SignIn
Kerala Kaumudi Online
Thursday, 25 April 2024 4.40 PM IST

കണ്ണൂർ എന്ന രാഷ്ട്രീയ 'തല'സ്ഥാനം

photo

ഇടതുമുന്നണി കൺവീനറായി ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയും നിയോഗിക്കപ്പെട്ടതോടെ ഭരണവും പാർട്ടിയും മുന്നണിയും എല്ലാം കണ്ണൂരിന്റെ പിടിയിലേക്ക് വരികയാണ്. മൂന്നരപതിറ്റാണ്ടിനു ശേഷമാണ് എൽ.ഡി.എഫ് കൺവീനർ കണ്ണൂരിലേക്ക് വരുന്നത്. ബദൽരേഖയുടെ പേരിൽ എം.വി. രാഘവനൊപ്പം സി.പി.എമ്മിൽ നിന്നു പുറത്തായ പി.വി. കുഞ്ഞിക്കണ്ണനായിരുന്നു ആ കണ്ണൂരുകാരൻ.
ഇടത് മുന്നണിയുടെ രണ്ടാം തുടർഭരണത്തിന് നേതൃത്വം നൽകുന്നത് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ പാറപ്രത്തിന് തൊട്ടടുത്ത പിണറായി ഗ്രാമത്തിലെ പിണറായി വിജയെന്ന മുഖ്യമന്ത്രിയാണ്. മന്ത്രിസഭയെ പിണറായി വിജയൻ നയിക്കുമ്പോൾ ഭരണമുന്നണിയിലെ ഏറ്റവും ശക്തമായ പാർട്ടിയായ സി.പി.എമ്മിന്റെ അമരത്തുള്ളത് തലശേരി കോടിയേരി സ്വദേശി കോടിയേരി ബാലകൃഷ്ണനും. പൊളിറ്റിക്കൽ സെക്രട്ടറിയായി മാവിലായി സ്വദേശി പി. ശശിയും. ഇ.കെ. നായനാർ മന്ത്രിസഭയിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് ശശി രണ്ടാം പിണറായി സർക്കാരിൽ പുതിയ ചുമതലക്കാരനായെത്തുന്നത്.
കണ്ണൂർ അങ്ങനെയാണ്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ നിരവധിപേർ ഇവിടെയുണ്ട്. ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്, ആദ്യത്തെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയായ ആർ.ശങ്കർ, ഇ.കെ. നായനാർ, കെ. കരുണാകരൻ ഏറ്റവും ഒടുവിലായി പിണറായി വിജയൻ. ഇവരെല്ലാം കണ്ണൂരുകാരോ കണ്ണൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരോ ആണ്. ആർ.ശങ്കർ കണ്ണൂരിൽ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തിയത്. ഇ.എം.എസ് 1957ൽ കണ്ണൂരിന്റെ ഭാഗമായിരുന്ന നീലേശ്വരത്ത് നിന്നാണ് മത്സരിച്ച് ആദ്യ മുഖ്യമന്ത്രിയായത്.
ഭരണം മാത്രമല്ല, സി.പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയവരും കണ്ണൂരിൽ നിന്നുള്ളവരാണ്. ഇ.എം.എസ്, വി.എസ്. അച്യുതാനന്ദൻ ഒഴികെയുള്ള മറ്റെല്ലാ സെക്രട്ടറിമാരും കണ്ണൂരിൽ നിന്നുള്ളവരുമാണ്. സി.എച്ച്. കണാരൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരാണ് കണ്ണൂരിൽ നിന്നു സി.പി. എമ്മിനെ ഏറെക്കാലം നയിച്ചവർ.
ഇടതുമുന്നണി രൂപീകരിക്കുന്നതിന് മുമ്പ് സി.പി.എം നേതൃത്വം നൽകിയ ഐക്യമുന്നണി കൺവീനർ സ്ഥാനവും കണ്ണൂർ സ്വദേശി വഹിച്ചിരുന്നു. അഴീക്കോടൻ രാഘവനായിരുന്നു ഐക്യമുന്നണി കൺവീനറായി പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ച അഴീക്കോടൻ രാഘവൻ 1972 സെപ്റ്റംബർ 23 ന് തൃശൂരിൽ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. വിവാദമായ തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കൈവശമുണ്ടെന്ന സംശയത്തിൽ രാഷ്ട്രീയ എതിരാളികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും കൊലപാതകത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായ കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടെന്നും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ് നിയമസഭയിൽ ആരോപിച്ചിരുന്നു. മരിക്കുമ്പോൾ അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായിരുന്നു.
പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യം പേറുന്ന ജില്ല എന്ന നിലയിൽ അഭിമാനിക്കേറെ വകയുണ്ട് കണ്ണൂരിന്. ഇതുവരെയും മഹാനഗരങ്ങളിൽ മാത്രം നടന്നിരുന്ന പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ വേദിയൊരുക്കി ഈ ചരിത്രനഗരത്തിന്റെ ഖ്യാതി കടൽ കടന്നെത്തിക്കാനും സി.പി. എമ്മിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഇതൊക്കെയാണെങ്കിലും സി.പി. എമ്മിൽ ചെറിയ ചെറിയ അപശബ്ദങ്ങൾ കണ്ണൂരിൽ നിന്നുതന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയോഗിച്ചപ്പോൾ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജൻ ആ തീരുമാനത്തിനെതിരെ വിയോജിപ്പുമായി രംഗത്ത് വന്നതാണ് അസ്വസ്ഥതയുടെ പുതിയ വിത്തായി പരിണമിച്ചത്.

സി.പി.എം മുൻ കണ്ണൂർ ജില്ലാസെക്രട്ടറി പി.ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത് കൂടുതൽ കരുത്തോടെ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി. ശശി സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 1997ൽ ശശിക്ക് മുൻപിൽ രണ്ടാമതും വഴി തുറന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് ശശിയായിരുന്നു. പി. ജയരാജന്റെ പരിഭവം

ശശിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ താൻ അത്തരമൊരു ആരോപണം നടത്തിയില്ലെന്ന് പി.ജയരാജൻ പിന്നീട് തിരുത്തുകയും ചെയ്തു. ഇവിടെ പറയാതെ പറഞ്ഞത് എന്താണെന്നത് എഴുതാപ്പുറം വായിച്ച ചിലർക്കെങ്കിലും മനസ്സിലായിക്കാണും. താൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അത്തരമൊരു പരാമർശം പി.ജയരാജൻ നടത്തിയില്ലെന്ന വിശദീകരണവുമായി ഇ.പി. ജയരാജനും പിന്നാലെ വന്നു. പ്രായത്തിന്റെ പേരിലും യുവാക്കളെ മുഖ്യധാരയിലെത്തിക്കുന്നതിന്റെയും ഭാഗമായി നടത്തിയ പരിഷ്കാരങ്ങളിലെ അതൃപ്തിയാണ് ജയരാജൻ യോഗത്തിൽ പറഞ്ഞത്. പി.ശശിയുടെ പുതിയ രാഷ്ട്രീയ നിയോഗം അതിനൊരു കാരണമായെന്നു വേണം കരുതാൻ. പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ നിന്നു ഇത്തവണ സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.ജയരാജൻ ഇടം നേടുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ശശിയുടെ താക്കോൽ സ്ഥാനത്തെത്തിച്ച തീരുമാനവുമുണ്ടാകുന്നത്. ശശിയുടെ ഭരണപരിചയവും സംഘടനാ മികവുമാണ് അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ വഴിയൊരുക്കിയത്. ഈ യാഥാർത്ഥ്യത്തെ പി.ജയരാജൻ ഉൾപ്പടെയുള്ളവർ അംഗീകരിക്കുന്നുമുണ്ട്. ഇതിനു പിന്നാലെ പി. ജയരാജനെച്ചൊല്ലി കണ്ണൂരിലെ സി.പി. എം അണികൾക്കിടയിൽ വാക്‌പോര് മുറുകിയതും പ്രത്യേകം ശ്രദ്ധേയമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിൽ പി .ജയരാജന്റെ നടപടിയെ ന്യായീകരിച്ചും വിമർശിച്ചും പോസ്റ്റുകൾ നിറഞ്ഞതും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ്. പി. ജയരാജനെതിരെ വിമർശനത്തിന് കാരണമായ 'ചെന്താരകം' വാഴ്ത്തുപാട്ട് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും അപ് ലോഡ് ചെയ്താണ് ചിലർ രംഗത്ത് വന്നത്.

പാർട്ടി പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയിൽ കൊണ്ടുവന്നതിനെ വിമർശിച്ച പി. ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുഭാവി ഗ്രൂപ്പുകളിൽ നിറയുന്നത്.
തരം താഴ്തപ്പെട്ടവനെ ഉയർത്തി രാഷ്ട്രീയ ഉപദേഷ്ടാവ് ആക്കിയാൽ അയാൾ ഇനിയും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന് പി. ശശിക്ക് എതിരായി പോസ്റ്റുകൾ. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗംസഹിച്ച പി. ജയരാജനെ നേതൃത്വം തഴഞ്ഞാലും അണികളുടെ ഇടനെഞ്ചിലുണ്ട് പി. ജെയെന്ന വാഴ്ത്തുപാട്ടും.
പി. ജയരാജന്റെ വിരലറ്റുപോയ കൈപ്പത്തി പ്രൊഫൈൽ പിക്ചറാക്കിയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.