SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.51 AM IST

മുങ്ങിത്താഴുന്ന ഫെഡറലിസവും, ഉലയുന്ന കേന്ദ്ര സംസ്ഥാന ബന്ധങ്ങളും

photo

ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളാണ് ഫെഡറലിസത്തിന്റെ കാതൽ. പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം സഹകരിക്കുന്നു.

ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ പരിഗണിക്കേണ്ട വിഷയങ്ങൾ സംസ്ഥാന പട്ടിക, കേന്ദ്രപട്ടിക,സമവർത്തി പട്ടിക എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികയിലുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമാണം നടത്താം. കേന്ദ്ര പട്ടിക അഥവാ യൂണിയൻ പട്ടികയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് കേന്ദ്രത്തിന് നിയമനിർമാണം നടത്താനാവുക. അതിലിടപെട്ട് വിഷയങ്ങളിൽ ഉത്തരവുകളിറക്കാൻ മൂന്നാം പട്ടിക അഥവാ കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരുപോലെ ഇടപെടുകയും നിയമനിർമാണം നടത്തുകയും ചെയ്യാം.

സംസ്ഥാന പട്ടികയിലുൾപ്പെട്ട സഹകരണത്തിലും കൃഷിയിലും കേന്ദ്രം നിയമനിർമാണം നടത്തിയത് പലതരത്തിലുള്ള സമരങ്ങളിലേക്ക് വഴിതെളിച്ചത് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെ നീണ്ടുനിന്നു. ഒടുവിൽ കേന്ദ്രത്തിന് ആ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതും ചർച്ചയായി. ഇത്തരത്തിലുള്ള ലെജിസ്ലേറ്റീവ് കടന്നുകയറ്റങ്ങൾ ഫെഡറലിസത്തിന് വലിയ തോതിലുള്ള ഉലച്ചിൽ സൃഷ്ടിക്കുന്നു.

പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നപ്പോൾ പഞ്ചായത്തുകൾക്ക് സ്വതന്ത്രമായി അധികാരങ്ങൾ ഉപയോഗിക്കാൻ സാധിച്ചു. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നപ്പോൾ അധികാരം താഴേത്തട്ടുകളിലേക്ക് വീതിച്ചു നൽകപ്പെടുകയും അധികാര വികേന്ദ്രീകരണമെന്ന വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു.

ചർച്ച ചെയ്യാതെ

പാസ്സാക്കുന്ന നിയമങ്ങൾ

1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പ്രാദേശികമായ വിഷയങ്ങളിൽ അതത് ഭരണകർത്താക്കൾക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം വ്യവസ്ഥ ചെയ്തിരുന്നു. ചില സംസ്ഥാനങ്ങൾക്ക് ഈ അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ വിഷയമാണ് സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൽ ചർച്ച ചെയ്തത്. ഇന്ന് പാർലമെന്റ് കാര്യമായ ചർച്ചകൾ നടത്താതെ നിയമങ്ങൾ പാസാക്കിയെടുക്കുന്നു. പൗരത്വ ഭേദഗതി നിയമം, കാർഷികനിയമം, ക്രിമിനൽ നടപടിക്രമം തുടങ്ങി ഒട്ടേറെ നിയമങ്ങൾ അപ്പം ചുട്ടെടുക്കുന്നതുപോലെ പാർലമെന്റ് പാസാക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യ, ഫെഡറൽ വ്യവസ്ഥിതികളുടെ മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തോട് വിഷയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു ആസൂത്രണകമ്മിഷൻ. അതിപ്പോൾ ഇല്ലാതാക്കി. മറ്റൊരു സംവിധാനമായിരുന്നു ദേശീയ വികസന കൗൺസിൽ. സംസ്ഥാനങ്ങൾക്ക് അവരുടെ പരാധീനതകളും പരാതികളും അവിടെ സമർപ്പിച്ച് പരിഹാരം തേടാനാകുമായിരുന്നു. അതും നോക്കുകുത്തിയായി. പല വിഷയങ്ങളിലും കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധയും സഹായവും ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട് ഭൂരിപക്ഷം സംസ്ഥാനങ്ങളും. നിലവിലെ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷം ജി.എസ്.ടി നിയമം കൊണ്ടുവന്നു. സംസ്ഥാനത്തിന് കിട്ടേണ്ട റവന്യൂ വിഹിതത്തിൽ അർഹിക്കുന്ന പ്രതിനിധ്യം ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വിഹിതത്തിൽ അർഹിക്കുന്ന പരിഗണന നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. ദൈനംദിന ചെലവുകൾക്ക് ഉയർന്ന പലിശനിരക്കിൽ പണം കടംവാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങളെ വളർച്ചാ മുരടിപ്പിലേക്ക് വലിച്ചെറിയും.

ഗർവണർ നിയമനം

1983ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ജസ്റ്റിസ് രഞ്ജിത് സിംഗ് സർക്കാരിയ അദ്ധ്യക്ഷനായ സർക്കാരിയ കമ്മിഷൻ നൽകിയ നിർദ്ദേശം ഗവർണർമാരുടെ നിയമനം സംസ്ഥാന മുഖ്യമന്ത്രിയും ഇന്ത്യൻ ഉപരാഷ്ട്രപതിയും ലോക്‌സഭാസ്പീക്കറും കൂടിയാലോചിച്ച് വേണം നടത്താനെന്നാണ്. പാർലമെന്ററി സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നല്ല അടുപ്പമുണ്ടായിരിക്കണം. എങ്കിലേ സംസ്ഥാനത്തെ ഭരണപരമായ കാര്യങ്ങൾ സുഗമമാകൂ.

ഗവർണർമാരെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് പ്രാധാന്യം നൽകാനും സർക്കാരിയ കമ്മിഷൻ ശുപാർശ ചെയ്യുന്നു. നിർഭാഗ്യമെന്ന് പറയട്ടെ കേന്ദ്ര സർക്കാർ ഒരു കൂടിയാലോചനയ്ക്കും നിൽക്കാതെ രാഷ്ട്രീയമായിപ്പോലും അവരുടെ അടുപ്പക്കാരെ സംസ്ഥാനങ്ങളിലേക്ക് കെട്ടിയിറക്കുന്ന സ്ഥിതിവിശേഷമാണ്. ഇത്തരം വിഷയങ്ങളിൽ കാലോചിതമായ മാറ്റമുണ്ടായാലേ കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ ഉലയാതെ ഫെഡറൽ സംവിധാനത്തെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനാകൂ.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 263ൽ ഒരു അന്തർസംസ്ഥാന കൗൺസിൽ (ഐ.എസ്.സി- ഇന്റർ സ്റ്റേറ്റ് കൗൺസിൽ) സ്ഥാപിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു. ഒരു കൗൺസിൽ സ്ഥാപിക്കുന്നതിലൂടെ പൊതു താത്‌പര്യങ്ങൾ നിറവേറ്റപ്പെടുമെന്ന് രാഷ്ട്രപതിക്ക് എപ്പോഴെങ്കിലും തോന്നിയാൽ അത് ചെയ്യാം. ഭരണഘടന ഐ.എസ്.സി സ്ഥാപിച്ചില്ല. കാരണം ഭരണഘടന രൂപീകരിക്കുന്ന സമയത്ത് അതിന്റെ ആവശ്യം അനുപേക്ഷണീയമായിരുന്നില്ല. പക്ഷേ അതിന്റെ സ്ഥാപനത്തിനുള്ള ഓപ്ഷൻ തുറന്നിരുന്നു. ഈ ഓപ്ഷൻ 1990ൽ പ്രയോഗിച്ചു. സർക്കാരിയ കമ്മിഷൻ ശുപാർശ പ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 1990 മേയ് 28ന് ഐ.എസ്.സി ഒരു സ്ഥിരം സ്ഥാപനമായി രൂപവത്കരിക്കപ്പെട്ടു.
കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ തമ്മിലെ നയങ്ങൾ, പൊതു താത്‌പര്യ വിഷയങ്ങൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ ചർച്ച ചെയ്യുകയോ അന്വേഷിക്കുകയോ ആണ് ഐ.എസ്.സിയുടെ ലക്ഷ്യവും ഉത്തരവാദിത്വങ്ങളും. വീക്ഷണം, നിയമനിർമ്മാണ ബന്ധങ്ങൾ, ഭരണപരമായ ബന്ധങ്ങൾ, ഗവർണറുടെ പങ്ക്, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം, അടിയന്തരാവസ്ഥാ വ്യവസ്ഥകൾ, സാമ്പത്തിക ബന്ധങ്ങൾ, സാമ്പത്തിക-സാമൂഹിക ആസൂത്രണം, വ്യവസായങ്ങൾ, ഖനികളും ധാതുക്കളും, കൃഷി, വനങ്ങൾ, ഭക്ഷണവും സിവിൽ സപ്ലൈസും, അന്തർസംസ്ഥാന നദീജല തർക്കങ്ങൾ, ഇന്ത്യൻ ടെറിട്ടറിയിലെ വ്യാപാരം, വാണിജ്യം, ബഹുജന മാദ്ധ്യമങ്ങൾ, മറ്റ് വിവിധ കാര്യങ്ങൾ, ഉൾപ്പെടെ സമസ്ത മേഖലകളിലും കേന്ദ്ര-സംസ്ഥാന സഹവർത്തിത്വം അനിവാര്യമാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഊഷ്മളബന്ധത്തിലൂടെ മാത്രമേ പങ്കുവയ്ക്കലിന്റെ ഫെഡറൽ സംവിധാനത്തിന് എല്ലാ അർത്ഥത്തിലും ജീവൻ നിലനിറുത്താനാവൂ. കപ്പും സോസറും പോലെ അത് ചേർന്നുനിൽക്കണം. വരുമാനം പങ്കുവയ്ക്കൽ പ്രക്രിയയിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് നയം സംസ്ഥാനങ്ങളുടെ കഴുത്തു ഞെരിക്കുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കേണ്ട കടമ കേന്ദ്രസർക്കാരിനുണ്ട്. അതിൽ രാഷ്ട്രീയം നോക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE AND CPM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.