SignIn
Kerala Kaumudi Online
Thursday, 18 April 2024 9.17 PM IST

ലത മങ്കേഷ്‌കറും ഓസ്‌കാർ ഓർമകളും

latha-mangeshkar

ഹോളിവുഡ് ചലച്ചിത്രങ്ങൾക്ക് അവയുടെ കലാപരവും സാങ്കേതികവുമായ മികവിനുള്ള ലോകോത്തര ബഹുമതിയാണ് ഓസ്‌കാർ അവാർഡുകൾ. സിനിമയുടെ എല്ലാ മേഖലകളെയും (അഭിനേതാക്കൾ, സംവിധായകൻ, നിർമാതാവ്, ഗായകർ, എഴുത്തുകാർ.. ) ഉൾപ്പെടുത്തിയാണ് ഈ അവാർഡുകൾ വിതരണം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട കലാകാരന്മാർ ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ ഓസ്‌കാർ വേദിയിൽ അവരെ അനുസ്‌മരിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലത്തെ അവാർഡുദാന ചടങ്ങിൽ നമ്മുടെ പ്രിയ ഗായിക ലത മങ്കേഷ്‌കറെ അനുസ്‌മരിക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ലതാ മങ്കേഷ്‌കർ എന്ന അതുല്യ കലാകാരി സംഗീത ജീവിതത്തിൽ 30,000 ലധികം ഗാനങ്ങൾ ഏകദേശം പതിനാറു ഭാഷകളിലായി ആലപിച്ചിട്ടുണ്ട്. എന്നാൽ ലതാജി 92 വയസിനിടയിൽ ഹോളിവുഡ് സിനിമകളിലോ ഇംഗ്ലീഷ് ആൽബങ്ങളിലോ പാടിയിട്ടില്ല. അമേരിക്കൻ / ഇംഗ്ലീഷ് സിനിമയിൽ പങ്കാളികളായവരെ ഹോളിവുഡ് ഓർമിച്ചിട്ടുണ്ട് (സത്യജിത് റോയ് , ഭാനു അത്തയ്യ). ലത മങ്കേഷ്‌കറെയും അവരുടെ പാട്ടുകളെയും നാം ബഹുമാനിക്കുന്നു. ഇഷ്ടപെടുന്നു. എന്നാലിത് ലോകമെമ്പാടും ആളുകൾ ഉൾകൊള്ളുന്നതിലൂടെ നമ്മുടെ രാജ്യം കൂടിയാണ് ആദരിക്കപ്പെടുന്നതെന്ന് അറിയണം.

ഇത് പറയുമ്പോഴാണ് നമ്മുടെ രാജ്യത്ത് അവഗണിക്കപ്പെട്ടു കിടക്കുന്ന നിരവധി കലാകാരന്മാരെ ഓർത്തുപോവുന്നത്. ഈ യാഥാർത്ഥ്യം നിലനിൽക്കെത്തന്നെ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള കലകളെ അന്യരാജ്യങ്ങളിലെ ഇന്ത്യക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നാം ഗുണദോഷിക്കുകയും ചെയ്യും. ലത മങ്കേഷ്‌കറുടെ ഓർമകൾ ഓസ്‌കാർ വേദിയിൽ പങ്കുവയ്‌ക്കാത്തതിൽ മുറവിളി കൂട്ടുന്ന നാം ഇന്ത്യയിലും കേരളത്തിലുമായി മരിച്ചുപോയ മഹാന്മാരായ കലാകാരന്മാർക്ക് വേണ്ടിയോ അവരുടെ കുടുംബത്തിന് വേണ്ടിയോ എന്തെങ്കിലും ചെയ്യുന്നതിൽ താത്‌പര്യം കാണിക്കുന്നില്ല.

സിനിമയുടെ കാര്യമെടുത്താലോ, അടൂർ ഗോപാലകൃഷ്ണനെയും അരവിന്ദനെയും ശ്യാം ബെനഗലിനെയും ഗോവിന്ദ് നിഹലാനിയും പോലുള്ള സംവിധായകരുടെ ചിത്രങ്ങൾ കാണാൻ ഏതെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്കു പോകേണ്ടിയിരിക്കുന്നു. അതേസമയം വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ (ബെർലിൻ, പാരിസ്, കാൻ, ടൊറന്റോ) ഇവർക്ക് അവാർഡ് കിട്ടിയില്ലെങ്കിൽ നമ്മളിവിടെ ചർച്ചകളും ബഹളങ്ങളും ഉണ്ടാക്കും. നമ്മുടെ സംഗീതപ്രതിഭകൾ പരിപാടികൾ അവതരിപ്പിച്ചാൽ കേൾക്കാൻ കൂട്ടാക്കാറില്ല. എന്നാൽ ഇന്ത്യൻ ക്ലാസിക്കൽ പാട്ടുകൾക്ക് ഗ്രാമി അവാർഡ് കിട്ടിയില്ലെങ്കിൽ ബഹളമുണ്ടാക്കും. ക്ലാസ്സിക്കൽ സംഗീതജ്ഞരായ പണ്ഡിറ്റ് രവിശങ്കർ, വിശ്വമോഹൻ ഭട്ട്, ആൻ മേരി ജോർജ്, ഫാൽഗുനി ഷാ, റിക്കി കേജ് മുതലായ ഇന്ത്യൻ വംശജർക്ക് ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ അവരുടെ സംഗീതം ഇന്ത്യയിൽ കേൾക്കുന്നത് വിരലിലെണ്ണാവുന്നവർ . ഇന്ത്യക്കാരുടെ സെൻസേഷണലിസത്തോടുള്ള അഭിനിവേശം മാത്രമാണ് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്.

നമ്മൾ കലയിലും സംഗീതത്തിലും ഇന്ത്യൻ തനിമ നിറഞ്ഞതൊന്നും ഇഷ്ടപ്പെടുന്നില്ല. പാശ്ചാത്യ രീതിയിലുള്ള സംഗീതമാണ് നാം അംഗീകരിക്കുന്നത്. അപ്പോൾത്തന്നെ ഇന്ത്യൻ സംഗീതത്തിനും കലാപരമായ കാര്യങ്ങൾക്കും ഇന്ത്യക്ക് പുറത്ത് വേണ്ട സ്വീകാര്യത ലഭിക്കുന്നില്ലെങ്കിൽ നാം അരിശം കൊള്ളുന്നു. ഇതിൽ എന്തർത്ഥമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LATHA MANGESHKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.