SignIn
Kerala Kaumudi Online
Thursday, 25 April 2024 4.36 PM IST

അദൃശ്യശക്തിയുടെ നിലാവിൽ

sad

' പ്രവർത്തിച്ചുകൊണ്ടേയിരിക്കുക; ഫലം വന്നുചേർന്നുകൊള്ളും, അല്പം വൈകിയാണെങ്കിലും.'- എന്നതായിരുന്നു പി.സദാശിവൻ സാറിന്റെ ജീവിതദർശനം. ആരോഗ്യപരിപാലനരംഗത്ത് ഭാരതത്തിന്റെ തനത് മഹിമകളും ഈടുവയ്പുകളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു അന്തർദ്ദേശീയ ആയുർവേദ യൂണിവേഴ്സിറ്റിയാണ് അദ്ദേഹം അവസാനകാലത്ത് സ്വപ്നംകണ്ടിരുന്നത്. കല്ലട കൈതക്കോട്, എരുതനംകാട് ചിറ്റുമലചിറ ഉൾപ്പെടുന്ന വിസ്തൃതമായ ഭൂപ്രദേശം അതിനായി വാങ്ങിയിരുന്നു. പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കി. കുറുക്കുവഴികളിലൂടെയുള്ള എന്തെങ്കിലും നേടിയെടുക്കുക പി.സദാശിവന്റെ സിലബസിലില്ലാത്തതിനാൽ അതിപ്പോഴും സർക്കാർ ഫയലുകളിൽ ഉറങ്ങുന്നു.

ദുഃസ്വാധീനവഴികളെ ഒഴിവാക്കുക മാത്രമല്ല, നഖശിഖാന്തം എതിർക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതുമൂലം നേരിടേണ്ടിവന്ന നഷ്ടങ്ങളും ദുരിതങ്ങളും 'അദൃശ്യശക്തിയുടെ നിലാവിൽ' എന്ന ആത്മഭാഷണ ഗ്രന്ഥത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ അവതാരികയിൽ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞിട്ടുള്ളതുപോലെ അദൃശ്യശക്തിയിലുള്ള വിശ്വാസം ചൊരിയുന്ന നിലാവിലാണ് സർഗധനനായ ഈ വിദ്യാഭ്യാസചിന്തകൻ ജീവിച്ചത്. കുളിർമ നൽകുന്ന പൂനിലാവുപോലെ ഒരു ജീവിതം. സംഭ്രമജനകമായ ചില സംഭവങ്ങൾ ആ നിലാവിനെ പലപ്പോഴും ഇരുട്ടിലേക്ക് വലിച്ചിടാൻ ഒരുമ്പെട്ടിരുന്നു. തീർത്തും മിറക്കിൾ എന്നു വിളിക്കാവുന്ന രക്ഷാവഴികളാണ് ഏതോ അദൃശ്യബാഹുവാലെന്നപോലെ പി.സദാശിവനെ കൈപിടിച്ചുയർത്തിയിരുന്നത്. 'അദൃശ്യശക്തിയുടെ നിലാവിൽ' എന്ന ആത്മഭാഷണം തുടങ്ങുന്നതിങ്ങനെ: 'വിദ്യാലയം ഒരു ക്ഷേത്രമാണ്. അവിടത്തെ കാര്യക്കാരനും മേൽശാന്തിയും കീഴ്ശാന്തിയും കഴകക്കാരനും ഭക്തനുമൊക്കെയായി ഞാൻ ജീവിച്ചു. അവസാന ശ്വാസംവരെയും അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അവിടത്തെ ഒരു പൂജാരിയുടെ ജന്മമാണ് ദൈവം എനിക്കു തന്നതെന്നാണ് എന്റെ വിശ്വാസം. അതിൽ ഞാൻ പൂർണ തൃപ്തനുമാണ്. അതുകൊണ്ടാവാം സർവനാശത്തിന്റെ മുനമ്പുകളിൽ നിന്നുപോലും ഏതോ അദൃശ്യശക്തി എന്നെ രക്ഷിച്ചുകൊണ്ടിരുന്നത്.'

കുട്ടിക്കാലംമുതൽ സഹജീവികളോട് പ്രത്യേകമായ കരുതലും കരുണയും സദാശിവന് തോന്നിയിരുന്നു. സ്വന്തം വിവാഹവും സഹാനുഭൂതിയുടെയും കനിവിന്റെയും പ്രതിഫലനമായിരുന്നു. പിതാവിനെ വാർദ്ധക്യകാലത്ത് ശുശ്രൂഷിച്ചിരുന്ന ബേബി എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ മരണശേഷം ഒറ്റപ്പെട്ടുപോയിരുന്നു. മറ്റാരും തുണയില്ലാത്ത സൗമ്യശീലയായ ആ പെൺകുട്ടിയെയാണ് സദാശിവൻ ജീവിതസഖിയാക്കിയത്. ഏതിരുട്ടിലും വിളക്കായിരുന്നു സദാശിവന് ബേബി. നാലു മക്കൾക്ക് ജന്മംനൽകി വളർത്തിയ ബേബി അകാലത്തിൽ പൊലിഞ്ഞതിന്റെ 19ാം വാർഷികദിനത്തിലാണ് സ്നേഹത്തിന്റെയും കരുതലിന്റെ ആൾരൂപമായ പി.സദാശിവന്റെ ഭൗതികജീവിതത്തിനു തിരശ്ശീലവീണത്.

കേരളത്തിൽ സംരംഭം തുടങ്ങുക വളരെ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ പി.സദാശിവൻ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പടുത്തുയർത്തിയത് കർണാടകത്തിലാണ്. അവിടെ നേരിടേണ്ടിവന്നത് ക്രിമിനലുകളെ വെല്ലുന്ന ഭരണകൂട ഭീകരതയെ. അതെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മഭാഷണത്തിൽ വായിക്കാം. 'ഒരു മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കുക എന്റെ സ്വപ്നമായിരുന്നു. കർണാടകത്തിലെ ആറ് താലൂക്കുകൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന കോളാർ എന്ന സ്ഥലമാണ് അതിനായി തിരഞ്ഞെടുത്തത്. ഓരോ താലൂക്ക് ഹോസ്പിറ്റലിലേക്കു പോകുന്നതിനും 25 കിലോമീറ്റർ മാത്രം. 1984ൽ അപേക്ഷ നൽകി. ഈ സമയത്താണ് ലോകത്തെ നടുക്കിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിയായത്. ഇന്ത്യൻ പൗരനെന്ന നിലയിൽ എനിക്ക് എന്നോടുതന്നെ സഹതാപവും ഈർഷ്യയും തോന്നിയ സന്ദർഭമായിരുന്നു അത്.' എങ്കിലും സ്വപ്നപദ്ധതിയുമായി മുന്നോട്ടുപോയി. കർണാടക സർക്കാരിന്റെ അനുമതി നേടി മെഡിക്കൽ കോളേജും സ്ഥാപിച്ചു. 1985 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യാൻ സമ്മതിച്ചിരുന്ന മുഖ്യമന്ത്രി രാകൃഷ്ണ ഹെഗ്ഡെ സമയമായപ്പോൾ സംരംഭത്തിന് അനുഗ്രഹമറിയിച്ച് പിൻവാങ്ങി. സദാശിവൻസാർ കത്തിച്ച ഉദ്ഘാടനവിളക്ക് അണഞ്ഞു. വീണ്ടും കത്തിച്ച് ചടങ്ങ് നടത്തിയെങ്കിലും ദുഃശകുനത്തിന്റെ തീവ്രത ഭീകരകഥകളെ വെല്ലുന്നതായിരുന്നു. അന്ന് അവിടെ മന്ത്രിയായിരുന്ന ആർ.എൽ. ജാലപ്പ, സദാശിവൻ മലയാളിയാണെന്ന് പറഞ്ഞ് കർണാടകവികാരം ഇളക്കി രംഗത്തെത്തി. പി.സദാശിവൻ സ്ഥാപിച്ച വിശ്വേശ്വരയ്യ ട്രസ്റ്റിന് മന്ത്രിസഭ അനുവദിച്ച മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ ജാലപ്പ സ്വന്തമാക്കി. ദേവരാജ് അരശ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന 'സാങ്കല്പിക നാമ'ത്തിലേക്കാണ് അംഗീകാരം മാറ്റിയത്. അതിനെതിരെ കർണാടക ഹൈക്കോടതിയിൽ കേസ് ഫയൽചെയ്ത സദാശിവനെ വകവരുത്താനായിരുന്നു ജാലപ്പയുടെ തീരുമാനം. ജാലപ്പയുടെ ട്രസ്റ്റിന് അഫിലിയേഷൻ കൈമാറിയത് ഹൈക്കോടതി റദ്ദാക്കിയെങ്കിലും മലയാളി ആയതിനാൽ മന്ത്രിസഭയുടെ ആനുകൂല്യം ലഭിച്ചില്ല. സുപ്രീം കോടതി ഇടപെട്ടതോടെ പി.സദാശിവനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ജാലപ്പയും കൂട്ടരും പൊലീസിന്റെ ഒത്താശയോടെ ആളെയിറക്കി. സഹകരണ മന്ത്രിയായിരുന്ന ജാലപ്പ അതിനിടയിൽ ആഭ്യന്ത്രമന്ത്രിയുമായിരുന്നു. പി.സദാശിവന്റെ അതിർത്തികളിലെല്ലാമുള്ള പൊലീസ് സ്റ്റേഷനുകളിൽ ജാലപ്പ സ്വന്തം കിങ്കരന്മാരെ പ്രതിഷ്ഠിച്ചു. സദാശിവൻ ഒളിവിൽപ്പോയി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ അദൃശ്യശക്തിയുടെ തുണ ലഭിച്ചുകൊണ്ടേയിരുന്നു. നീതി കിട്ടാൻ ഒടുവിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെടുന്ന സഹചര്യവുമുണ്ടായി. പിന്നീട് ഒന്നിലും പിന്തിരിയേണ്ടി വന്നില്ല പി. സാദാശിവന്.

കവിതയും കഥയും ഇതിഹാസപുരാണങ്ങളുമെല്ലാം ഇഷ്ടലോകമായിരുന്ന അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും എഡിറ്റ് ചെയ്യാനുള്ള ഉദ്യമം ഈ ലേഖകനെയാണ് ഏൽപ്പിച്ചിരുന്നത്. അതിന് ചോദിക്കുന്നതിലുമേറെ പ്രതിഫലം നിറഞ്ഞ മനസ്സോടെ തന്നിരുന്നു. പേര് വിളിക്കാനുള്ള എല്ലാ അവസ്ഥയും ഉണ്ടെങ്കിലും ബാബുസർ എന്നല്ലാതെ വിളിച്ചിട്ടില്ല. സദാശിവൻസാർ കാട്ടിയിട്ടുള്ള ശ്രദ്ധയും കരുതലും പിതൃതുല്യമായ ആദരവോടെ ഞാൻ ഓർമ്മിക്കുന്നു. ആ മഹിമയ്ക്കു മുന്നിൽ നമസ്കരിക്കുന്നു. എന്റെ മക്കളോട് കൊച്ചുമക്കളോടെന്ന പോലെ പെരുമാറിയതും മുത്തച്ഛനെപ്പോലെ ഒപ്പമിരുന്ന് ഫോട്ടോകൾ എടുത്തതും മാഞ്ഞുപോകാത്ത ചിത്രമാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലാണ് എന്നെത്തേടി സദാശിവൻ സാറിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഫോൺ കോൾ എത്തിയത്. നേരിട്ടു കാണാൻ അദ്ദേഹം പ്രകടിപ്പിച്ച താത്പര്യം ആദരവോടെ എന്റെ നെ‌ഞ്ചിൽ മരിക്കാതെയുണ്ടാവും. അദ്ദേഹത്തിന് അന്ത്യകർമ്മങ്ങൾ അർപ്പിക്കുമ്പോൾ ദൈവദശകം നിറഞ്ഞ കണ്ണോടെ ചൊല്ലുമ്പോൾ തൊട്ടടുത്ത് സദാശിവൻ സാറിന്റെ മകളുടെ ഭർതൃപിതാവും പഠിക്കുന്ന കാലംമുതൽ എന്നോട് സ്നേഹവുമുള്ള റിട്ട. ഡി.വൈ.എസ്.പി ശശിധരൻ സാറും ഉണ്ടായിരുന്നു. ഞാൻ അവതാരിക എഴുതിയ സദാശവൻ സാറിന്റെ കവിതാസമാഹാരമായ ജീവിതമുദ്ര‌യിലെ 10 കവിതകൾ വീഡിയോ ആൽബമാക്കാനുള്ള ഉദ്യമവും എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അതിന്റെ പകുതിയിലേറെ ജോലി കഴിഞ്ഞപ്പോഴാണ് കൊവിഡ് വന്നുപെട്ടത്. ഞങ്ങളുടെ കൂടിക്കാഴ്ചകൾ അതോടെ മുടങ്ങി. അത് പൂർത്തിയാക്കണം.

ജനനം, കുടുംബം, നേട്ടങ്ങൾ

1935ൽ കൊല്ലം എഴുകോണിൽ ജനനം. 2022 ഏപ്രിൽ 19 ന് വിടപറഞ്ഞു. ബംഗളൂരുവിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സ‌‌ർ എം. വിശ്വേശ്വരയ്യ എഡ്യൂക്കേഷൻ ട്രസ്റ്റ്, കൊല്ലത്തെ രവീന്ദ്രനാഥ ടാഗോർ എഡ്യൂക്കേഷൻ ട്രസ്റ്റ് തുടങ്ങിയവയുടെ സ്ഥാപകനും ചെയർമാനുമായിരുന്നു. കുണ്ടറയിൽ ടാഗോ‌ർ കോളേജ് സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്തേക്കു വന്ന സദാശിവൻ ക‌ർണാടകയിലും കേരളത്തിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപനായി. അദൃശ്യശക്തിയുടെ നിലാവിൽ, സരയു സാക്ഷിയാണ്, ജീവിതമുദ്രകൾ, ബ്ലാക്ക് മണി, കൊവിഡ്-19 കോസ് ആൻഡ് റെമഡീസ്, എ ജേർണി ത്രു ദി ലാൻഡ് ഒഫ് എൻഷ്യന്റ് ഋഷീസ്‌ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഡോ.ജൂനോ, അഡ്വ. സുനിൽ, ബജോർ, ഡോ. സിദ ടാഗോർ എന്നിവർ മക്കളും ഡോ. സ്മിത ജൂനോ, അമ്പിളി സുനിൽ, ലെത്തീഷ്യ ബജോർ, ഡോ. അരുൺ ശശിധരൻ എന്നിവർ മരുമക്കളുമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P SADASIVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.