Kerala Kaumudi Online
Saturday, 25 May 2019 5.05 AM IST

ഓസ്‌ട്രേലിയയിൽ മലയാളി കുടുംബം വീട്ടുജോലിക്കാരിയെ കബളിപ്പിച്ചു,​ മൂന്നു മസത്തെ ശമ്പളം നൽകിയില്ലെന്ന് വനിത സെല്ലിൽ പരാതി

-wage

ആലുവ: ഓസ്‌ട്രേലിയയിൽ മലയാളി കുടുംബം മധ്യവയസ്കയായ വീട്ടമ്മയെ ജോലിക്ക് നിർത്തിയശേഷം ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. വെറ്റിലപ്പാറ കുറ്റിച്ചിറ പച്ചേരി വീട്ടിൽ ത്രേസ്യാമ്മ (60)ആണ് പരാതിയുമായി ആലുവ വനിതാ സെല്ലിനെ സമീപിച്ചത്. പെരുമ്പാവൂർ തോട്ടുവ തെക്കന വീട്ടിൽ നെൽസനെതിരെയാണ് പരാതി. നെൽസണും ഭാര്യ സിന്ധുവും വർഷങ്ങളായി ഓസ്‌ട്രേലിയയിൽ നഴ്‌സിംഗ് ജോലിക്കാരാണ്. ഇവരുടെ വീട്ടിൽ 2018 ഫെബ്രുവരി മുതൽ 2019 ജനുവരി വരെയാണ് ത്രേസ്യാമ്മ ജോലി ചെയ്തിരുന്നത്. 25,000 രൂപ പ്രതിമാസ ശമ്പളവും ചെലവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. അവസാന മൂന്നു മാസത്തെ ശമ്പളം നൽകിയില്ലെന്നാണ് പരാതി.

വിസയ്ക്കും മറ്റാവശ്യത്തിനും എന്ന പേരിൽ ആദ്യത്തെ മൂന്നു മാസത്തെ ശമ്പളം നൽകിയിരുന്നില്ല. 13 മുറികളുള്ള വലിയ വീട് ദിവസേന കഴുകി വൃത്തിയാക്കുന്നതിനു പുറമേ ഭക്ഷണം പാകം ചെയ്യുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും ത്രേസ്യമ്മയായിരുന്നു. വീട്ടിലെ ജോലിയിൽ പോരായ്മ ആരോപിച്ച് ദിവസവും നെൽസണും സിന്ധുവും ഭീഷണിപ്പെടുത്തുമായിരുന്നു. ഭീഷണി തുടർന്നപ്പോൾ, തന്നെ മടക്കി അയക്കണമെന്ന ത്രേസ്യാമ്മയുടെ ആവശ്യം ഇരുവരും അംഗീകരിച്ചില്ല. വീട്ടിലെ പച്ചക്കറി തോട്ടം നശിപ്പിച്ചെന്ന് പറഞ്ഞ് ത്രേസ്യാമ്മയെ ഇരുവരും ചേർന്ന് മർദ്ദിച്ച് സംഭവവുമുണ്ടായി. അന്ന് അയൽവാസികളുടെ സഹായത്തോടെ ഓസ്‌ട്രേലിയൻ പൊലീസ് സ്ഥലത്തെത്തി ഇരുവർക്കുമെതിരെ നടപടി എടുത്തിരുന്നു.

പിന്നീടാണ് ശമ്പളം നൽകാതെയായത്. പ്രതിമാസ ശമ്പളം ത്രേസ്യമ്മയുടെ അക്കൗണ്ടിലേക്ക് നെൽസൺ തന്നെ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു രീതി. നാട്ടിലേക്ക് മടക്കി അയക്കുന്നതിന് തലേദിവസം കുടിശികയായി ലഭിക്കേണ്ടിയിരുന്ന മൂന്നു മാസത്തെ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന് ത്രേസ്യാമ്മയെ വിൽസൺ തെറ്റിദ്ധരിപ്പിച്ചു. ഏതെങ്കിലും കാരണവശാൽ അക്കൗണ്ടിൽ തുക എത്തിയിട്ടില്ലെങ്കിൽ തന്റെ തോട്ടുവയിലെ വീട്ടിലെത്തി പിതാവിൽ നിന്നും പണം വാങ്ങാനും നിർദേശിച്ചു. നാട്ടിലെത്തിയപ്പോൾ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നറിഞ്ഞ് തോട്ടുവയിലെ നെൽസന്റെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും പണം നൽകിയില്ല. നെൽസണുമായി ഫോണിൽ കുടിശിക നൽകാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് ആലുവ വനിതാ ഹെൽപ്പ് ലൈനിൽ ത്രേസ്യമ്മ പരാതിയുമായി എത്തിയത്.

വിവാഹിതരായ രണ്ട് പെൺമക്കൾ മാത്രമാണ് ത്രേസ്യാമ്മയ്ക്കുള്ളത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഭർത്താവ് 35 വർഷം മുമ്പ് ഉപേക്ഷിച്ച് പോയതാണ്. അതിനുശേഷം ത്രേസ്യാമ്മ ബന്ധുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. ത്രേസ്യാമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് കോടനാട് പോലീസിന് കൈമാറിയതായി വനിതാ സെൽ അധികൃതർ അറിയിച്ചു. ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് ത്രേസ്യാമ്മയെ ആലുവ വനിതാ ഹെൽപ് ലൈനിൽ എത്തിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MALAYALI FAMILY, COMPLAINT, FRAUD WAGE AUSTRALIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY