SignIn
Kerala Kaumudi Online
Thursday, 25 April 2024 7.22 AM IST

ഭക്ഷ്യസുരക്ഷയിൽ വീഴ്ച പാടില്ല

photo

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പിടി ഒന്ന് അയയുമ്പോൾ കടകളിലും ഹോട്ടലുകളിലുമൊക്കെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയുമെന്നത് അനുഭവമാണ്. ഭക്ഷ്യപരിശോധനകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അവകാശവാദം. മായം ചേർക്കലും വ്യാജ ഉത്‌പന്നങ്ങളുടെ വില്പനയും ജീവിതവ്രതമാക്കിയവർ ധാരാളമുണ്ടിവിടെ. പരിശോധനകൾ കുറയുമ്പോൾ അവസരം മുതലാക്കാൻ അവർ രംഗത്തിറങ്ങും. പ‌രിശോധന കാര്യക്ഷമമായി നടക്കണമെങ്കിൽ ആവശ്യമായത്ര ഉദ്യോഗസ്ഥരുണ്ടാകണം. അവർക്കു സഞ്ചരിക്കാൻ വാഹനങ്ങൾ വേണം. സാമ്പിളുകൾ സത്വരമായി പരിശോധിക്കാനാവശ്യമായ ലാബ് സൗകര്യങ്ങൾ ഒരുക്കണം. സർവോപരി ഈവക കാര്യങ്ങളിൽ ജനങ്ങളിൽ മതിയായ അവബോധം സൃഷ്ടിക്കണം. ഏറ്റവുമധികം മായം കലർന്ന ഭക്ഷണം കഴിക്കുന്ന നാടായിട്ടും ഭക്ഷ്യസുരക്ഷാ വിഷയത്തിൽ ജനങ്ങൾ അത്രയൊന്നും ആശങ്ക പുലർത്തുന്നില്ല. സംസ്ഥാനത്തുടനീളം രോഗികൾ വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന് മായം കലർന്ന ഭക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല.

കഴിഞ്ഞ വാരാന്ത്യത്തിൽ ഇടുക്കിയിലെ നെടുങ്കണ്ടം പോലുള്ള സ്ഥലങ്ങളിൽ മത്സ്യം കഴിച്ച പലർക്കും അസുഖം പിടിപെട്ടത് വലിയ വാർത്തയായിരുന്നു. മീൻ കേടാകാതിരിക്കാൻ കലർത്തിയ വിഷപദാർത്ഥങ്ങളാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മീനിന്റെ അവശിഷ്ടങ്ങൾ ഭക്ഷിച്ച ഏതാനും പൂച്ചകൾ ചത്തിട്ടുണ്ട്. ഇതാണ് മീനിലെ മായത്തെക്കുറിച്ച് സംശയം ജനിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ അതു തെളിയുകയും ചെയ്തു. വിവരം അറിയിച്ചതിനെത്തുടർന്ന് ഭക്ഷ്യവകുപ്പുകാർ എത്തി സാമ്പിളുകൾ ശേഖരിക്കുകയും അവ വിശദപരിശോധനയ്ക്ക് റീജിയണൽ ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. അതിന്റെ റിപ്പോർട്ട് ലഭിച്ചാലേ എന്തെല്ലാം വിഷങ്ങളാണ് മത്സ്യത്തിൽ ചേർത്തതെന്ന് അറിയാനാകൂ. മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന പതിവ് വളരെനാൾ മുൻപേ തുടങ്ങിയതാണ്. പരാതി വ്യാപകമായപ്പോൾ പലയിടത്തും വിപുലമായ പരിശോധനകൾ നടത്തി മായം കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുക പതിവായിരുന്നു.

പല കാരണങ്ങളാൽ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കെല്ലാം വില കയറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മായം ചേർക്കാനുള്ള പ്രവണതയും വർദ്ധിച്ചുവരികയാണ്. ഭക്ഷ്യഎണ്ണകളിലെ മായം വൻതോതിലാണ്. കള്ളം കണ്ടെത്തിയാലുടൻ അവയുടെ വില്പന നിരോധിക്കാറുണ്ടെങ്കിലും പുതിയ ബ്രാൻഡ് പേരുകളിൽ അല്പദിവസത്തിനകം അവ വീണ്ടും വിപണിയിലെത്തും. മസാലപ്പൊടികൾ, തേയില തുടങ്ങിയ ഉത്പന്നങ്ങളിലും കവിഞ്ഞ തോതിൽ മായം കലർത്താൻ സാദ്ധ്യതയുള്ളവയാണ്. പായ്ക്കറ്റിൽ വില്പനയ്ക്കെത്തുന്ന ഭക്ഷ്യപദാർത്ഥങ്ങളിലെ വ്യാജന്മാരെ കണ്ടെത്തുക പ്രയാസമാണ്. അത്രയധികമാണ് അവയുടെ സാന്നിദ്ധ്യം. ഭക്ഷ്യവസ്തുക്കൾ മായരഹിതമാണെന്ന് നൂറുശതമാനവും ഉറപ്പാക്കാനുള്ള അധികാരവും ചുമതലയും ഭക്ഷ്യവകുപ്പിന്റേതാണ്. അതു നിർവഹിക്കാൻ പാകത്തിൽ ആ വകുപ്പിനെ ശക്തിപ്പെടുത്താൻ നടപടികളെടുത്തേ മതിയാവൂ. എന്നാൽ പരിശോധന നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലെന്നതാണ് കേൾക്കുന്ന വാർത്ത. 62 ഫുഡ് ഇൻസ്പെക്ടർമാരുടെ കുറവ് നികത്താൻ നടപടിയുണ്ടാകണം. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. നിയമനം നീണ്ടുപോകുന്നതാണ് പ്രശ്നം. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദാസീനതയുണ്ടാകാൻ അനുവദിക്കരുത്. ഭക്ഷ്യസുരക്ഷാ നടപടികൾ താളംതെറ്റിയാൽ അതിനു വലിയവില കൊടുക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.