SignIn
Kerala Kaumudi Online
Friday, 29 March 2024 12.49 AM IST

പൊതുമേഖലയും പുതിയ ശുപാർശകളും

photo

പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തികച്ചും വ്യത്യസ്തമായ നയസമീപനമാണ് പുലർത്തുന്നത്. നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിനാണ് കേന്ദ്രം കൂടുതൽ ഉൗന്നൽ നൽകുന്നത്. കേരളമാകട്ടെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ലാഭത്തിലാക്കാനും അതുവഴി കൂടുതൽ ജനകീയമാക്കുന്നതിനുമാണ് ശ്രമിക്കുന്നത്. എയർഇന്ത്യ തന്നെ അറുപതിനായിരം കോടിയോളം രൂപ നഷ്ടത്തിലായപ്പോഴാണ് ടാറ്റാ ഗ്രൂപ്പിന് വിട്ടുകൊടുത്തത്.

നഷ്ടം വരുമ്പോൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും സർക്കാർ നടത്തിയ കാലത്ത് വിമാനക്കമ്പനി ചെയ്യാറില്ലായിരുന്നു. കേരളം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ യോജിക്കാനാവില്ല. കോടികളുടെ ആസ്‌തികൾ ഉള്ളവയാണ് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും. സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം ഒരു സുപ്രഭാതത്തിൽ സ്വകാര്യ വ്യവസായിയുടെ സ്വത്താക്കി മാറ്റുന്നതിനോട് ഇടതുപക്ഷ ചിന്താഗതി പുലർത്തുന്ന സർക്കാരിന് യോജിക്കാനാകില്ല. ഇങ്ങനെയുള്ള നിലപാട് രാഷ്ട്രീയമായി ശരിയാണെങ്കിലും മറ്റ് പല യാഥാർത്ഥ്യങ്ങളും ഇതിനൊപ്പം ഉൾക്കൊള്ളേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിനെ ആശ്രയിക്കാതെ അവരുടേതായ നിലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതിന് ഉതകുന്ന ശുപാർശകളാണ് ഇതുസംബന്ധിച്ച് പഠിച്ച വിദഗ്ദ്ധസമിതി ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ സമിതിയുടെ ശുപാർശയുടെ അന്തഃസത്ത എന്നത് പൊതുമേഖലയ്ക്ക് പ്രവർത്തിക്കാൻ കൂടുതൽ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നൽകണമെന്നതാണ്.

സ്വകാര്യ മേഖല ലാഭമുണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം അവർ മുടക്കുന്ന മൂലധനമല്ല. മറിച്ച് അവർ തീരുമാനങ്ങൾ എടുക്കുന്നതിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അതേസമയം പൊതുമേഖലയിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ സർക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതി ആവശ്യമാണ്. കമ്പനിയുടെ എം.ഡിയുടെയും ഡയറക്ടർ ബോർഡിന്റെയും മുകളിലാണ് സർക്കാരിന്റെ അധികാരം. ഇത് തുടക്കത്തിൽ സഹായകരമായെങ്കിലും ഈ മാറിയ കാലത്ത് തടസമായാണ് മാറിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വന്തം ഈടിൽ ബാങ്ക് വായ്‌പയെടുക്കാനുള്ള അനുവാദം നൽകുക, മൂലധനച്ചെലവ് ഏറ്റെടുക്കാനും മെഷിനറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനും അധികാരം നൽകുക, തൊഴിലാളികളുടെ പുനർവിന്യാസം, സ്ഥാനക്കയറ്റം, മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം തുടങ്ങിയവയ്ക്ക് അനുവദിക്കുക എന്നിങ്ങനെ നിരവധി ശുപാർശകൾ നൽകിയിട്ടുണ്ട്.. ഒരു വർഷം എടുക്കുമ്പോൾ നഷ്ടത്തിന് പല കാരണങ്ങളും നിരത്താനുണ്ടാകും. എന്നാൽ മൂന്ന് മാസം കൂടുമ്പോൾ അവലോകനം നടത്തിയാൽ പല പിഴവുകളും ഒഴിവാക്കാനാകും. ശുപാർശകളിൽ രണ്ട് മാസത്തിനുള്ളിൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചിരിക്കുന്നത്. പൊതു സ്ഥാപനങ്ങളെ മെച്ചപ്പെടുത്തി ലാഭത്തിലേക്കും അതുവഴി അതിന്റെ ഗുണഫലം ജനങ്ങളിലേക്കും എത്തിച്ചാൽ രാജ്യത്തിനു തന്നെ അതൊരു ബദൽ മോഡലായി മാറാതിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.