SignIn
Kerala Kaumudi Online
Friday, 19 April 2024 5.09 AM IST

ശ്രീലങ്കയെ സഹായിക്കും മുൻപ് ഇന്ത്യ അറിയാൻ

photo

ശ്രീലങ്കയിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരിൽ തൊഴിലാളികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഡോക്ടർമാരും അഭിഭാഷകരും ആണെന്നത് പ്രതിസന്ധി ജനജീവിതത്തെ എത്രത്തോളം പ്രതികൂലമായി ബാധിച്ചതിന്റെ തെളിവാണ്. ദുരവസ്ഥയ്ക്ക് കാരണം പ്രസിഡന്റ് രാജപക്‌സെയുടെ Financial Mismanagement ആണെന്ന് ജനം വിശ്വസിക്കുന്നു.

21 മില്ല്യൻ ജനസംഖ്യയിൽ ഏഴ് ശതമാനം ക്രിസ്‌തുമതക്കാരാണ്. 2019 ഏപ്രിലിൽ കൊളംബോയിലും നെഗംബോയിലും ബറ്റിക്കോളോവയിലുമുള്ള മൂന്ന് ക്രിസ്‌ത്യൻ പള്ളികളിലും കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും നടന്ന ചാവേർ സ്ഫോടനത്തിൽ വിദേശികളുൾപ്പെടെ 279 പേർ കൊല്ലപ്പെട്ടു. 500 ലേറെപ്പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിനു പിന്നിൽ പ്രാദേശിക മുസ്ളിംതീവ്രവാദ സംഘടനയായ 'National Towheed Jamaat" ആണെന്നാണ് കണ്ടെത്തിയത്. ആറുമാസത്തിനുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാജ്യസുരക്ഷ അജണ്ടയാക്കി ക്രിസ്ത്യൻ പിന്തുണ നേടാൻ ഗോത്‌ബയ്യെ രാജപക്‌സയ്ക്ക് സാധിച്ചു. എന്നാൽ മൂന്നുവർഷമായിട്ടും അന്വേഷണം പുരോഗമിക്കാത്തതിൽ ക്രിസ്‌ത്യൻ സമൂഹം അതൃപ്‌തരാണ്. രാഷ്‌ട്രീയ - തിരഞ്ഞെടുപ്പ് നേട്ടത്തിന് രാജപക്‌സ കുടുംബം ഗൂഢാലോചന നടത്തിയെന്ന കർദ്ദിനാളിന്റെ ആരോപണം ക്രിസ്‌ത്യൻ സമൂഹത്തിന്റെ അകൽച്ച വ്യക്തമാക്കുന്നു.

ശ്രീലങ്കയിൽ 9.7 ശതമാനവും മുസ്ലിങ്ങളാണ്. എന്നാൽ മുസ്ളിം ജനനനിരക്ക് സിംഹളരുടേതിൽ നിന്നും ഇരട്ടിയാണെന്നതും ഇത് തുടർന്നാൽ 2040 ആകുമ്പോഴേക്കും ജനസംഖ്യയിൽ 18 ശതമാനം മുസ്ളിങ്ങൾ ആയിരിക്കുമെന്നുമുള്ള പ്രചാരണം സിംഹളരെ ആശങ്കപ്പെടുത്തുന്നുണ്ട്. തത്‌ഫലമായി സിംഹള തീവ്രവാദികൾ മുസ്ളിങ്ങളെ ആക്രമിക്കുന്നു. ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്നത് ബുദ്ധമത സന്ന്യാസിമാരുമാണ് ! ചുരുക്കത്തിൽ മുസ്ളിം സമുദായവും അസ്വസ്ഥരാണ്. മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രിയായതും പ്രസിഡന്റായതും ബുദ്ധസന്യാസിമാരുടെയും സിംഹള തീവ്രവാദികളുടെയും പിന്തുണയോടെയാണ്.

മാർച്ചിൽ പ്രസിഡന്റ് ഗോത്‌ബയ്യ രാജപക്‌സ കാൻഡിയിൽ മൽവത്തോയുടെയും അസഗിരിയയുടെയും ( ബുദ്ധമതസംഘങ്ങൾ) മഹാനായകന്മാരെ കണ്ടിരുന്നു. അതിനുശേഷമാണഅ ഗവ. ചീഫ് വിപ്പ് ജോൺസൻ ഫെർണാണ്ടസ് ''പ്രസിഡന്റ് ഗോത്‌ബയ്യ രാജിവയ്ക്കില്ലെന്ന് " പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകൾ, ബുദ്ധപുരോഹിതർ, സാമ്പത്തികബന്ധമുള്ള സുഹൃത്തുക്കൾ എന്നിവരിലൂടെ ജനരോഷം മറികടക്കാനാവും രാജപക്‌സെ കുടുംബത്തിന്റെ ശ്രമം.

പ്രതിസന്ധികളിലെല്ലാം ശ്രീലങ്കയെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ട് മുതൽ ഇന്ത്യക്കാർ സിലോണിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്നു. ഡി.എസ്. സേനാനായകെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ തോട്ടം തൊഴിലാളികളായ ഇന്ത്യക്കാരുടെ വോട്ടവകാശം നിഷേധിച്ചു. പത്തുലക്ഷത്തോളം ഇന്ത്യക്കാരാണ് ശ്രീലങ്കൻ പൗരന്മാരല്ലാതായത്. തുടർന്ന് 1964ലെ സിരിമാവോ - ലാൽബഹദൂർ ശാസ്‌ത്രി കരാറും 1974ലെ ഇന്ദിര - സിരിമാവോ കരാറും വഴി ആറുലക്ഷംപേർക്ക് ഇന്ത്യൻ പൗരത്വവും 3,75000 പേർക്ക് ശ്രീലങ്കൻ പൗരത്വവും നൽകിയാണ് പ്രശ്നം പരിഹരിച്ചത്.

1971ൽ സിംഹള റാഡിക്കൽ ഗ്രൂപ്പായ Janatha Vimukthi Perumuna (JVP) സായുധവിപ്ളവത്തിലൂടെ അധികാരം പിടിക്കാൻ ശ്രമിച്ചപ്പോൾ സിരിമാവോ ബണ്ഡാര നായകെ ഇന്ത്യയുടെ സഹായം തേടി. ചൈനയുടെയും കൊറിയയുടെയും പിന്തുണ ജെ.വി.പിയ്‌ക്ക് ഉണ്ടായിരുന്നെന്നാണ് അറിവ്. ഇന്ത്യ സെക്യൂരിറ്റി ഫോഴ്സിനെ അയച്ച് വിപ്ളവം നിർവീര്യമാക്കി. എന്നിട്ടും 1971 ഡിസംബറിൽ ഇന്ത്യ - പാകിസ്ഥാൻ യുദ്ധസമയത്തു പാക് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാൻ കൊളംബോ അനുവദിച്ചു !

നല്ല അയൽബന്ധത്തിന്റെ പേരിൽ 1974ൽ ഇന്ത്യയുടെ അവിഭാജ്യഘടകമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിച്ചതാണ്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവിനു ചുറ്റും മീൻപിടിക്കാനും ദ്വീപിൽ വലകൾ ഉണക്കാനും പള്ളിയിൽ തീർത്ഥാടനത്തിനും അവകാശം എടുത്തുപറ‌ഞ്ഞെങ്കിലും, നമ്മുടെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് ദുരിതം നേരിടുന്നു.

1987 ൽ ഇന്ത്യ ശ്രീലങ്കയുമായി കരാർ ഒപ്പുവച്ചതു പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനയുടെ ആവശ്യപ്രകാരമാണ്. കരാറിനു തുരങ്കംവച്ചതും കരാറിന്റെ ഭാഗമായി ശ്രീലങ്കയിലെത്തിയ ഐ.പി.കെ.എഫിനെ ദൗത്യം പൂർത്തിയാക്കും മുൻപേ തിരിച്ചയച്ചതിനു പിന്നിലും, പ്രധാനമന്ത്രി പ്രേമദാസ ആയിരുന്നു. അതേസമയം 1987 - 89 കാലത്ത് സതേൺ ശ്രീലങ്കയിൽ നടന്ന ജെ.വി.പി മുന്നേറ്റത്തെ നേരിടാൻ ശ്രീലങ്കൻ പട്ടാളത്തെ വടക്കൻ ശ്രീലങ്കയിൽ നിന്നും പിൻവലിച്ച് തെക്കൻ ശ്രീലങ്കയിലേക്ക് വിന്യസിക്കാൻ സാധിച്ചത്, എൽ.ടി.ടി.ഇയെ നിയന്ത്രിക്കാൻ അവിടെ ഐ.പി.കെ.എഫ് ഉണ്ടായിരുന്നതുകൊണ്ടാണ്. വിന്യാസത്തിൽ 1100 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവൻ നഷ്ടമായി. ശ്രീലങ്കൻ നേതാക്കൾ ഐ.പി.കെ.എഫിന്റെ സാന്നിദ്ധ്യത്തെ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ 'അധീശത്വ ശ്രമമായാണ് ' ചിത്രീകരിച്ചത്.

ശ്രീലങ്ക പാലുത്‌പന്നങ്ങളിൽ 75 ശതമാനവും ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ശ്രീലങ്കൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് 1997-ൽ ഇന്ത്യയുടെ മിൽക്ക്‌മാൻ ഡോ. വർഗീസ് കുര്യൻ ശ്രീലങ്കയിലെത്തി. 'അമുൽ" മാതൃകയിൽ സംയുക്തസംരംഭം ആരംഭിച്ചു. കോടിക്കണക്കിന് രൂപയാണ് ഇന്ത്യ മുടക്കിയത്. എന്നാൽ ഇറക്കുമതി ലോബിയും സംരക്ഷകരായ രാഷ്ട്രീയക്കാരും ചേർന്ന് സംരംഭം തകർത്തു.

2000 മേയിൽ എൽ.ടി.ടി.ഇ ജാഫ്‌ന പിടിക്കുമെന്നായതോടെ, ബുദ്ധസന്യാസി സോബിത്ത തേറോയുടെ നേതൃത്വത്തിൽ സന്യാസിമാർ ഇന്ത്യൻ ഹൈക്കമ്മിഷനിൽ വന്ന് ശ്രീലങ്കയുടെ അഖണ്ഡത നിലനിറുത്താൻ ഇന്ത്യയുടെ ഇടപെടൽ അഭ്യർത്ഥിച്ചു. 40,000 ശ്രീലങ്കൻ പട്ടാളക്കാർ ജാഫ്‌നയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. യുദ്ധത്തിൽ ഇടപെടില്ലെന്നും പട്ടാളക്കാരെ സുരക്ഷിതമായി നീക്കാൻ സഹായിക്കാമെന്നും ഇന്ത്യ ഉറപ്പുനൽകി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ശ്രീലങ്കയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ വിദേശകാര്യമന്ത്രി ജസ്വന്ത്‌സിംഗ് കൊളംബോയിലെത്തി. 100 മില്ല്യൻ ഡോളറിന്റെ വായ്‌പ നൽകാനുള്ള തീരുമാനം പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയെ അറിയിച്ചു.

2019-ൽ സിരിസേന - റാണിൽ ഭരണകൂടം ഇന്ത്യയും ജപ്പാനുമായി ചേർന്ന് കൊളംബോയിലെ ഈസ്റ്റേൺ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കാൻ കരാർ ഒപ്പുവച്ചു. 2021 ഫെബ്രുവരിയിൽ രാജപക്‌സെ ഭരണം കരാർ ഏകപക്ഷീയമായി റദ്ദാക്കി. ഇന്ത്യയുടെ എതിർപ്പുണ്ടായിരുന്നിട്ടും ജാഫ്‌നയ്ക്ക് സമീപമുള്ള ദ്വീപുകളിൽ Hybrid wind and energy project നിർമ്മിക്കാൻ ചൈനയ്‌ക്ക് അനുവാദം നൽകി.

ഇന്ത്യയ്‌ക്ക് ഭീഷണിയാകുന്ന രാജ്യങ്ങൾക്ക് ശ്രീലങ്ക താവളം അനുവദിക്കുന്നത് ആശങ്കയുളവാക്കുന്നതിനാൽ ശ്രീലങ്കയെ സഹായിക്കും മുൻപ് ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കൻ മണ്ണ് ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം.

(ഇന്ത്യൻ ഹൈകമ്മിഷൻ കൊളംബോയിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് ലേഖകൻ ഫോൺ: 9496255315. )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRI LANKA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.