SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 AM IST

വിദ്വേഷത്തിന്റെ വൈറസ് വ്യാപനം

gg

വർത്തമാനകാല ഇന്ത്യ അതിതീവ്രമായ ഒരു ധ്രുവീകരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അത് ശാശ്വതമായി നിലനിറുത്താനുള്ള ശ്രമങ്ങളും തീവ്രം. ഈ സ്ഥിതിവിശേഷം നമ്മുടെ രാജ്യം അനുഭവിക്കേണ്ടതുണ്ടോ? നിലവിലെ ഭരണസംവിധാനം, അത്തരമൊരു സാഹചര്യം ഇവിടെ നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ താത്‌പര്യങ്ങൾക്ക് അനുഗുണമാണ് പ്രസ്തുത സാഹചര്യമെന്ന് അവരെ ബോദ്ധ്യപ്പെടുത്താനും ഭരണകൂടം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വിശ്വാസം, ആചാരം, ആഘോഷം, ഭാഷ, വസ്ത്രം, ഭക്ഷണം ഇത്യാദി വിഷയങ്ങളിൽ രാജ്യത്തെ പൗരന്മാരെ വേർതിരിച്ചു നിറുത്താനും, അങ്ങനെ അവരെ പരസ്പര വൈരികളാക്കാനുമുള്ള ശ്രമങ്ങളെ, ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചരിത്രത്തെ കുത്സിതമായ നിതാന്ത വക്രീകരണത്തിലൂടെ, വെറുപ്പും വിദ്വേഷവും ശത്രുതയും പ്രതികാരബുദ്ധിയും വളർത്തി, അപഹാസ്യമാക്കുകയാണ്. വിഭവസമ്പത്തിനെ, രാജ്യത്തിന്റെ ഭാസുരമായ ഭാവിയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിന് പകരം, യുവമനസ്സുകളെ വിനാശകരമായ പാതയിലേക്ക് ബോധപൂർവം നയിക്കുന്നു. അത്യന്തം അപകടകരമായ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ദുരുദ്ദേശപരമായി മറച്ചുവച്ച്, സാങ്കല്പികമായ ഏതോ ഭൂതകാലത്തിൽ അഭിരമിക്കുകയാണ് ഭരണകൂടം.


രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വൈവിദ്ധ്യ സമ്പന്നതയെക്കുറിച്ച് ഏറെ വാചാലനാകുന്നുണ്ട് പ്രധാനമന്ത്രി. എന്നാൽ, യാഥാർത്ഥ്യം എന്താണ്? ആ വൈവിദ്ധ്യങ്ങൾ, വൈരുദ്ധ്യങ്ങൾ, സമൂഹത്തെ വിഭജിക്കാനുള്ള ഉപകരണങ്ങളായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിയ്ക്കായി സമ്പത്ത് സൃഷ്ടിക്കപ്പെടണം. അതിനായി നൂനത മാർഗങ്ങൾ അവലംബിക്കണം. പൗരന്റെ ജീവിത നിലവാരം ഉയരണം. സാമൂഹ്യക്ഷേമ പദ്ധതികൾ ഊർജ്ജിതമാക്കണം. മനുഷ്യവിഭവശേഷി ക്രിയാത്മകമായി ഉപയോഗിക്കപ്പെടണം. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തണം. ക്രയവിക്രയശേഷി വർദ്ധിപ്പിക്കണം. ദൗർഭാഗ്യവശാൽ, ആശാവഹമായ ഒരു കർമ്മപദ്ധതിയും ഈ ദിശയിൽ ഉണ്ടാകുന്നില്ല. തന്നെയുമല്ല, രാജ്യത്ത് സാമൂഹ്യ അസമത്വം വർദ്ധിപ്പിക്കുന്ന പ്രവണതകളാണ് എങ്ങും കാണുന്നത്. മതഭ്രാന്ത്, വർഗീയത, വിദ്വേഷം, വിഘടനവാദം എന്നിവയെല്ലാം ചേർന്ന് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാക്കുന്നു, പുരോഗതി തടസ്സപ്പെടുത്തുന്നു.


ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നു വരുന്നത് ആശ്വാസകരമാണ്. കർണാടക പോലെ ക്ഷേമോന്മുഖമായ സംസ്ഥാനത്ത് അനുവർത്തിക്കപ്പെടുന്ന അനാശ്യാസ പ്രവണതകൾക്കെതിരെ ചില കോർപ്പറേറ്റ് സ്ഥാപനമേധാവികൾ പ്രതികരിക്കുകയുണ്ടായി. ധീരമായ അത്തരം പ്രവണതകൾ പോലും സമൂഹ മാദ്ധ്യമങ്ങളിൽ ഭത്സിക്കപ്പെടുകയാണുണ്ടായത്. വ്യവസായവാണിജ്യ രംഗങ്ങളിലെ പല പ്രമുഖരും സ്വയം പ്രവാസി ഭാരതീയരായി പ്രഖ്യാപിക്കുന്ന പ്രവണതയും ഏറിവരുന്നു. സർവാശ്ലേഷിയായ നമ്മുടെ സംസ്‌കാരം നഷ്ടമാവുകയാണ്. വിദ്വേഷത്തിന്റെ അന്തരീക്ഷമാണ് സമൂഹത്തിൽ നിലനില്‌ക്കുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന, ജാതിമത ചിന്തകൾക്കതീതമായ സ്‌നേഹവും സൗഹൃദവും പരസ്പര വിശ്വാസവും പങ്കുവയ്ക്കുന്ന, നന്മകൾ നിറഞ്ഞ ഒരു സാമൂഹ്യാന്തരീക്ഷം നമുക്ക് നഷ്ടമായിരിക്കുന്നു. പകരം, കേവല രാഷ്ട്രീയ താത്‌പര്യ സംരക്ഷണത്തിനായി ദേശീയത ബലികഴിക്കപ്പെടുകയാണ്.


രാജ്യത്തെയാകെ ഒരു ഉന്മത്താവസ്ഥയിൽ നിലനിറുത്തിക്കൊണ്ട്, ഭിന്നിപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന നിലപാടാണ് ഭരണകൂടം പിന്തുടരുന്നത്. അത്തരം പ്രവണതകൾക്കെതിരെ ഉയരുന്ന പ്രതികരണങ്ങളെ നിർദ്ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുകയാണ്. രാഷ്ട്രീയമായി എതിർചേരിയിലുള്ളവരെ അടിച്ചമർത്താൻ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഭീതിയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു.
നവംബർ 26, ഭരണഘടന ദിനമായി ആചരിക്കാൻ തുടങ്ങിയിരിക്കുന്നു, നരേന്ദ്രമോദി സർക്കാർ. എന്നാൽ, ഭരണഘടനയോട് തെല്ലും കൂറുപുലർത്താതെ, ഓരോ സ്ഥാപനത്തെയും ഷണ്ഡീകരിക്കുന്ന പ്രവർത്തനവും ഒപ്പം നടക്കുന്നു. എന്തൊരു കാപട്യമാണിത് !


വിഭിന്നങ്ങളായ അഭിപ്രായ പ്രകടനങ്ങൾ, ചർച്ചകൾ, നിർദ്ദേശങ്ങൾ അവയൊന്നും തന്നെ സ്വാഗതം ചെയ്യപ്പെടുന്നില്ല. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെ പ്രബുദ്ധരുമായി, ഇൻഡ്യയിലെ സാഹചര്യങ്ങൾ ചർച്ചചെയ്യുന്ന ബുദ്ധിജീവികൾ, ചിന്തകർ, ഉല്പതിഷ്ണുക്കൾ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവർ- അവരെല്ലാം നിരീക്ഷണത്തിന് വിധേയരാണ്.
ഇതര വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുകയും, ചില സമൂഹങ്ങൾ തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന പ്രവണത, അനുദിനം വർദ്ധിച്ച്, ഭീതിദമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തൊഴിലിടങ്ങൾ, അയൽപക്കങ്ങൾ എന്തിന്, ഗൃഹാന്തരീക്ഷം പോലും വിഷലിപ്തമായിരിക്കുന്നു. വെറുപ്പും വിദ്വേഷവും പകയും വ്യക്തിയെ നിയന്ത്രിക്കുന്ന, ഭയാനകമായ വർത്തമാനകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.
വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും വിഭിന്നങ്ങളായ ചിന്താധാരകളും ആശയസംഹിതകളും വിശ്വാസപ്രമാണങ്ങളും, ആചാരാനുഷ്ഠാനങ്ങളുമൊക്കെ നെഞ്ചോട് ചേർക്കുകയും, അവ ആഘോഷമാക്കുകയും ചെയ്ത രാജ്യമാണ് നമ്മുടേത്. സഹിഷ്ണുത, സഹവർത്തിത്വം, സന്മനോഭാവം, സാഹോദര്യം കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന ഈ നന്മകളാണ് ഈ രാജ്യത്തെ മഹത്തരമാക്കിയത്. എന്നാൽ, എന്താണ് ഇപ്പോഴത്തെ അവസ്ഥ? ഏകപക്ഷീയമായ ചിന്താധാര മാത്രം പ്രോത്സാഹിക്കപ്പെടുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്നു. അവിടെ, ഒരു രീതിയിലുള്ള വിയോജനവും അംഗീകരിക്കപ്പെടുന്നില്ല. വിദ്വേഷത്തിന്റെ, അസഹിഷ്ണുതയുടെ, യുക്തിരഹിതമായ മതഭ്രാന്തിന്റെ, അസത്യത്തിന്റെ, സന്ദേശവും ചിന്തയുമാണ് രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്. ഇനിയെങ്കിലും ഇത് തടയാൻ കഴിഞ്ഞില്ലെങ്കിൽ സമൂഹത്തിന്റെ കെട്ടുറപ്പ് എന്നെന്നേക്കുമായി നഷ്ടമാകുന്ന സ്ഥിതിവിശേഷം സംജാതമാകും.
ദുരന്തം വിതയ്ക്കാൻ പര്യാപ്തമായ അഗ്നി ആളിക്കത്തുന്നത് തടയാൻ നമുക്ക് കഴിയണം. വിദ്വേഷത്തിന്റെ സുനാമി, സർവനാശകാരിയായി നമ്മുടെ സമ്പന്നമായ ഭൂതകാലത്തെ തുടച്ചു നീക്കുന്നത് സർവ്വശക്തിയും ഉപയോഗിച്ച് ചെറുത്തേ മതിയാകൂ.

ഗുരുദേവ് ടാഗോർ പ്രാർത്ഥനാപൂർവം പാടുന്ന ആ വരികൾ, ''എവിടെ മനസ്സ് ഭീതിരഹിതമായിരിക്കുന്നുവോ............'' - ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടവയാണ്. ആ വരികളുടെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARNATAKA, GUJARAT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.