കൊച്ചി: ആഗോള പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനത്തെച്ചൊല്ലിയും യാക്കോബായ സഭയിൽ വിവാദം. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്ന് കാതോലിക്കബാവയുടെ രാജിയിൽ കലാശിച്ച ചേരിതിരിവിന്റെ തുടർച്ചയാണ് വിവാദം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പാത്രിയാർക്കീസ് ബാവ ഇന്ത്യയിലെത്തുന്നതെങ്കിലും പ്രാദേശിക സഭയുടെ ചടങ്ങുകളിൽ പങ്കെടുക്കാത്തതാണ് വിവാദമുണ്ടാക്കുന്നത്.
എന്നാൽ തന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലും ഉടമസ്ഥതയിലുമുള്ള സ്ഥാപനങ്ങളായ മഞ്ഞനിക്കര, മലേക്കുരിശ് ദയറ, പാമ്പ്ര സിംഹാസനപ്പള്ളി എന്നിവിടങ്ങളിലെ ചടങ്ങുകളിൽ ബാവ പങ്കെടുക്കും. ഇവയുടെ ഭരണത്തിൽ ഭാരതസഭയ്ക്ക് ബന്ധമില്ല. സഭയുടെ പ്രാദേശിക ആസ്ഥാനമായ എറണാകുളം പുത്തൻകുരിശിലെ യോഗം മാത്രമാണ് ബാവ പങ്കെടുക്കുന്ന പ്രാദേശിക പരിപാടി.
സഭാ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് ബാവ ഒൗദ്യോഗിക പരിപാടികളിൽ പങ്കെടുക്കാത്തതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. വിമർശനം രൂക്ഷമായപ്പോഴാണ് പാത്രിയാർക്കാ സെന്ററിൽ സഭാസമിതികളുടെ യോഗത്തിലേക്ക് ബാവയെ ക്ഷണിച്ചതെന്ന് മുതിർന്ന വൈദികൻ 'കേരളകൗമുദി"യോട് പറഞ്ഞു.
27ന് മടങ്ങും.
24ന് രാവിലെ 10ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന പാത്രിയാർക്കീസ് ബാവ മഞ്ഞനിക്കരയ്ക്ക് പോകും. ദയറ പള്ളിയിൽ സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുക്കും. പുതിയ കെട്ടിടത്തിന്റെ കൂദാശയും നിർവഹിക്കും. 25ന് പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് മലേക്കുരിശ് ദയറായിൽ നിർമ്മിച്ച അഗതിമന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് ആറിന് പാമ്പ്ര സെന്റ് ജോർജ് സിറിയൻ പള്ളിയിൽ കൂദാശയിൽ പങ്കെടുക്കും. തുടർന്ന് 27ന് ലബനനിലേക്ക് മടങ്ങും.
പ്രതിഷേധം രൂക്ഷം
അതിനിടെ ഓർത്തഡോക്സ് സഭയുമായുള്ള കേസുകളിൽ തോറ്റതിന്റെ പേരിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം രൂക്ഷമാണ്. കേസുകളുടെ നടത്തിപ്പിന് കോടികൾ ചെലവഴിച്ചിട്ടും വിധി പ്രതികൂലമായതിൽ ഒരുവിഭാഗം പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ചുമതലയായ മലങ്കര മെത്രാപ്പൊലീത്തൻ ട്രസ്റ്റി പദവി കാതോലിക്കബാവ ബസേലിയോസ് തോമസ് പ്രഥമൻ രാജിവച്ചത്.