ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും സെപ്തംബറിൽ ആരംഭിക്കും
ടൊവിനോ തോമസ് വീണ്ടും എസ്.ഐയാകുന്നു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന എസ് .െഎയുടെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
അലൻസിയർ, നന്ദു, ഹരീഷ് കണാരൻ, ആദ്യ പ്രസാദ് ഉൾപ്പെടെ നിരവധി താരങ്ങളും ഒാഡിഷനിലൂടെ കണ്ടെത്തുന്നവരും ചിത്രത്തിന്റെ ഭാഗമാകുന്നു. എന്നാൽ ചിത്രത്തിൽ ടൊവിനോ തോമസിന് നായികയില്ല. ''റിയലിസ്റ്റിക് സ്വഭാവമുള്ള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും അന്വേഷിപ്പിൻ കണ്ടെത്തും.എസ്.െഎ ആനന്ദ് നാരായണൻ കേസ് അന്വേഷണത്തിനിടെ നേരിടുന്ന കഷ്ടപ്പാടുകൾ, തുടർന്നും നടത്തുന്ന അന്വേഷണവും കണ്ടെത്തലും. അതാണ് അന്വേഷിപ്പിൻ കണ്ടെത്തും."" സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. ജോണി ആന്റണി, ജിനു എബ്രഹാം എന്നിവരുടെ ശിഷ്യനാണ് ഡാർവിൻ കുര്യാക്കോസ്.കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലായി സെപ്തംബർ മാസം ചിത്രീകരണം ആരംഭിക്കും.
തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമും, സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്റെ ഇരട്ട സഹോദരനുമായ ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജിന്റെ കടുവയ്ക്കുശേഷം ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സന്തോഷ് നാരായണൻ ഇൗ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു. തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. വേണു സംവിധാനം ചെയ്യുന്ന കാപ്പ ആണ് ആദ്യ ചിത്രം. അതേസമയം കൽക്കി എന്ന ചിത്രത്തിനുശേഷം ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷം അണിയുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ടൊവിനോ പൂർത്തിയാക്കി. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും പൂർത്തിയാക്കി. നവാഗതനായ വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന വാശി ആണ് റിലീസിന് ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക്, ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ടൊവിനോയാണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |