Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

പൊലീസിനുമുണ്ടായി ജാഗ്രതക്കുറവ്

editorial-

മാരായമുട്ടം മലയിക്കടയിൽ ലേഖ എന്ന വീട്ടമ്മയും പത്തൊൻപതുകാരിയായ മകളും ആത്മാഹുതി ചെയ്ത ദാരുണ സംഭവത്തിനു പുതുതായി കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പ്രത്യക്ഷവും പരോക്ഷവുമായി ബാങ്കിനുള്ള പങ്കാളിത്തം തള്ളിക്കളയാനാവില്ല. വീടുവയ്ക്കാൻ പതിനഞ്ച് വർഷം മുൻപ് അഞ്ചുലക്ഷം രൂപ നെയ്യാറ്റിൻകര കനറാ ബാങ്ക് ശാഖയിൽ നിന്ന് എടുത്ത കടം പതിനഞ്ചു വർഷം കഴിഞ്ഞിട്ടും അടച്ചുതീർക്കാൻ കുടുംബത്തിനു കഴിയാതിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു മുൻപ് 6.80 ലക്ഷം രൂപ അടച്ചില്ലെങ്കിൽ വീടും വീടിരിക്കുന്ന സ്ഥലവും ബാങ്കുകാർ ജപ്തി ചെയ്യുമെന്ന ഭീഷണിയിലായിരുന്നു ആ കുടുംബം. പറഞ്ഞ സമയത്തിനകം പണം തരപ്പെടുത്താനാകാതെ വന്നതോടെ ഹതാശരായി അമ്മയും മകളും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയെന്നാണ് ബുധനാഴ്ച രാവിലെ വരെ കേട്ട വാർത്ത. പൊലീസിന്റെ വിശദമായ വീടു പരിശോധനയിൽ ചുവരിൽ ഒട്ടിച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് പുതുതായി ലഭിക്കുന്ന വിവരം. ഭർത്താവും മറ്റു അടുത്ത ബന്ധുക്കളും ഉൾപ്പെട്ട കുടുംബ പ്രശ്നങ്ങളാണ് തങ്ങളെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളതത്രെ. തുടർന്നും വിവാദങ്ങൾക്കും ഒട്ടേറെ സംശയങ്ങൾക്കും വഴിവച്ചേക്കാവുന്ന ഈ ദുരന്ത കഥയിൽ കൂട്ടിയോജിപ്പിക്കേണ്ട ധാരാളം വസ്തുതകൾ അങ്ങിങ്ങായി കിടക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അമ്മയും മകളും ആത്മാഹുതി ചെയ്തത്. വിവരമറിഞ്ഞു താമസിയാതെ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജപ്തി നടപടികൾക്കായി ബാങ്കുകാർ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ അതിന്റെ മനോവിഷമം താങ്ങാനാവാതെ പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ ലേഖ മകൾക്കൊപ്പം കടുംകൈയ്ക്കു മുതിർന്നു എന്നാണ് പറഞ്ഞുകേട്ട വിവരം. അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികളും അത്തരത്തിലായിരുന്നു. ജപ്തിയല്ല, കുടുംബ പ്രശ്നങ്ങളാണ് യഥാർത്ഥ കാരണമെന്ന് ആത്മഹത്യാക്കുറിപ്പ് ചൂണ്ടിക്കാട്ടി പുതിയ പാഠഭേദം ഉണ്ടായ സ്ഥിതിക്ക് വിശ്വസനീയമായ അന്വേഷണം കൊണ്ടേ പൂർണചിത്രം തെളിഞ്ഞുവരൂ.

ചുവരിൽ പ്രത്യക്ഷമായ ആത്മഹത്യാക്കുറിപ്പിന്റെ ബലത്തിൽ പ്രതിസ്ഥാനത്തു നിന്ന ബാങ്ക് ശാഖക്കാർക്ക് തത്‌കാലം തടിയൂരാൻ സാധിക്കുമെങ്കിലും വായ്‌പാ തിരിച്ചടവിന്റെ പേരിൽ അവർ പുറത്തെടുത്ത നിർദ്ദയവും മനുഷ്യപ്പറ്റില്ലാത്തതുമായ നടപടികളുടെ കളങ്കം ഇല്ലാതാകുന്നില്ല. വായ്‌പ എടുത്താൽ തിരിച്ചടയ്ക്കണമെന്നു ശഠിക്കുന്നത് ന്യായമാണെങ്കിലും അതിനുവേണ്ടി കടുത്ത നടപടി സ്വീകരിക്കുന്നതിനു മുൻപ് അല്പം വിട്ടുവീഴ്ചയോ സഹാനുഭൂതിയോ കാണിക്കുന്നതിലൂടെ ബാങ്കിന് ചേതമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ബാങ്കിൽ നിന്നെന്നല്ല എവിടെ നിന്നും എടുത്ത വായ്പ എത്രയും വേഗം മടക്കി നൽകണമെന്നാകും ശരാശരി മലയാളി ആഗ്രഹിക്കുക. തീരെ നിവൃത്തിയില്ലാത്ത ഘട്ടമെത്തുമ്പോഴേ ഉത്തമർണ്ണന്റെ മുൻപിൽ അധമർണ്ണൻ കൈമലർത്തുകയുള്ളൂ. മാരായമുട്ടം സംഭവത്തിൽ പതിനഞ്ചു വർഷം മുൻപ് എടുത്ത അഞ്ചുലക്ഷം രൂപയുടെ വായ്പയിൽ പലപ്പോഴായി എട്ടുലക്ഷം രൂപയോളം തിരിച്ചടച്ചെന്നാണ് വിവരം. മുതലും പിഴയും പിഴപ്പലിശയുമൊക്കെയായി കടം പിന്നെയും ഏഴുലക്ഷത്തോളമായിട്ടുണ്ടാകാം. ബാങ്കിന്റെ രീതി അങ്ങനെയായതിനാൽ പരിഭവിച്ചിട്ടു കാര്യമില്ല. എന്നാൽ ഈ ഏഴുലക്ഷം ഈടാക്കാൻ വേണ്ടി നാല്പതോ അൻപതോ ലക്ഷം രൂപ വില വരുന്ന വീടും സ്ഥലവും ജപ്തി ചെയ്യണമെന്നു വാശിപിടിക്കുന്നതിലെ ധാർഷ്ട്യം ഉൾക്കൊള്ളാൻ വിഷമമാണ്. രാജ്യത്തെ ബാങ്കുകളെല്ലാം കൂടി എട്ടോ ഒൻപതോ ലക്ഷം കോടി രൂപയുടെ കിട്ടാക്കടവുമായി നിൽക്കുമ്പോഴാണ് നിസാരമെന്നു പറയാവുന്ന ഒരു സംഖ്യയ്ക്കായി ഒരു കുടുംബത്തെ താമസിക്കുന്ന വീട്ടിൽ നിന്ന് ഇറക്കിവിടാൻ ഒരുങ്ങിയത്. സാധാരണക്കാരുടെ എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം പ്രാബല്യത്തിലുണ്ടെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. ബാങ്കേഴ്സ് മീറ്റിൽ ബാങ്കുകൾ ഇക്കാര്യം സമ്മതിച്ചതുമാണത്രെ. പിന്നെ എങ്ങനെയാണ് നെയ്യാറ്റിൻകരയിലെ കനറാ ബാങ്ക് ശാഖ ലേഖയുടെ വീട്ടിൽ നേരിട്ടെത്തി ജപ്തി ഭീഷണി മുഴക്കിയത്? വീടിന്റെയും പുരയിടത്തിന്റെയും ആധാരം ബാങ്കിന്റെ കൈവശം ഇരിക്കുന്നിടത്തോളം കാലം വായ്പാ തിരിച്ചടവ് വൈകിയാലും പലിശയും പിഴപ്പലിശയുമായി ബാങ്കിനു ലാഭമേ ഉണ്ടാകൂ. വായ്പ മടക്കി നൽകുകയില്ലെന്നല്ല അല്പം കൂടി സാവകാശമാണ് ആ കുടുംബം അഭ്യർത്ഥിച്ചത്. ആയിരം ലക്ഷവും പതിനായിരം ലക്ഷവുമൊക്കെ കടം വാങ്ങി ഒരു പൈസ പോലും തിരിച്ചു നൽകാതെ അനേകം വമ്പന്മാർ വിഹരിക്കുന്ന നാടാണിത്.

പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ് അമ്മയുടെയും മകളുടെയും ആത്മഹത്യയെത്തുടർന്നുണ്ടായ സ്തോഭജനകമായ സംഭവങ്ങൾക്ക് വഴിവച്ചതെന്നു പറയേണ്ടിയിരിക്കുന്നു. ആത്മഹത്യയ്ക്കു പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന കുറിപ്പ് ആദ്യമേ പരിശോധനയിൽ കണ്ടെത്തിയിരുന്നുവെങ്കിൽ സംഘർഷ രംഗങ്ങളും വഴിതടയലുമൊക്കെ ഒഴിവാക്കാമായിരുന്നു. പൊലീസ് ഒട്ടും ജാഗ്രത കാട്ടിയില്ലെന്നു വേണം കരുതാൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY