ഉന്നയിച്ചു. നിർമാണം ഏകദേശം പൂർത്തിയായതിനെ തുടർന്ന് എട്ടിന് എൻ.സി.സിയുടെ നേതൃത്വത്തിൽ എയർസ്ട്രപ്പിൽ പരീക്ഷണ പറക്കൽ നടത്തി. ഡൽഹിയിൽ നിന്നെത്തിയ എൻ.സി.സിയിലെ സീനിയർ ടെക്‌നിക്കൽ ടീമായ എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡൽ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യു- 80 ആണ് പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. രാവിലെ 9.55 ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത എൻ.സി.സി പരിശീലന വിമാനം 10.35ന് മഞ്ചുമലയിലെത്തി. എന്നാൽ അഞ്ച് തവണ താഴ്ന്നു പറന്നിട്ടും വിമാനം റൺവേയിലിറക്കാനായില്ല. റൺവേയുടെ നീളക്കുറവും എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയുമാണ് വിമാനത്തിന്റെ ലാൻഡിംഗിന് തടസമായത്. വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്താൽ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്നാണ് എൻ.സി.സി ഡയറക്ടർ അറിയിച്ചത്. നേരത്തെ സ്ഥലമേറ്റെടുക്കുന്നതിന് വനംവകുപ്പ് അനുമതി നൽകിയിരുന്നെങ്കിൽ ഈ മൺതിട്ട നീക്കുകയും റൺവേയ്ക്ക് അൽപ്പം കൂടി നീളം കൂട്ടുകയും ചെയ്യാമായിരുന്നു.

പദ്ധതിക്കെതിരെ പരിസ്ഥിതി വാദികൾ

ഇതിനിടെ ചില പരിസ്ഥിതിവാദികളും പദ്ധതിക്കെതിരെ രംഗത്തുണ്ട്. എയർസ്ട്രിപ്പ് നിർമിക്കുന്നതിനെതിരെ തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മഞ്ജുമല വില്ലേജിൽ 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം- പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ചെറു വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലുള്ള എയർസ്ട്രിപ്പ് പെരിയാർ ടൈഗർ റിസർവിന് സമീപത്താണ് നിർമിക്കുന്നത്. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഈ എയർസ്ട്രിപ്പ്. ഇതിൽ 200 കുട്ടികൾക്ക് ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. എന്നാൽ കേവലം എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന ഒരു എയർസ്ട്രിപ്പിനപ്പുറം ദുരന്തനിവാരണത്തിനും ടൂറിസത്തിനുമടക്കം ഉപയോഗിക്കാവുന്ന ഒരു പദ്ധതിയാണ് ഇവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന മറുവാദം ശക്തമാണ്. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്‌സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും. എയർസ്ട്രിപ്പിനോടനുബന്ധിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനും സർക്കാർ ആലോചിക്കുന്നുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാർ ഡാമടക്കമുള്ള ആശങ്കയയുർത്തുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിനടക്കം ഉപയോഗിക്കാം. എന്നാൽ സ്ഥലമേറ്റെടുപ്പിന് വനംവകുപ്പും പരിസ്ഥിതിസംഘടനകളും എതിര് നിൽക്കുന്നതാണ് തടസം.

നിരാശവേണ്ട, ഇനിയും പറന്നിറങ്ങും

വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ച എൻ.സി.സിയുടെ എയർസ്ട്രിപ്പിൽ നടത്തിയ ആദ്യ പരീക്ഷണ പറക്കലിൽ വിമാനത്തിന് റൺവേയിലിറങ്ങാനായില്ലെങ്കിലും നിരാശ വേണ്ടെന്നാണ് അധികൃതർ പറയുന്നത്. കുറവുകൾ നികത്തി അടുത്തതവണ വിമാനം ലാൻഡ് ചെയ്യുമെന്ന് മന്ത്രി ആർ. ബിന്ദുവും വാഴൂർ സോമൻ എം.എൽ.എയും ഉറപ്പ് നൽകുന്നു. എൻ.സി.സി ആവശ്യപ്പെട്ട സാങ്കേതിക തടസങ്ങൾ ഉടൻ നീക്കുമെന്നും സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന ലാൻഡിംഗ് ഉദ്ഘാടനം ചെയ്യുമെന്നുമാണ് മന്ത്രി പറയുന്നത്. എൻ.സി.സി ചൂണ്ടിക്കാണിച്ച പോരായ്മകൾ നികത്തി എത്രയും വേഗം അടുത്ത പരീക്ഷണ പറക്കൽ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. 15 ദിവസത്തിനകം അടുത്ത ട്രയൽ റൺ നടത്തുമെന്ന് എൻ.സി.സി അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.