SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.28 PM IST

 അംഗബലം കുറഞ്ഞ് കർഷക ക്ഷേമനിധി കുന്നോളം ക്ഷേമമുണ്ട് കൊണ്ടുപോവാൻ ആളില്ല

farmer
കർഷക ക്ഷേമനിധി ബോർഡ്

കോഴിക്കോട്: മാസത്തിൽ 5,000 രൂപവരെ പെൻഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുനൽകിയിട്ടും കർഷക ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യാൻ കർഷകരില്ല. കഴിഞ്ഞ ഡിസംബറിൽ അംഗത്വ വിതരണം ആരംഭിച്ചെങ്കിലും കോഴിക്കോട് റീജിയണിൽ ഇതുവരെ 3034 കർഷകർ മാത്രമാണ് അംഗത്വമെടുത്തത്. സംസ്ഥാനത്താകെ 13,000 അംഗങ്ങൾ. കർഷകന്റെ ക്ഷേമത്തിനും യുവതലമുറയെ കാർഷിക വൃത്തിയിലേയ്ക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് കർഷക ക്ഷേമനിധി ബോർഡ് ആരംഭിച്ചതെങ്കിലും മാസം അഞ്ചായിട്ടും പ്രതീക്ഷിച്ചതിന്റെ പകുതി പോലും കർഷകർ അംഗത്വമെടുക്കാൻ എത്തിയില്ലെന്നാണ് അധികൃതർ പറയുന്നത്. ക്ഷേമനിധി ബോർഡിനെ കുറിച്ചും ആനുകൂല്യങ്ങളെ സംബന്ധിച്ചും വേണ്ടത്ര അറിവില്ലാത്തതാകാം കർഷകരെ പിന്നോട്ടടിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം പരിഹരിക്കാൻ കർഷക സംഘടനകൾ, ലൈബ്രറികൾ എന്നിവയുടെ സഹായത്തോടെ കർഷകർക്കിടയിൽ പ്രചാരണവും അംഗത്വത്തിന് ഓൺലൈൻ ക്യാമ്പുകളും സംഘടിപ്പിക്കാനാണ് തീരുമാനം.

 അംഗത്വ യോഗ്യത

18-55 ഇടയിൽ പ്രായമുള്ള മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ചവർക്കും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് . അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം. ഉദ്യാന കൃഷി, ഔഷധ സസ്യകൃഷി, നഴ്സറി നടത്തിപ്പ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാര മത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽ പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷ നൽകാം. ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക് അടയ്ക്കും.

 ആനുകൂല്യങ്ങൾ

60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. വിദ്യാഭ്യാസ ധനസഹായം , വിവാഹ ധനസഹായം, പ്രസവാനു കൂല്യം,അവശതാ ആനുകൂല്യം, ചികിത്സാ ധനസഹായം, അനാരോഗ്യ ആനുകൂല്യം, കുടുംബപെൻഷൻ, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ ലഭിക്കും.


 ആവശ്യമായ രേഖകൾ

കർഷകന്റെ പേരും വിലാസവും തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂമി സംബന്ധമായ രേഖ, നികുതി ശീട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കർഷകന്റെ സാക്ഷ്യപത്രം, കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ. www.kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരുമാസത്തിനകം അംഗത്വം ലഭിക്കും.

 കർഷകർക്കിടയിൽ പ്രചാരണവും അംഗത്വ ക്യാമ്പയിനും സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണ്.

പി.ഇന്ദു, അസി.ചീഫ് എക്സിക്യുട്ടീവ് ഓഫീസർ

കേരള ഫാർമേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്, കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.