SignIn
Kerala Kaumudi Online
Sunday, 18 August 2019 8.48 PM IST

'സഭക്കുള്ളിലെ ലൈംഗികപീഡനം മറച്ചുവെയ്ക്കരുത്'

marpapa

കത്തോലിക്കാസഭയിൽ നവീകരണം ആഗ്രഹിക്കുന്ന വിശ്വാസസമൂഹത്തിന് പ്രത്യാശ നൽകുന്ന വാക്കുകളാണ് മെയ് പത്താം തിയതി വെള്ളിയാഴ്ച്ചയിലെ ദിനപ്പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. തന്റെ അപ്പസ്‌തോലികക്കത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഇക്കാര്യംരേഖപ്പെടുത്തിയത്. സഭാനിയമത്തിലേക്ക് നയിക്കുന്നവിധം ഗൗരവതരമായതാണ് അപ്പസ്‌തോലികലേഖനം. കത്തോലിക്കാസഭക്കുള്ളിലെ ലൈംഗികപീഡന ആരോപണങ്ങളിൽ കർശനനിർദ്ദേശങ്ങളും ശക്തമായ താക്കീതുകളും അടങ്ങിയ, തന്റെ വ്യക്തിപര മേൽനോട്ടത്തിൽ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം, 2019 മെയ് 9 ന് മാർപ്പാപ്പ പുറത്തിറക്കുകയുണ്ടായി. സദുദ്ദേശ്യത്തോടെ ഫ്രാൻസിസ് പാപ്പ മുന്നോട്ടുവെച്ച പല നല്ല നിർദ്ദേശങ്ങളും കർദ്ദിനാളുകളുടെ മുന്നിൽ വോട്ടിനിട്ടപ്പോൾ തള്ളിപ്പോയത്‌ പോപ്പിന്റെ മുൻകാല അനുഭവം ആണല്ലോ. സഭക്കുള്ളിലെ ലൈംഗിക പീഡനക്കുറ്റങ്ങൾ പുരോഹിതരും കന്യാസ്ത്രികളും മറച്ചുവെയ്ക്കരുത് എന്ന്‌ പോപ്പ് ഊന്നിപ്പറഞ്ഞിരിക്കുന്നത് സ്വാഗതാർഹമാണ്.

വ്യക്തവും ശക്തവും ആണ്‌പോപ്പിന്റെ നിർദ്ദേശങ്ങൾ...
1. പീഡനപ്പരാതി 90 ദിവസത്തിനകം അന്വേഷണം നടത്തി
റിപ്പോർട്ട് നൽകണം.
2. വിവരങ്ങൾ നൽകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണം.
3. പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ ജൂൺ 2020 നുള്ളിൽ എല്ലാ രൂപതകളിലും ഉണ്ടായിരിക്കണം
4. സഭാധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

ഏറ്റവും ശ്രദ്ധേയവും വിപ്ലവാത്മകവുമായ നിർദ്ദേശം ഇതാണ്:" the new apostolic letter makes clear that clerics should also follow state law and meet their obligations to report any abuse to the competent civil authorities '.
രാജ്യത്തെ നിയമസംവിധാനവുമായി സഹകരിച്ചുകൊണ്ട് പീഡനപ്പരാതികൾ നിയമം കയ്യാളുന്നവരോട് സഭാധികാരികൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തെയും പൗലോസ് ശ്ലീഹാകോറിന്തോസ്‌ക്കാർക്ക് എഴുതിയ ഒന്നാംലേഖനത്തെയും ഉദ്ധരിച്ചുകൊണ്ട് സിവിൽകോടതികളെ സമീപിക്കാൻ കത്തോലിക്കാസഭ ഇക്കാലമത്രയും വിമുഖത കാണിക്കാറുണ്ട്.
'നിന്റെ സഹോദരൻ തെറ്റ്‌ചെയ്താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക......അവൻ കേൾക്കുന്നില്ലെങ്കിൽ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്ത് കൊണ്ടുപോവുക. അവൻ അവരേയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയുക. സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കിൽ അവൻ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.' മത്തായി 18:15-17.
''നിങ്ങളിൽ ആർക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോൾ അവൻ വിശുദ്ധരെ സമീപിക്കുന്നതിനു പകരം നീതിരഹിതരായ വിജാതീയരുടെ വിധിതേടാൻ മുതിരുന്നുവോ?... ഐഹിക കാര്യങ്ങളെക്കുറിച്ച് വിധിപറയേണ്ടി വരുമ്പോൾ, സഭ അല്പവും വിലമതിക്കാത്തവരെ നിങ്ങൾ ന്യായാധിപരായി അവരോധിക്കുന്നുവോ? .... നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിത് പറയുന്നത് ........ സഹോദരൻ സഹോദരനെതിരെ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ! കോറിന്തോസ് 6: 16
രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കാൻ ഫ്രാൻസിസ് പാപ്പ നിർദ്ദേശിക്കുന്നത് ഒരു വിപ്ലവാത്മകമായ ആഹ്വാനമാണ് എന്ന് സഭാധികാരികൾക്കും വിശ്വാസികൾക്കും സമ്മതിക്കാതെ തരമില്ല.
ഈയടുത്ത ദിവസം 2019, മെയ് 11 എറണാംകുളം ടൗൺ ഹാളിൽ യുക്തിവാദപഠനകേന്ദ്രത്തിന്റെ എഴാം വാർഷികമായ 'ചാർവ്വാകം'ദേശീയ ശാസ്ത്ര യുക്തിചിന്ത സെമിനാർ 2019 സംഘടിപ്പിക്കപ്പെട്ടു. ''മതത്തിൽ നിന്ന് മാനവികതയിലേക്ക്'' എന്ന ചർച്ചയിൽ പങ്കെടുക്കാൻ ഈയുള്ളവളും ക്ഷണിക്കപ്പെട്ടിരുന്നു. ആ സെമിനാറിൽ ഒരു പ്രഭാഷണം നടത്തിയ വ്യക്തി ''കുപ്രസിദ്ധ മാർപ്പാപ്പമാർ'' എന്ന വിഷയത്തിൽ ചരിത്രം പരിശോധിച്ച് മാർപ്പാപ്പാമാരുടെ ദുർനടപ്പുകൾ എണ്ണിയെണ്ണി പറയുകയായിരുന്നു അദ്ദേഹത്തിന്റെ ലിസ്റ്റിൽ ഉള്ള ഒരു മാർപ്പാപ്പയും ഒരു നന്മയും ചെയ്തിട്ടില്ല. ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്‌തോലിക ലേഖനത്തിലും അദ്ദേഹം കുറ്റം കണ്ടുപിടിച്ച് വിമർശന ശരങ്ങൾ പ്രയോഗിക്കാൻ ഒരുമ്പെട്ടത് ഇപ്രകാരമാണ്. ലൈംഗിക പീഡനപ്പരാതികൾ സഭയെ മാത്രം അറിയിക്കണം എന്നും രാഷ്ട്രനിയമം പാലിക്കാതെ അത് രഹസ്യമാക്കി വെക്കണം എന്നുമാണ്‌ പോപ്പ്‌രേഖപ്പെടുത്തിയത് എന്ന് അദ്ദേഹം സമർത്ഥിച്ചു. പ്രസംഗശേഷം തമ്മിൽ കണ്ടപ്പോൾ പോപ്പ് രാജ്യത്തെ നിയമം അംഗീകരിക്കണം എന്ന് പത്രത്തിൽ ഞാൻ വായിച്ചുവല്ലോ എന്ന എന്റെ അഭിപ്രായം അദ്ദേഹം പാടെ നിഷേധിച്ചു. സഭാ നവീകരണത്തിന് ഇത്തരം പ്രഭാഷണങ്ങൾ വിഘ്‌നം സൃഷ്ടിക്കും എന്നത്‌ ഖേദകരം തന്നെ.
മുൻ മാർപ്പാപ്പയായ പോപ്പ് ബെനെഡിക്ട് പുരോഹിതരാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഒരു സന്യാസിനീസഭയെ മൊത്തമായി പിരിച്ചുവിട്ട സംഭവം അധികം പഴക്കമുള്ളതല്ല. ഫ്രാൻസിലെ കമ്മ്യൂണിറ്റി ഓഫ് സെയ്ന്റ് ഷീൻ ആയിരുന്നു ആ ദുരനുഭവംനേരിടെണ്ടി വന്ന കോൺഗ്രിഗേഷ്യൻ. സമൂഹത്തിൽ എന്നതുപോലെ സന്യാസത്തിലും സ്ത്രീകളെ രണ്ടാംതര സൃഷ്ടികളായി കാണുന്നതാണ് അവരെ സെക്‌സ് ഇരകളാക്കാൻ പുരുഷന്മാർ വൈദികരുംപ തുനിയുന്നതിന്റെ മൂലകാരണം എന്ന്‌ പോപ്പ് അഭിപ്രായപ്പെടുന്നു. വത്തിക്കാനിലെ വിമൻസ് മാഗസിൻ എഡിറ്റർ ലുസേറ്റ സ്‌കാരഫിയ പോപ്പിന്റെ പുതിയ ലേഖനത്തെ സ്വാഗതം
ചെയ്യുന്നു. പുരോഹിതരാൽ ഗർഭം ധരിച്ച് ആ കുഞ്ഞുങ്ങളെ അബോര്ട്ട് ചെയ്യാൻ നിർബന്ധിതർ ആകുന്ന കന്യാസ്ത്രികൾക്ക്‌ പോപ്പിന്റെ കത്ത് 'അൽപ്പം ഗുണം ചെയ്യും'; സഭയുടെ ഭാഗത്ത് നിന്ന് അനുസൃതമായ നടപടിക്രമങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്' എന്ന് അവർ അഭിപ്രായപ്പെടുന്നു.
സാന്ദർഭികമായി മെയ് 10 ലെ പത്രത്താളിൽ ഫ്രാൻസിസ് പാപ്പായുടെലേഖനപരാമർശത്തിന്റെ തൊട്ടടുത്തുതന്നെ മറ്റൊരു വാർത്തയും അച്ചടിക്കപ്പെട്ടിരുന്നു. 'കന്യാസ്ത്രിയെ പീഡിപ്പിച്ചകേസ് : ഫ്രാങ്കോ ഇന്ന് ഹാജരാകും' എന്നതാണ് ശീർഷകം. ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ കബറിടത്തിൽ തന്റെ മറുവാദരേഖകൾ സമർപ്പിച്ചു പ്രാർത്ഥിച്ച ഫ്രാങ്കോ മുളയ്ക്കലിനു സത്യത്തിന്റെ പ്രവാചകധ്വനി മുഴക്കുന്ന ഫ്രാൻസിസ് പാപ്പായുടെ കർശനനടപടികൾക്കു കീഴിലോ രാജ്യത്തിന്റെകോടതിനിയമങ്ങൾക്ക് മുന്നിലോ മുട്ടുകുത്തേണ്ടി വരുമോ എന്നത് കാലം തീരുമാനിക്കട്ടെ.

(srjesme@gmail.com)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, COULMNS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.