SignIn
Kerala Kaumudi Online
Friday, 19 April 2024 7.11 AM IST

എയിംസ് നഷ്ടപ്പെടുത്തരുത്

photo

രണ്ടുപതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്നതാണ് 'എയിംസി"നുവേണ്ടിയുള്ള കേരളത്തിന്റെ മുറവിളി. പല അവസരങ്ങളിലും ദാ, കിട്ടിപ്പോയി എന്ന തോന്നലുമുണ്ടായി. കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിനു മുമ്പും ശേഷവും 'എയിംസ്" വാർത്തകളിൽ നിറയുന്നതും പതിവായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പല സംസ്ഥാനങ്ങൾക്കും രാജ്യത്തെ പരമോന്നത ചികിത്സാകേന്ദ്രമെന്നു വാഴ്‌ത്തപ്പെടുന്ന ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലഭിച്ചുകഴിഞ്ഞു. ദീർഘനാളായി കാത്തിരിക്കുന്ന കേരളത്തിന് ഇതുവരെ അതിനു ഭാഗ്യമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഇതുസംബന്ധിച്ച പുതിയനീക്കം സംസ്ഥാനത്തിന് പ്രതീക്ഷ പകരുന്നത്. എയിംസിനു വേണ്ടിയുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പു സഹമന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എം.പിയുടെ കത്തിനുള്ള മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ അത് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയമെന്ന് കത്തിൽ പറയുന്നു. ഘട്ടംഘട്ടമായി അതു നടപ്പിലാക്കാനാണു ശ്രമം. കേരളത്തിന്റെ അപേക്ഷയും സജീവ പരിഗണനയിലുണ്ടത്രേ. ഇതിനുവേണ്ട അനുമതിക്കായി കേന്ദ്രആരോഗ്യവകുപ്പ് ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ധനവകുപ്പ് തത്വത്തിൽ ഇത് അംഗീകരിക്കുകയും ആവശ്യമായ തുക ബഡ്ജറ്റിൽ വകകൊള്ളിക്കുകയും ചെയ്താലേ തുടർനടപടികൾ സാദ്ധ്യമാകൂ. അനുവദിക്കപ്പെട്ടാൽ 'എയിംസ് ' എവിടെയാകണമെന്ന് നിർദ്ദേശിക്കാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കേന്ദ്രം 'എയിംസിനായി" അനുകൂല മനസ്ഥിതി പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇക്കുറി അത് ഏതുവിധേനയും നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ യുക്തമായ നാല് സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട്, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി സ്ഥലം കണ്ടെത്തിയിരുന്നു. കോഴിക്കോട് കിനാലൂരിൽ നേരത്തെ വ്യവസായവകുപ്പ് ഏറ്റെടുത്തശേഷം വെറുതെ കിടക്കുന്ന ഇരുനൂറ് ഏക്കർ 'എയിംസി"ന് അനുയോജ്യമാണെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നു കേൾക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുള്ളവർക്കും പ്രയോജനപ്പെടുമാറ് ഏറ്റവും അനുയോജ്യമായ ഒരിടം എയിംസിനായി കണ്ടെത്തുകയാണു വേണ്ടത്.

ആരോഗ്യരംഗത്ത് കേരളത്തിന്റെ സ്ഥാനം ഏറെ ഉയരെയാണെങ്കിലും ലോക നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളോടുകൂടിയ ഒരു ചികിത്സാകേന്ദ്രം ഇതുവരെ ഇവിടെയില്ല. ആ കുറവാണ് 'എയിംസ് ' വരുന്നതോടെ പരിഹരിക്കുക. സങ്കീർണമായ ഏതു ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളാണ് ഇതുപോലുള്ള സ്ഥാപനങ്ങളുടെ പ്രത്യേകത. രാജ്യത്തെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് എയിംസിലെ ചികിത്സാവിഭാഗം. ഓരോ വർഷവും പുതുതായി ഇരുനൂറ് പേർക്ക് ഇവിടെ എം.ബി.ബി.എസ് കോഴ്‌സിന് പ്രവേശനവും ലഭിക്കും.

അനുമതി ലഭിച്ചാൽ ആറുമാസത്തിനകം 'എയിംസി'ന്റെ നിർമ്മാണം തുടങ്ങാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. അത് പാഴ്‌വാക്കാകാതിരിക്കട്ടെ. വ്യോമ, റെയിൽ, റോഡ്, ഗതാഗത സൗകര്യങ്ങളും മുട്ടില്ലാതെ കുടിവെള്ളവും 'എയിംസി'ന് അനുപേക്ഷണീയമാണ്. സ്ഥലനിർണയത്തിൽ ഇതൊക്കെ പ്രധാനപ്പെട്ടതാണ്. കേന്ദ്രത്തിൽ നിന്നുണ്ടായിരിക്കുന്ന അനുകൂല സൂചന പ്രയോജനപ്പെടുത്തി എയിംസിനു വേണ്ടിയുള്ള യത്നം പൂർവാധികം ഉൗർജ്ജിതമാക്കാൻ സർക്കാരിനൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROPOSEL FOR AIIMS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.