SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

സി.പി.എമ്മും മുന്നണി വിപുലീകരണവും

vivadavela

പാർട്ടിയുടെ ബഹുജനസ്വാധീനം വർദ്ധിപ്പിക്കാനുള്ള അജൻഡകൾ ആലോചിച്ചുറപ്പിച്ചാണ് കൊച്ചിയിൽചേർന്ന സി.പി.എമ്മിന്റെ 23 -ാം സംസ്ഥാനസമ്മേളനം പിരിഞ്ഞത് . 22ാം സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച അജൻഡ ഇതായിരുന്നില്ല. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി രണ്ടുവർഷമാകുമ്പോഴായിരുന്നു ആ സമ്മേളനം. അന്ന് സി.പി.എമ്മിന് തുടർഭരണമുറപ്പിക്കാൻ മുന്നണി വിപുലീകരണമെന്ന പ്രഖ്യാപിത ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ എൺപതുകളിലെ രാഷ്ട്രീയകാലാവസ്ഥ മലബാറിൽ മാറിക്കൊണ്ടിരിക്കുന്നത് മനസ്സിലാക്കുന്ന സി.പി.എമ്മിന്,​ തുടർഭരണത്തിലേക്കുള്ള വഴിയിൽ വെല്ലുവിളിയായത് മദ്ധ്യതിരുവിതാംകൂർ ആയിരുന്നു. കത്തോലിക്കാ സമുദായത്തിന് പ്രാമുഖ്യമുള്ള,​ ക്രൈസ്തവമേധാവിത്വ മേഖലയായ മദ്ധ്യതിരുവിതാംകൂറിൽ 58 ലെ വിമോചനസമരത്തിന്റെ ഹാങ് ഓവർ മാറിയെന്ന് സി.പി.എം കരുതുന്നില്ല.

2016ലെ തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയ ഇടതുമുന്നണിക്ക് കാര്യമായി കടന്നുകയറാനാവാതിരുന്ന ജില്ലകൾ എറണാകുളവും കോട്ടയവുമായിരുന്നു. അത് മാറണമെങ്കിൽ കത്തോലിക്കാസ്വാധീനമുള്ള കേരളകോൺഗ്രസ് ഗ്രൂപ്പ് മുന്നണിക്കൊപ്പം ചേരണമെന്ന് സി.പി.എം വളരെക്കാലമായി ചിന്തിക്കുന്നു. മാണിയിലേക്കായിരുന്നു കണ്ണേറ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന 2011-16 ഭരണകാലത്ത് തന്നെ കെ.എം. മാണിയെന്ന കത്തോലിക്കാ പ്രബലനെ ചാക്കിലാക്കാനുള്ള തന്ത്രങ്ങൾ സി.പി.എം പയറ്റിനോക്കിയതാണ്. ഒരുവേള സി.പി.ഐയും അതിനൊപ്പം നിന്നു. 2011-16ൽ കേവലം രണ്ട് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അധികാരമേറിയത് . 2011വരെ ഇടതുമുന്നണിക്കൊപ്പമായിരുന്ന പി.ജെ. ജോസഫ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ യു.ഡി.എഫിലേക്ക് ചാടി. കെ.എം.മാണിയുടെ പാർട്ടിയോട് ലയിച്ച് ചാടിയതാണ്. അങ്ങനെ കേരള കോൺഗ്രസ്-മാണി ഗ്രൂപ്പ് വീണ്ടും ബലപ്പെട്ടു. അതിന് കത്തോലിക്കാസഭാ നേതൃത്വത്തിന്റെ ആശീർവാദമുണ്ടായിരുന്നത്രേ.

യു.ഡി.എഫ് അധികാരമേറുമ്പോൾ വിലപേശൽശേഷി കൂട്ടാമെന്ന് സഭാനേതൃത്വം കണക്കുകൂട്ടുന്നത് സ്വാഭാവികം. എന്നാൽ രാഷ്ട്രീയത്തിൽ ദീർഘ ഇന്നിംഗ്സ് കളിച്ച കെ.എം. മാണിക്ക് എന്തുകൊണ്ട് ഒരിക്കലെങ്കിലും മുഖ്യമന്ത്രിയായിക്കൂടെന്ന ചിന്ത ഏതോ ഘട്ടത്തിൽ കലശലായി. അന്ന് മാണിഗ്രൂപ്പിലെ കുശാഗ്രബുദ്ധിയായ പി.സി. ജോർജാണ് സി.പി.എം,​ സി.പി.ഐ നേതൃത്വങ്ങളോട് രഹസ്യചർച്ചകൾ നടത്തി കരുക്കൾ നീക്കിയത്. തുടക്കത്തിൽ വി.എസ്. അച്യുതാനന്ദൻ തന്നെയാണ് മാണിയെ കൂട്ടി യു.ഡി.എഫിനെ മലർത്തിയടിക്കാമെന്ന തോന്നലിൽ രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നത്. എന്നാൽ,​ വി.എസിന് പ്രതിപത്തിയില്ലാത്ത അന്നത്തെ സി.പി.എം ഔദ്യോഗികനേതൃത്വം കാര്യങ്ങൾ അവരുടെ പിടിയിലേക്ക് കൊണ്ടുപോയപ്പോൾ വി.എസിന് കാഴ്ചക്കാരന്റെ റോളായി. അത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. മാണിയെ കൈയോടെ തള്ളിപ്പറ‌ഞ്ഞ് വി.എസ് വെല്ലുവിളിയുയർത്തി. പിന്നാലെ സി.പി.ഐക്കും രണ്ടാംസ്ഥാനം പോകുമോ എന്ന ഭയം കലശലായി. അവരും മാണിയെ തള്ളി. ബാർകോഴ കേസ് പൊടുന്നനെ വന്നുഭവിച്ചതോടെ സി.പി.എം ഔദ്യോഗികനേതൃത്വത്തിനും മാണിയെ പാടേ തള്ളിപ്പറയേണ്ടി വന്നു. രാഷ്ട്രീയയുദ്ധത്തിന് അപ്പോൾ മാണിയെ കൂടെകൂട്ടുന്നതിനേക്കാൾ മാണിക്കെതിരെ യുദ്ധം നടത്തുകയാണ് അനിവാര്യമെന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയം മാറിമറിഞ്ഞു.

മീനച്ചിലാറിലൂടെ വെള്ളമേറെ ഒഴുകി. 2016ലെ തിരഞ്ഞെടുപ്പിൽ ബാർകോഴയുടെയും കൂടി ബലത്തിലാണ് ഇടതുമുന്നണി 90 ന് മേൽ സീറ്റും നേടി അധികാരമേറിയത്. മാണിയോടിടഞ്ഞ ഫ്രാൻസിസ് ജോർജിന്റെയും മറ്റും നേതൃത്വത്തിലുണ്ടാക്കിയ ജനാധിപത്യ കേരള കോൺഗ്രസിനെയെങ്കിലും കൂടെക്കൂട്ടി മദ്ധ്യതിരുവിതാംകൂറിൽ സ്വാധീനമുയർത്താനുള്ള അറ്റകൈ പ്രയോഗം ഇടതുമുന്നണി നടത്താതിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞു. പിണറായിവിജയൻ സർക്കാർ അധികാരത്തിലെത്തി. ബാർകോഴക്കേസ് നനഞ്ഞ പടക്കമായി. ഇടതുമുന്നണിക്ക് കേസ് നയിക്കാൻ താത്‌പര്യമില്ലാതായി. കേസ് കുത്തിപ്പൊക്കിയതിന് പിന്നിൽ കോൺഗ്രസുകാരുടെ കറുത്തകരങ്ങളെ കെ.എം.മാണി ഉറച്ച് സംശയിച്ചു. മാണി യു.ഡി.എഫിനോട് അകൽച്ചകാട്ടി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കാൻ തീരുമാനിച്ചു. ജോസഫിനും കൂട്ടർക്കും അതത്ര ബോധിച്ചില്ലെങ്കിലും വിള്ളൽ വേണ്ടെന്നാലോചിച്ച് അവരും മാണിക്കൊപ്പം നിന്നു. മാണിയുടെ നിയമസഭാംഗത്വത്തിന്റെ സിൽവർജൂബിലിയാഘോഷം സഭ കെങ്കേമമാക്കി. മാണിപ്രമാണി എന്ന് വിശേഷിപ്പിച്ച് പാടിപ്പുകഴ്ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

പ്രത്യേക ബ്ലോക്കായ മാണിയെ, ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി,​ മകൻ ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകി കോൺഗ്രസ്,​ ലീഗ് നേതൃത്വങ്ങൾ തിരികെകൊണ്ടുവന്നു. കോൺഗ്രസിനകത്ത് അത് വലിയ എതിർപ്പുണ്ടാക്കി. വി.എം. സുധീരനൊക്കെ യു.ഡി.എഫിൽ നിന്നുതന്നെ രാജിവച്ചു.

മാണി യു.ഡി.എഫിൽ വീണ്ടും സജീവമായെങ്കിലും രോഗം അദ്ദേഹത്തെ അവശനാക്കിത്തുടങ്ങിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മാണി അന്തരിച്ചു. മകൻ ജോസ് കെ.മാണിയും കൂട്ടരും പാർട്ടിപിടിക്കാൻ നടത്തിയ കളികളോട് മുതിർന്ന നേതാവായ പി.ജെ. ജോസഫിനും കൂട്ടർക്കും അതൃപ്തിയായി. ഇരുചേരികളായി തിരിഞ്ഞ് കലാപമായി. കോട്ടയം ജില്ലാപ്പഞ്ചായത്തിലെ അധികാരത്തർക്കത്തിന്റെ പേരിൽ ജോസ് കെ.മാണിയെ യു.ഡി.എഫ് നേതൃത്വം തന്നെ തള്ളിപ്പറഞ്ഞതോടെ ജോസും കൂട്ടരും കേരള കോൺഗ്രസ്-മാണിഗ്രൂപ്പായി ഇടതുമുന്നണിയിലെത്തി. എന്തൊക്കെ പറഞ്ഞാലും കോട്ടയമടക്കം മദ്ധ്യതിരുവിതാംകൂറിൽ ജോസഫിനേക്കാളും സ്വാധീനശേഷി ജോസിനും കൂട്ടർക്കും തന്നെയായിരുന്നു. 2018ലെ തൃശൂർ സംസ്ഥാനസമ്മേളനം മുന്നോട്ടുവച്ച മുന്നണി വിപുലീകരണ അജൻഡ ശക്തിപ്പെടുന്നത് അങ്ങനെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. അതിന് മുമ്പുതന്നെ സമ്മേളന അജൻഡ ലക്ഷ്യം കണ്ടിരുന്നു. അത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുടെ പഴയ സഹയാത്രികരായിരുന്ന വീരേന്ദ്രകുമാറിന്റെ ജനതാദൾ ഗ്രൂപ്പുകാരുടെ മടങ്ങിവരവോടെയായിരുന്നു. ലോക് താന്ത്രിക് ജനതാദൾ എന്ന പേരിൽ രൂപാന്തരപ്പെട്ട പാർട്ടിയുടെയും മാണിഗ്രൂപ്പിന്റെയും വരവ് ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് കരുത്തേകിയെന്നത് ശരിയാണ്. കഴിഞ്ഞ തദ്ദേശഭരണ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അത് പ്രകടമായി.

ഇവരെയും നേരത്തേതന്നെ മുന്നണിക്ക് പുറത്ത് സഹകരിച്ച് പോന്ന ഐ.എൻ.എൽ അടക്കമുള്ള ചെറുകക്ഷികളെയും ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. ജോസ് വിഭാഗം വന്നപ്പോൾത്തന്നെ അവരും മുന്നണിക്കകത്ത് കയറി. മുന്നണിവിപുലീകരണ അജൻഡ വളരെ വേഗം സി.പി.എം നടപ്പാക്കിയെടുത്തു.

ഇന്നിപ്പോൾ ഇടതുമുന്നണിക്കകത്ത് 11 കക്ഷികളുണ്ട്. എല്ലാ ചെറുകക്ഷികൾക്കും ഓരോ എം.എൽ.എമാരെ കിട്ടിയപ്പോൾ എല്ലാവർക്കും മന്ത്രിപദവി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ.

മലബാർ രാഷ്ട്രീയം

മുന്നണി വിപുലീകരണം കൊണ്ട് ബഹുജനാടിത്തറ വികസിപ്പിക്കാൻ സാധിക്കണമെന്നില്ലെന്ന് കൊച്ചി സംസ്ഥാനസമ്മേളനം തുടങ്ങുന്ന വേളയിൽ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടിവരയിട്ട് പറഞ്ഞു. "പ്രധാനമായി പാർട്ടി ലക്ഷ്യമിടുന്നത് സി.പി.എമ്മിന്റെ ബഹുജനാടിത്തറ വിപുലീകരിക്കണമെന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എം ഇനിയും വളർന്നിട്ടില്ല. ഈ ദൗർബല്യം പരിഹരിക്കാനാണ് പാർട്ടി ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അതിന് വേണ്ടി വർഗബഹുജനസംഘടനകൾ ശക്തിപ്പെടുത്തണം. അസംഘടിത ജനവിഭാഗങ്ങളെ കൂടുതൽ സംഘടിപ്പിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ കേന്ദ്രീകരിക്കണം..."- കോടിയേരി പാർട്ടി ലക്ഷ്യങ്ങൾ പങ്കുവച്ചു.

കൊച്ചി സമ്മേളനം പ്രധാനമായും ചർച്ചചെയ്തതും ഇതുതന്നെ. മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇന്നിപ്പോൾ സി.പി.എമ്മിന് മുന്നിലില്ല. മാണിഗ്രൂപ്പിന്റെ വരവ് മദ്ധ്യതിരുവിതാംകൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലൊക്കെ ഗുണം ചെയ്തെന്ന് തന്നെയാണ് സി.പി.എം വിലയിരുത്തുന്നത്. എറണാകുളത്ത് ഇപ്പോഴും യു.ഡി.എഫിന്റെ സ്വാധീനശേഷി കുറഞ്ഞിട്ടില്ലെങ്കിലും ഇടതുമുന്നണിക്ക് നേരിയ തോതിൽ കടന്നുകയറാനാവുന്നു. മാണിഗ്രൂപ്പിന് പുറമേ ക്രൈസ്തവസഭാ നേതൃത്വത്തെ കൂട്ടിയിണക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ എൻജിനിയറിംഗും ഫലം കാണുന്നെന്ന് കരുതാം. പക്ഷേ, 50 ശതമാനം ജനങ്ങളുടെ പിന്തുണ ഇനിയും സി.പി.എമ്മിനില്ലെന്നത് നേതൃത്വത്തെ ചിന്തിപ്പിക്കാതിരിക്കുന്നില്ല. അതിന് മുന്നണി വിപുലീകരണമല്ല, വ്യക്തികളെയും സമ്മർദ്ദഗ്രൂപ്പുകളെയും വലിച്ചടുപ്പിക്കുകയാണ് വേണ്ടതെന്ന് അവർ കരുതുന്നു.

ദേശീയതലത്തിൽ സി.പി.എം- സി.പി.ഐ ഐക്യം ശക്തിപ്പെടുത്തേണ്ടത് സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് അടക്കം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമാകുമ്പോൾ ആ ഇടതുമുന്നണി ഘടനയ്ക്ക് കോട്ടം വരുത്തുന്നതൊന്നും ചിന്തിക്കാൻ പോലുമാകില്ല. ഈ സ്ഥിതിക്ക് ഇടതുഘടന നിലനിറുത്തിയുള്ള അടവുതന്ത്രങ്ങളാണ് അഭികാമ്യം.

അവിടെ ഉദാഹരണമാകേണ്ടത് മലബാർ മോഡലാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും നേടാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അത് സി.പി.എമ്മിന്റെ സോഷ്യൽ എൻജിനിയറിംഗ് മികവാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് സി.പി.എം മലപ്പുറം ജില്ലയിലും മറ്റും പരീക്ഷിക്കുന്ന തന്ത്രം നോക്കുക. 2006ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ചത് ലീഗ് വിമതനായെത്തിയ കെ.ടി. ജലീലായിരുന്നു . മണ്ഡല പുനർവിഭജന ശേഷം പഴയ കുറ്റിപ്പുറം തവനൂരായപ്പോൾ ജലീൽ അങ്ങോട്ട് പോയെങ്കിലും കുഞ്ഞാലിക്കുട്ടി മണ്ഡലം തന്നെ ഉപേക്ഷിച്ച് വേങ്ങരയിലേക്ക് പാഞ്ഞു. കോഴിക്കോട് കുന്ദമംഗലത്ത് ലീഗ് വിമതനായെത്തിയ പി.ടി.എ. റഹിം ആണ് 2006 മുതലിങ്ങോട്ട് ഇടതുമുന്നണിക്കായി ജയിച്ചുവരുന്നത്. ഇപ്പോൾ എം.കെ. മുനീർ വിജയിച്ചെങ്കിലും 2016ൽ മലപ്പുറം ജില്ലയിലെ കൊടുവള്ളിയിൽ ലീഗിനെ തറപറ്റിച്ചത് ലീഗ് വിമതനായിരുന്ന കാരാട്ട് റസാഖാണ്. നിലമ്പൂരിൽ കോൺഗ്രസ് വിമതനായെത്തിയ മുസ്ലിംമുഖം പി.വി. അൻവറും താനൂരിൽ കോൺഗ്രസ് വിമതനായെത്തിയ മുസ്ലിംമുഖം മന്ത്രി വി. അബ്ദുറഹ്മാനും സി.പി.എം സ്വതന്ത്രരായി ജയിച്ചുകയറിയത് 2016 മുതലിങ്ങോട്ടാണ്.

2006ൽ തുടങ്ങിയ വിമതപരീക്ഷണം സി.പി.എം കൂടുതൽ വിപുലീകരിച്ച വർഷമായിരുന്നു 2021. മലപ്പുറം ജില്ലയിൽ മുസ്ലിംലീഗിന് അതേത്തുടർന്ന് പല കോട്ടകളിലും കുലുക്കമനുഭവപ്പെട്ടു. കഷ്ടിച്ച് മുഖം രക്ഷിച്ചെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. അതിന് മുമ്പും ശേഷവും ലീഗ് വിരുദ്ധ നിലപാട് ശക്തിയുക്തം അവതരിപ്പിക്കുകയാണ് സി.പി.എം നേതൃത്വം. ഈയടുത്ത കാലത്ത് വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന തർക്കത്തിലും ലീഗിനെ തള്ളിമാറ്റി സമസ്ത വിഭാഗത്തെ അടുപ്പിച്ചെടുക്കുന്ന തന്ത്രമാണ് സി.പി.എം പയറ്റിയത്. മുസ്ലിം ജനസാമാന്യത്തിൽ ഏറെ സ്വാധീനമുള്ള എ.പി, ഇ.കെ സുന്നി വിഭാഗങ്ങളെയെല്ലാം അനുനയിപ്പിച്ച് കൂടെനിറുത്താൻ സി.പി.എമ്മിനായിട്ടുണ്ട്. ലീഗ് പറയുന്നതിനപ്പുറത്തേക്ക് ചിന്തിച്ചിട്ടില്ലായിരുന്ന ഇ.കെ. സുന്നിവിഭാഗക്കാരായ സമസ്തക്കാർ പോലും ഇന്ന് ലീഗിനെ അത്ര ഗൗനിക്കാതെ നിൽക്കുന്നെങ്കിൽ അത് സി.പി.എമ്മിന്റെ അടവുതന്ത്രത്താൽ മാത്രമാണ്. അതുകൊണ്ട് ലീഗ് ഇന്ന് ഇടതുമുന്നണിക്ക് അനിവാര്യതയേ അല്ല.

ജയരാജന്റെ നാക്കുപിഴയോ?

ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞത് മുസ്ലിംലീഗ് വരുന്നെങ്കിൽ വരട്ടെ എന്നാണ്. ആവേശത്തിരയിൽ ജയരാജൻ ഒരു രാഷ്ട്രീയപ്രഖ്യാപനം നടത്തിയതാണെന്ന് വിശ്വസിക്കുന്നവരാണേറെ.

സി.പി.എമ്മിന്റെ വർത്തമാനകാല രാഷ്ട്രീയാവസ്ഥയിൽ ചിന്തയിലില്ലാത്ത കാര്യമാണ് ജയരാജൻ പറഞ്ഞതെന്ന് മുകളിൽ വിവരിച്ച കാരണങ്ങളാൽ ആർക്കും ബോദ്ധ്യപ്പെടും. അതുകൊണ്ടാണ് പാർട്ടിനയം നോക്കാതെയും ജാഗ്രതയില്ലാതെയും പ്രതികരണം അരുതെന്ന് കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജയരാജനെ വിലക്കിയത്. അബദ്ധം തിരിച്ചറിഞ്ഞ ഇ.പി. ജയരാജൻ ആദ്യം പറഞ്ഞതിൽനിന്ന് മലക്കം മറിഞ്ഞു. അതും വിദഗ്ദ്ധമായിത്തന്നെ.

പിന്നീട് നടന്ന അഭിമുഖങ്ങളിലെല്ലാം അഭിമുഖകാരന്മാർ തിരിച്ചുംമറിച്ചും ജയരാജനെക്കൊണ്ട് ആദ്യം പറഞ്ഞത് പറയിക്കാൻ നോക്കുന്ന രസകരമായ കാഴ്ചകൾ കാണാനായി. എങ്ങനെ ചോദിച്ചിട്ടും ലീഗ് വേണമെന്ന് ജയരാജൻ പറഞ്ഞതേയില്ല. വേണ്ടെന്ന് പറയുകയും ചെയ്തു. ലീഗിനോടും കോൺഗ്രസിനോടും ഒപ്പമുള്ള ആളുകളടക്കം ഇങ്ങോട്ടുവന്ന് ഇടതുമുന്നണിയുടെ അടിത്തറയെ ശക്തിപ്പെടുത്തുകയാണെന്നാണ് ജയരാജൻ ഏറ്റവുമൊടുവിൽ പറഞ്ഞുവച്ചത്. അതുതന്നെയാണ് തത്‌കാലത്തേക്കെങ്കിലും സി.പി.എം ആഗ്രഹിക്കുന്നതും.

കുറച്ചുകൂടി വന്യമായി ചിന്തിച്ചാൽ, ലീഗിനെ തീരെ വേണ്ടെന്ന് സി.പി.എം പറയാതിരിക്കുന്ന കാലവും വന്നുചേർന്നേക്കാം. അങ്ങനെയൊന്ന് സംഭവിക്കുന്നെങ്കിൽ അതിന് നിമിത്തമാവുന്നത് വിവാദ പദ്ധതിയായ കെ-റെയിൽ സിൽവർലൈൻ ആകും.

കെ-റെയിലിനെതിരെ മലപ്പുറത്ത് ഉൾപ്പെടെ അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ ലീഗും ശക്തിയായി അണിചേരുന്നുണ്ട്. കേരളമാകെ പ്രതിഷേധം മുറിയാത്ത ഘട്ടത്തിൽ നിൽക്കക്കള്ളിയില്ലാതെ വന്നാൽ സി.പി.എം ലീഗിനെ അടർത്തിയെടുത്ത് കോൺഗ്രസിനെ നിലംപരിശാക്കുകയും കെ-റെയിൽ സാദ്ധ്യമാക്കുകയും ചെയ്യുമോ? ആർക്കറിയാം? അതിന്റെയൊന്നും ആവശ്യമില്ലെന്നും നഷ്ടപരിഹാര പാക്കേജ് കാണിച്ച് ആളുകളെ കൂടെക്കൂട്ടാമെന്നും ചിന്തിക്കുന്ന നേതാക്കൾക്കാണ് സി.പി.എമ്മിൽ തത്‌കാലത്തേക്കെങ്കിലും പ്രാമുഖ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.