SignIn
Kerala Kaumudi Online
Thursday, 25 April 2024 7.48 PM IST

ദൂരേക്കെറിയുക,​ ഈ കൊലക്കത്തി

photo

പാലക്കാടൻ ചുരം കടന്നെത്തുന്ന കിഴക്കൻ കാറ്റിന് ഇപ്പോൾ ചോരയുടെ മണമാണ്. സുബൈറിന്റെയും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും ചോരയുടെ മണം. കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ സാമൂഹ്യ കെട്ടുറപ്പിനെ വീണ്ടുംവീണ്ടും പരീക്ഷിക്കുന്ന കാലഘട്ടം. നാല് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇരട്ടക്കൊലപാതകം സംസ്ഥാന മനഃസാക്ഷിയെ വരിഞ്ഞുമുറുക്കുന്നത്. വിഷുദിനത്തിൽ എസ്.ഡി.പി.ഐ നേതാവിനെയും പ്രതികാരമായി തൊട്ടടുത്ത ദിവസം ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെയും വെട്ടിനുറുക്കിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. എന്നാണ് ഇതിനൊരു ഒടുക്കമുണ്ടാകുക. മനുഷ്യ ജീവിതങ്ങൾ വടിവാളിൽ ഒടുങ്ങുമ്പോൾ സമാധാനപ്രിയരുടെ കണ്ണീരിന് വിലയില്ലാതാകുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾക്ക് സമൂഹത്തിൽ പ്രസക്തിയില്ലാതാകുന്നു. അക്രമത്തിന്റെ ഇന്ധനം വർഗീയതായതിനാൽ ഏത് സാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും അത് ആളിപ്പടരാം. കൊലപാതകങ്ങളും പ്രതികാരക്കൊലകളും നയമായും മുഖ്യപ്രവർത്തനമായും സ്വീകരിച്ച ചില മത - വർഗീയ സംഘങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടുവരുന്നു എന്നാണ് ഇതെല്ലാം നൽകുന്ന സൂചന.

പുണ്യനാളുകളിൽത്തന്നെെ അക്രമത്തിന് മതസംഘടനകൾ മുന്നിട്ടിറങ്ങുന്നത് അവർ എത്രമേൽ മതത്തിൽ നിന്ന് അകന്നുനിൽക്കുന്നവരാണെന്ന് ഉറക്കെ വിളിച്ചുപറയുന്നു. വിഷുദിനത്തിൽ ചോരപടർത്തി ഹിന്ദുത്വത്തിന് വേണ്ടി പോർവിളി നടത്തുന്നവർ ഏത് ഹിന്ദ്വുതമാണ് പ്രസംഗിക്കുന്നത് ? പിതാവിന് മുന്നിലിട്ട് മകനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്നവർ ഏത് സമാധാനത്തെക്കുറിച്ചാണ് പറയുന്നത്? പുണ്യറംസാനിൽ പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയവർ ഇസ്ലാമിന്റെ ഏത് ആശയമാണഅ അരക്കിട്ടുറപ്പിക്കുന്നത്. പകവീട്ടലിന്റെ വാളോങ്ങുന്നവരിൽ നിന്ന് പുതുതലമുറ ഏത് പ്രവാചക വചനമാണ് കേട്ടുപഠിക്കേണ്ടത് ? യഥാർത്ഥത്തിൽ ഹിന്ദുമതത്തെയും ഇസ്ലാമിനെയും കുറിച്ച് വികലമായ ചിന്തകൾ പരത്തി ഇത്തരക്കാർ വിശ്വാസത്തെ വക്രീകരിക്കുകയാണ്. ഇവരെ തിരിച്ചറിയുക, അകറ്റി നിറുത്തുക... അതിനുള്ള ജാഗ്രത രാഷ്ട്രീയ കേരളം കാണിക്കണം.

കേരളം എങ്ങോട്ട്?

മുമ്പ് വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന കൊലയും മറുകൊലയും ഇപ്പോൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കും പരക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിലാണ് ഇരട്ടക്കൊല നടന്നത്. എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.ഷാനെ അക്രമിസംഘം വെട്ടിക്കൊന്നതും ഇരുചക്രവാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു. പിറ്റേന്ന് പുലർച്ചെ ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ മറ്റൊരു ഘാതക സംഘം വീട്ടിൽക്കയറി മക്കളുടെ കഴുത്തിൽ കത്തിവച്ച് അമ്മയുടെയും കൺമുന്നിലിട്ട് വെട്ടിനുറുക്കി. എവിടേക്കാണ് കേരളം അതിവേഗം പോകുന്നത്. കൊലപാതകങ്ങളെയും അക്രമങ്ങളെയും രാഷ്ട്രീയമായി അംഗീകരിക്കാൻ കേരളം തീരുമാനിച്ചോ? അതിനുള്ള തയ്യാറെടുപ്പുകൾക്ക് വേഗം കൂടുന്നതായാണ് സൂചന. ഇരട്ട കൊലപാതകങ്ങൾക്ക് കാരണം തേടി ഗവേഷണം നടത്തേണ്ടതില്ല. സമൂഹത്തെ കാൻസർപോലെ ബാധിച്ച വർഗീയതയുടെ വിഷവിത്തുകൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. അത്രമേൽ പരസ്യമായാണ് വർഗീയത തെരുവുകളിൽ ആസുരതയോടെ പടരുന്നത്. ചെറുസംഘങ്ങൾ അല്ലെങ്കിൽ ഒരുവിഭാഗം ന്യൂനപക്ഷങ്ങൾ കത്തിയെടുത്ത് കൊലവിളി നടത്തുമ്പോൾ തങ്ങൾ അവർക്കൊപ്പമില്ലെന്ന് ഉറക്കെ വിളിച്ചുപറയാൻ അത് ആവർത്തിച്ച് ആവർത്തിച്ച് പറയാൻ ഒരു മതങ്ങളിലെയും നേതൃത്വം മുന്നോട്ടു വരുന്നില്ലെന്നതാണ് ഇത്തരം അക്രമിസംഘങ്ങളുടെ വിജയം. അതുതന്നെയാണ് മതേതരത്വത്തിന്റെ പരാജയവും.

പൊലീസ് വീഴ്ച വ്യക്തം

എല്ലാ കൊലപാതകങ്ങൾക്ക് ശേഷവും പൊലീസിന്റെ കാര്യക്ഷമതയില്ലായ്മ ചർച്ചയാകാറുണ്ട്. ഇവിടെയും സ്ഥിതി വ്യത്യസ്‌തമല്ല. ആദ്യത്തെ കൊല നടന്നശേഷം പൊലീസ് ജാഗ്രത പുലർത്തിയിട്ടും രണ്ടാമത്തേത് നടന്നെങ്കിൽ ജാഗ്രതയിലെ പോരായ്മ വ്യക്തമാണ്, അത് വിലയിരുത്തേണ്ടത് സമൂഹത്തിന് ബാദ്ധ്യതയുണ്ട്. രാഷ്‌ട്രീയ കൊലപാതകങ്ങൾ തടയാൻ കാര്യക്ഷമമായ ഒരു രഹസ്യാന്വേഷണ വിഭാഗം നമുക്കുണ്ട്, എന്നിട്ടും നമ്മുടെ സംവിധാനം പരാജയപ്പെട്ടു.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ആഭ്യന്തരവകുപ്പിന് നിരന്തരം വീഴ്ചകൾ സംഭവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത് പരിഹരിക്കാൻ ആദ്യം വേണ്ടത് വീഴ്ച അംഗീകരിക്കുകയും ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതികരിക്കുകയുമാണ്.

ആഭ്യന്തരവകുപ്പിന് വേണം ഓ‌‌ഡിറ്റ്

ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങൾ സ്വതന്ത്രമായ ഓഡിറ്റിന് വിധേയമാക്കുന്നതുവഴി പിഴവുകൾ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങളെയും സാമൂഹിക നേതൃത്വങ്ങളെയും വിശ്വാസത്തിലെടുത്ത് പോരായ്മകൾ പരിഹരിക്കാൻ ശ്രമം വേണം.

നമ്മുടെ സൗഹാർദാന്തരീക്ഷം തിരിച്ചുപിടിക്കണം. ക്രമസമാധാന പ്രശ്നമെന്നതിലുപരി, ജനങ്ങളുടെ സ്വൈരജീവിതത്തെ കലുഷമാക്കാൻ പ്രാപ്തമായ വിദ്വേഷ പ്രചാരണങ്ങളുടെ തായ് വേര് കണ്ടെത്തി പിഴുതെറിയാൻ നമുക്ക് കഴിയണം.

ഗുണ്ടാസംഘങ്ങൾ, ക്വട്ടേഷൻ മാഫിയകൾ എന്നിവർക്ക് പുറമേ മതവിഭാഗീയത വളർത്തി മുതലെടുപ്പ് നടത്തുന്നവരും സമൂഹത്തിലെ ക്രിമിനൽ ബാധയാണ്. അക്രമരാഷ്ട്രീയം വഴി ലാഭമല്ല, നഷ്ടമേ ഉണ്ടാകൂ എന്ന് അതിന്റെ പ്രയോക്താക്കളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം.

പുലരട്ടെ സമാധാനം

മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു എന്നതിനപ്പുറം ദൈവികമായി ഒന്നും ഈ കൊലപാതകങ്ങൾക്ക് കൽപിച്ചു നൽകേണ്ടതില്ല. രക്തസാക്ഷിത്വ പ്രഖ്യാപനമെല്ലാം സംഘടനകൾക്ക് വളരാനുള്ള മുദ്രാവാക്യ വളങ്ങൾ മാത്രമാണ്. ആവേശം വിതക്കുന്ന മുദ്രാവാക്യങ്ങളിലൂടെ അവർ കൂടുതൽ പേരെ സംഘടനകളിലേക്ക് ആകർഷിക്കാനുള്ള തന്ത്രം പുറത്തെടുക്കുകയാണ്. അത് അവർ തുടരുക തന്നെ ചെയ്യും.
പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും വിശ്വാസത്തിെന്റ പേരിലായാലും മനുഷ്യക്കുരുതി ഒന്നിനും പരിഹാരമല്ലെന്ന് നന്മയുടെയും സമാധാനത്തിന്റയും പക്ഷത്തുനിൽക്കുന്നവർ കാലങ്ങളായി വിലപിച്ചുകൊണ്ടിരിക്കുമ്പോഴും അതിനെയൊന്നും മാനിക്കാതെ അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. അക്രമം നടത്തുന്നവർക്ക് പുറമേ അതിനെ പൊതുവേദികളിലും സമൂഹമാദ്ധ്യമങ്ങളിലും ന്യായീകരിക്കുന്നവർ കൂടിയാകുമ്പോൾ ഹിംസയുടെ വക്താക്കൾ പ്രസരിപ്പിക്കുന്ന വെറുപ്പിന്റെ ഊർജം നാടൊട്ടുക്ക് പരക്കുന്നു.

വാർദ്ധക്യത്തിൽ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കൾ, യൗവനത്തിൽ വിധവകളാകേണ്ടി വരുന്ന സ്‌ത്രീകൾ, ശൈശവത്തിൽ പിതാവിനെ നഷ്ടമായി അനാഥത്വത്തിലേക്ക് വീണുപോകുന്ന കുഞ്ഞുങ്ങൾ... തോരാത്ത കണ്ണീരുകൾ... ഹൃദയം നുറുങ്ങുന്ന നിലവിളികൾ... ഇതിനെല്ലാം ഒരറുതി വേണ്ടേ? ഓരോ തവണയും പരസ്പര പോർവിളികൾക്കിടയിൽ ജീവനുകൾ നഷ്ടമാവുമ്പോൾ ദിനപത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതുകയും ടെലിവിഷൻ ചാനലുകൾ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിക്കാത്ത മറ്റൊരു പുലരിയിൽ വീണ്ടും അക്രമത്തിന്റയും കൊലപാതകത്തിന്റയും വാർത്തകൾ നമ്മെ തേടിവരുന്നു. ആശയംകൊണ്ട് പൊരുതാൻ ആത്മവിശ്വാസമില്ലാത്തവർ ഹിംസയിൽ അഭയം തേടുന്നത്, ലാഭകരമാണെന്ന് തോന്നുന്നതു കൊണ്ടാവണം. മനുഷ്യരെ വെട്ടിക്കൊന്നുകൊണ്ട് ശക്തിതെളിയിക്കുന്ന ഭീരുത്വം നഷ്ടമേ ഉണ്ടാക്കൂ എന്ന് ബോദ്ധ്യപ്പെട്ടാൽ അതോടെ തീരും ഈ കശാപ്പ് രാഷ്ട്രീയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICAL MURDER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.