തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി പറയും. വീട്ടാവശ്യത്തിൽ കൂടുതൽ ഉത്പാദനമുണ്ടെങ്കിൽ അതിനു പണം കിട്ടുമെന്ന് വാഗ്ദാനവും. ഇതൊക്കെ കേട്ട് 2.51 ലക്ഷം മുടക്കിയപ്പോൾ, വെറും 2000 രൂപയുടെ നെറ്റ്മീറ്റർ സ്റ്റോക്കില്ലെന്നു പറഞ്ഞ് കെ.എസ്.ഇ.ബിയുടെ തരികിട.
പുരപ്പുറ സോളാർ പ്ലാന്റിനെ കെ. എസ്. ഇ. ബി ഗ്രിഡുമായി ബന്ധിപ്പിച്ച്, പ്ലാന്റിൽ നിന്ന് ഗ്രിഡിലേക്ക് നൽകുകയും ഗ്രിഡിൽ നിന്ന് വീട്ടാവശ്യത്തിന് സ്വീകരിക്കുകയും ചെയ്യുന്ന വൈദ്യുതിയുടെ യൂണിറ്റ് അളവ് രേഖപ്പെടുത്തുന്ന ടൂ വേ മീറ്ററാണിത്. ഈ മീറ്റർ റീഡിംഗിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താവിന്റെ ബിൽ തയ്യാറാക്കുന്നത്. നെറ്റ് മീറ്റർ ഘടിപ്പിക്കാതെ പ്ലാന്റ് പ്രവർത്തനം തുടങ്ങാനാവില്ല.
തിരുവനന്തപുരത്ത് സ്റ്റാച്യുവിനടുത്ത് താമസിക്കുന്ന കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായിരുന്ന ഡോ.ആർ.ജയപ്രകാശിനാണ് ഈ ദുരനുഭവം. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇത്തരം കുരുക്കുകളിൽ ഉഴലുന്നത്.
പുരപ്പുറത്ത് 5 കിലോവാട്ട് സോളാർ നിലയം സ്ഥാപിക്കാൻ മാർച്ചിൽ അപേക്ഷ നൽകി. കോയമ്പത്തൂരിലെ കോണ്ടാസ് ഒാട്ടോമേഷൻ എന്ന കമ്പനിക്ക് കെ.എസ്.ഇ.ബി വഴി കരാറും നൽകി. സോളാർ പാനലും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ച് ടെസ്റ്റും നടത്തി.നെറ്റ്മീറ്റർ പൊതുവിപണിയിൽ നിന്നു വാങ്ങി നൽകാമെന്ന് കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും അനുവദിച്ചില്ല.
കെ.എസ്.ഇ.ബി ഒാഫീസിൽ നേരിട്ടും ഫോണിലും പല തവണ ബന്ധപ്പെട്ടു. എൻജിനിയർ ലീവിലാണെന്ന് ആദ്യം പറഞ്ഞു. അദ്ദേഹം സമരത്തിലാണെന്നും സമരമൊക്കെ കഴിഞ്ഞ് വരണമെന്നുമായി പിന്നീട്. വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോഴാണ് നെറ്റ് മീറ്റർ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഒഴിയാൻ ശ്രമിച്ചത്. ഇത്രയുമധികം ആളുകൾ സോളാർ പാനൽ വാങ്ങുമെന്ന് കരുതിയില്ലത്രേ!
സ്റ്റോക്കുണ്ട്, അന്വേഷിച്ച് നടപടി
സോളാർ പ്ളാന്റ് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയെന്ന് സോളാർ എനർജിയുടെ ചുമതലയുള്ള റീസ് വിഭാഗം ഡയറക്ടർ ആർ.സുകു പറയുന്നു. തിരുവനന്തപുരത്ത് മാത്രം 45 മീറ്റർ സ്റ്റോക്കുണ്ട്. തെക്കൻ മേഖലയിൽ 658 എണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് 2872 മീറ്റർ ഇപ്പോഴുണ്ട്. എന്നിട്ടും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതിനെതിരെ ഇടപെടും. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും.
4909 വീടുകളിൽ സോളാർ
26,614 പേരാണ് സോളാർ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത്
4909 വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനം തുടങ്ങി
60.587 മെഗാവാട്ടായി സോളാർ വൈദ്യുതി ഉത്പാദനം വർദ്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |