Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

കെ.എം. മാണി പകരം വയ്ക്കാനില്ലാത്ത നേതാവ്: ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു കെ.എം. മാണിയെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ഗവേഷണ വിധേയമാക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്നം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച കെ.എം. മാണി സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസിനെ പ്രസക്തിയുള്ള പ്രസ്ഥാനമാക്കി മാറ്റിയത് മാണിസാറാണ്. ജനകീയമുഖമുള്ളവയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റുകൾ. സാധാരണ ജനങ്ങൾക്ക് വേണ്ടി ഏറ്റവുമധികം ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ രാഷ്ട്രീയനേതാവ് കൂടിയാണ് കെ.എം. മാണിയെന്നും ചെന്നിത്തല പറഞ്ഞു.

ഇടപെടുന്ന ഏതുകാര്യങ്ങളിലും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു മാണിസാറെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എപ്പോഴും തനിക്ക് ആത്മവിശ്വാസം പകർന്ന് നൽകുമായിരുന്നു. മാണിസാറുണ്ടെങ്കിൽ സംശയ നിവാരണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. രണ്ട് തവണ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും ധനകാര്യവും നിയമവും കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ആ വകുപ്പുകളിൽ ഒരു കാര്യവും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കെ.എം. മാണിയുടെ രാഷ്ട്രീയ പ്രവർത്തനം ഗവേഷണവിഷയമാക്കണമെന്ന് മുൻ സ്പീക്കർ എം. വിജയകുമാർ പറഞ്ഞു. നിയമസഭയുടെ റിസർച്ച് വിഭാഗം ഈ ദൗത്യം ഏറ്റെടുക്കണം. കേരള രാഷ്ട്രീയം വിലയിരുത്തുമ്പോൾ അവഗണിക്കാനാവാത്ത വ്യക്തിത്വമാണ് കെ.എം. മാണിയുടേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയ്ക്ക് സമഗ്ര സംഭാവനയാണ് അദ്ദേഹം നൽകിയത്. ഏറെ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മന്ത്രിമാരിൽ ഒരാളായിരുന്നു മാണിയെന്ന് ഒ. രാജഗോപാൽ എം.എൽ.എ ചൂണ്ടിക്കാട്ടി. ഞാൻ ആദ്യമായി നിയമസഭയിൽ എത്തിയപ്പോൾ സഭാകാര്യങ്ങളിൽ മാർഗദർശിയായിരുന്നു മാണി.

ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, എൻ. ജയരാജ്, റോഷി അഗസ്റ്രിൻ, വിവിധ കക്ഷി നേതാക്കളായ വി.കെ. ഇബ്രാഹിംകുഞ്ഞ്, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, ജയചന്ദ്രൻ, അജയൻ നെല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.

മാണിയെ പരസ്യമായി വിമർശിച്ചിട്ടില്ല: പി.ജെ. ജോസഫ്

മാണിസാറിന്റെ ഏ​റ്റവും വലിയ വിജയം ജനങ്ങളുമായുള്ള ഹൃദയബന്ധമായിരുന്നുവെന്നു കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. 1970 മുതൽ മാണിസാറുമായി ആത്മബന്ധം ഉണ്ട്. രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽപ്പോലും കെ.എം. മാണിയെ പരസ്യമായി വിമർശിച്ചിട്ടില്ല. ഇടയ്ക്ക് ചില പ്രത്യേക കാരണങ്ങളാൽ രണ്ടു പാർട്ടികളായി പിളർന്നു. വീണ്ടും ലയനം നടപ്പോൾ കെ.എം. മാണിക്കാണ് ചെയർമാൻ സ്ഥാനം നല്കിയത്. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാണിസാർ ഒ​റ്റയ്ക്ക് വിളിച്ച് ചർച്ച ചെയതിട്ടുണ്ട്. ഈ ചർച്ചയിലെ 90 ശതമാനം കാര്യങ്ങളും താൻ അംഗീകരിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA