Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണും നട്ട് രണ്ട് പെൺ സിംഹങ്ങൾ

mamtha-

പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുംനട്ട് രണ്ട് പെൺ സിംഹങ്ങൾ. രണ്ടു പേർക്കും ഏറക്കുറെ ഒരേ പ്രായം. വിവാഹം വേണ്ടെന്നുവച്ച് രാഷ്‌ട്രീയത്തെ സ്വയം വരിച്ചവർ. അതതു സംസ്ഥാനത്തെ ഉരുക്കുവനിതകൾ. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ അഭ്യൂഹങ്ങളത്രയും മമതാ ബാനർജിയെയും മായാവതിയെയും ചുറ്റിപ്പറ്റിയാണ്. പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദിക്കോ രാഹുൽ ഗാന്ധിക്കോ നടന്നു കയറാനാവുന്നില്ലെങ്കിൽ അനന്തരം എന്തെന്ന രാഷ്‌ട്രീയ കഥയിലെ വീരനായികമാർ.

സർക്കാർ രൂപീകരണത്തിനു വേണ്ടുന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനാകുമെന്ന് ബി.ജെ.പിക്ക് അത്രകണ്ട് തീർച്ച പോരാ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ വെറും 44 സീറ്റിന്റെ നാണക്കേടിലൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇത്തവണ 120 സീറ്റിനപ്പുറത്തേക്ക് എത്തുകയെന്നതു പോലും വലിയ സ്വപ്‌നം. പിന്തുണയ്‌ക്കുമെന്നു പ്രതീക്ഷിക്കുന്ന ദക്ഷിണേന്ത്യൻ പ്രാദേശിക നേതാക്കൾക്ക് സ്വന്തം താത്‌പര്യങ്ങൾ സ്വാഭാവികം. രാഹുലുമായി രഹസ്യ ചർച്ചകൾ തുടരുന്ന ടി.ആർ.എസ് നേതാവ് ചന്ദ്രശേഖർ റാവുവും, വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയും തരംപോലെ എങ്ങോട്ടും തിരിയാം.

ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആകട്ടെ, താൻ ഇത്തവണ കോ-ഓർഡിനേറ്ററുടെ റോളിലാണെന്ന് നേരത്തേ പ്രഖ്യാപിച്ചുകഴിഞ്ഞു. അണിയറയിൽ ചരടുവലികൾക്ക് നേതൃത്വം നൽകുന്ന നായിഡു, പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. മമതാ ബാനർജി ആയിരിക്കും ഇത്തവണ പ്രധാനമന്ത്രി ചർച്ചകളിലെ നിർണായക ശക്തിയെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു. കാര്യങ്ങൾ ഏതു വഴിക്കാണ് പോകുന്നതെന്ന് വ്യക്തം.

തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തൊട്ടു മുമ്പ് (മിക്കവാറും മേയ് 21 ന്) ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്സാഹത്തോടെ നിൽക്കുന്നത് നായിഡുവാണ്. പക്ഷേ, ഈ യോഗത്തിൽ എസ്.പി, ബി.എസ്.പി, തൃണമൂൽ കോൺഗ്രസ് കക്ഷികൾ പങ്കെടുക്കില്ല. അഖിലേഷ് യാദവ്, മായാവതി, മമതാ ബാനർജി എന്നീ കരുത്തരില്ലാതെ ചേരുന്ന യോഗത്തിന് ഇവരെ ഒഴിവാക്കി ഒരു ചുവടും മുന്നോട്ടു വയ്‌ക്കാൻ കഴിയില്ല. തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭയിൽ 33 സീറ്റും, സമാജ്‌വാദിക്ക് ഏഴു സീറ്റും. 2009-ലെ തിരഞ്ഞെടുപ്പിൽ 500 സീറ്റിൽ മത്സരിച്ച് 21 സീറ്റിൽ വിജയിച്ച ബി.എസ്.പിക്ക് കഴിഞ്ഞ തവണ ഒരംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പാർട്ടിയുടെ കരുത്ത് ചെറുതല്ല.

കഴിഞ്ഞ തവണ മോദി പ്രഭാവത്തിൽ കടപുഴകിയ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി ലോക്‌സഭയിൽ ആകെക്കിട്ടിയത് 66 സീറ്രാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടുന്ന 272-ലേക്ക് എത്താൻ കോൺഗ്രസിന് കടമ്പകൾ ഒരുപാട് കടക്കണം. 140-ലും അധികം സീറ്റ് കോൺഗ്രസിനു നേടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ, രാഹുലിന് പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ സാദ്ധ്യത പ്രതീക്ഷിക്കാമെങ്കിലും സീറ്റ് കുറയുന്ന പക്ഷം പ്രതിപക്ഷ കക്ഷികൾ നിർദ്ദേശിക്കുന്ന പൊതു സ്ഥാനാർത്ഥിയെ നിശ്ശബ്‌ദം പിന്തുണയ്‌ക്കാനേ കഴിയൂ.അത് മമതയോ മായാവതിയോ, മൂന്നാമതൊരു മുഖമോ എന്നത് ഇപ്പോൾ പറയാനാവുകയുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ വിലപേശൽ ശക്തിയായി ഉയർന്നു നിൽക്കണമെങ്കിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ ഇപ്പോൾ തന്ത്രപരമായ മൗനം പാലിച്ചേ പറ്റൂവെന്ന് ബുദ്ധിമതികളായ മമതയ്‌ക്കും മായാവതിക്കും നന്നായി അറിയാം. രാഹുൽ പ്രധാനമന്ത്രിയാകുന്നതിനെ രണ്ടു പേരും അനുകൂലിക്കുന്നില്ല. രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തിൽ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ഒരു ഫോൺകാൾ തീർച്ചയായും യു.പിയിലേക്കും ബംഗാളിലേക്കും വരും. അപ്പോൾ മാത്രം അവർ മറുപടി പറയും.

കുമാരി മമതാ ബാനർജി

വയസ്സ്: 64

തൃണമൂൽ കോൺ. ദേശീയ അദ്ധ്യക്ഷ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

വിളിപ്പേര്: ദീദി,​ ബംഗാൾ കടുവ

കോൺഗ്രസിലൂടെ തുടക്കം

എട്ടു തവണ കോൺ. എം.പി

1991-ൽ കേന്ദ്രന്ത്രി,​ 1997-ൽ പാർട്ടി വിട്ട്

തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു

ആദ്യം എൻ.ഡി.എ സഖ്യത്തിലും

പിന്നീട് യു.പി.എ സഖ്യത്തിലും

99-ലും 2002-ലും കേന്ദ്ര മന്ത്രി

അവിവാഹിത

കുമാരി മായാവതി

വയസ്സ്:63

ബി.എസ്.പി ദേശീയ അദ്ധ്യക്ഷ

നാലു തവണ യു.പി മുഖ്യമന്ത്രി

വിളിപ്പേര്: ബഹൻജി

1984,​ 85,​ 87 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയം

1989-ൽ ബിജ്നോറിൽ നിന്ന് എം..പി

1994-ൽ രാജ്യസഭാംഗം

1995-ൽ മുഖ്യമന്ത്രിയായി

മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് വനിത

അവിവാഹിത

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKSABHA POLL 2019, ELECTION 2019
KERALA KAUMUDI EPAPER
TRENDING IN LOKSABHA POLL 2019
VIDEOS
PHOTO GALLERY
TRENDING IN LOKSABHA POLL 2019