SignIn
Kerala Kaumudi Online
Thursday, 18 April 2024 1.54 PM IST

കീറാമുട്ടിയായി രവീന്ദ്രൻ പട്ടയം

photo

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി 45 ദിവസത്തിനകം അർഹരായവർക്ക് പകരം പട്ടയം നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപടികൾ എങ്ങുമെത്തിയില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് ഒരുവിധം പൂർത്തിയായത്. ബാക്കി അഞ്ച് വില്ലേജുകളിലേത് അവശേഷിക്കുകയാണ്. പട്ടയം റദ്ദാക്കി അർഹരായവർക്ക് പുതിയത് നൽകുന്നതിന് നാല്പതിലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, സങ്കീർണമായ പട്ടയ നടപടികളിൽ ഏറെ സൂക്ഷ്മത പാലിക്കേണ്ടതിനാൽ കാര്യങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ഇതോടെ നിശ്ചയിച്ച തീയതിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക അസാദ്ധ്യമാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക് പകരം പട്ടയം കിട്ടാൻ വൈകുമെന്ന് ഏറെക്കുറെ ഉറപ്പായി. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയ നടപടികൾ വൈകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ.

1971ന് മുമ്പ് കുടിയേറിയവർക്കാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്. അതിനാൽ പട്ടയം റദ്ദാക്കപ്പെടുന്നവർ 1971ന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയത്തിന്റെ നിയമസാധുത ചോദ്യമായി അവശേഷിക്കുമ്പോഴും ഇത് ഈടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്. 24 വർഷം മുമ്പ് നൽകിയ പട്ടയം ക്രമവത്കരിച്ച് നൽകുമെന്ന പ്രതീക്ഷയിൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവനമാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിലുള്ള ചിലർക്ക് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിൽ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരംഅടയ്ക്കാനും നിർമാണപ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും.


ഉത്തരവിറങ്ങിയിട്ട് മൂന്ന് മാസം

ജനുവരി 19 നാണ് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റെവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ജില്ലാ കളക്ടർക്ക് അഡീ. ചീഫ് സെക്രട്ടറി നൽകുന്ന ഉത്തരവിൽ പറയുന്നത്. പട്ടയം റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ജില്ലയിലെ സി.പി.എം- സി.പി.ഐ നേതൃത്വം ഒരുപോലെ രംഗത്ത് വന്നെങ്കിലും വിവാദമായ ഈ പട്ടയങ്ങളെല്ലാം സാധൂകരിച്ച് നൽകാനുള്ള സർക്കാരിന്റെ തന്ത്രമാണ് റദ്ദാക്കൽ നടപടിയെന്നും ആക്ഷേപം ശക്തമാണ്. രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് എല്ലാവർക്കും പുതിയ പട്ടയം നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നാർ നിവാസികൾക്ക് ഇടതുപക്ഷനേതാക്കൾ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന രണ്ട് സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോഴത്തെ റെവന്യൂ വകുപ്പ് ഉത്തരവെന്നാണ് അറിയുന്നത്. എന്നാൽ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച്, ജില്ലാ കളക്ടർ അനുവദിച്ച ഈ പട്ടയങ്ങളെല്ലാം റദ്ദാക്കുമ്പോൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യതയുമുണ്ട്. രവീന്ദ്രൻ പട്ടയം കൈവശമുള്ള റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചേക്കും.

എന്താണ് രവീന്ദ്രൻ പട്ടയങ്ങൾ?

1998ലാണ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രന് ദേവികുളം അഡീഷണൽ തഹസിൽദാറുടെ ചുമതല നൽകിയത്. പട്ടയവിതരണത്തിന്റെ അധിക ചുമതലയുമുണ്ടായിരുന്നു രവീന്ദ്രന്. പട്ടയം ഒപ്പിട്ട് നൽകാനുള്ള അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. ജില്ലാ കളക്ടർ അഡീഷണൽ തഹസിൽദാരുടെ ചുമതല നൽകിയ എം.ഐ. രവീന്ദ്രൻ ഒപ്പിട്ട 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ ജില്ലാ കളക്ടറുടെ ഈ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർ വഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റെവന്യൂ വകുപ്പിനായില്ല. രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങളെല്ലാം ഇതോടെ ചട്ടവിരുദ്ധമായി. കളക്ടർ സാക്ഷ്യപ്പെടുത്തേണ്ട കെ.ഡി.എച്ച് ചട്ടപ്രകാരമുള്ള പട്ടയത്തിലും എം.ഐ. രവീന്ദ്രനാണ് ഒപ്പുവച്ചിട്ടുള്ളത്. ഇതോടൊപ്പം ശംഖുമുദ്ര‌യും പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സർക്കാർ സീൽ കാണാതെ പോയെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2008ലെ മൂന്നാർ ദൗത്യസംഘം ഈ പട്ടയങ്ങളെല്ലാം റദ്ദാക്കാൻ തീരുമാനിച്ചു. എന്നാൽ സി.പി.എം നേതൃത്വത്തിന്റെയുൾപ്പെടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു. രവീന്ദ്രൻ പട്ടയം ലഭിച്ചവരിൽ ഏറെയും സാധാരണക്കാരായിരുന്നു. എന്നാൽ പലരും ഈ ഭൂമി വൻകിടക്കാർക്ക് വിൽപന നടത്തി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതോടെ ഈ ഭൂമിയുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാകും. അപേക്ഷ നൽകുമ്പോൾ അർഹരായവർക്ക് പുതിയ പട്ടയം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഏറെ കാലതാമസമെടുക്കും.

രവീന്ദ്രൻ പട്ടയങ്ങളിൽ ഭൂരിഭാഗവും മൂന്നാർ ഇക്കാ നഗറിലാണ്. മുപ്പതോളം വൻ റിസോർട്ടുകളും ഹോട്ടലുകളുമാണ് ഈ മേഖലയിൽ മാത്രമുള്ളത്. ബഹുനില കെട്ടിടമായ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസടക്കം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇക്കാ നഗർ കഴിഞ്ഞാൽ രവീന്ദ്രൻ പട്ടയമേറെയുള്ളത് പള്ളിവാസൽ, ചിന്നക്കനാൽ, ആനവിരട്ടി എന്നീ പ്രദേശങ്ങളിലാണ്. വീടുവയ്ക്കാനും കൃഷിചെയ്യാനും മാത്രം അവകാശമുള്ള ഈ പട്ടയഭൂമിയിലേറെയും ഇപ്പോൾ വൻകിട റിസോർട്ടുകളാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരടക്കം ഇത്തരത്തിൽ വ്യാപകമായി ഭൂമി കൈയേറി പട്ടയം നേടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കൃഷി ചെയ്യാനും വീട് വയ്ക്കാനും നൽകിയ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചവരുടെ പട്ടയം റദ്ദാക്കിയാൽ അഞ്ചുനില കെട്ടിടത്തിലുള്ള സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ പട്ടയവും റദ്ദാക്കേണ്ടി വരും. അത്തരം കടുത്ത നടപടിക്ക് റവന്യൂവകുപ്പ് മുതിരുമോയെന്ന് കണ്ടറിയണം. സി.പി.ഐയുടെ മൂന്നാറിലെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പിൻവശത്തുള്ള പത്ത് സെന്റ് രവീന്ദ്രൻ പട്ടയമായിരുന്നു. എന്നാൽ പാർട്ടി ആവശ്യപ്രകാരം ഈ പട്ടയം നേരത്തെ റദ്ദാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAVEENDRAN PATTAYAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.