മലപ്പുറം: 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലാതല കാമ്പയിന് തുടക്കമായി. കേരള നോളേജ് ഇക്കണോമി മിഷൻ, കുടുംബശ്രീ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടുകളും കേന്ദ്രീകരിച്ചു 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ തൊഴിൽ നേടാൻ സന്നദ്ധരാക്കും. ഇതിനായി വീടുകൾ തോറും സർവെ നടത്തി വിശദാംശങ്ങൾ ശേഖരിക്കും. മേയ് എട്ട് മുതൽ 15 വരെ ഒരാഴ്ച 'ജാലകം'എന്ന മൊബൈൽ അപ്ലിക്കേഷനുമായി കുടുംബശ്രീ എന്യൂമറേറ്റർമാർ വീടുകളിലെത്തും. ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കക്കൂത്ത് അദ്ധ്യക്ഷനായി. കില ഫെസിലിറ്റേറ്റർ എ. ശ്രീധരൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സി.ആർ രാകേഷ് എന്നിവർ സംസാരിച്ചു. 210 റിസോഴ്സ് പേഴ്സൺമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |