മലപ്പുറം: റവന്യൂ അനുബന്ധ വകുപ്പുകളിലെ ജീവനക്കാർക്കായുള്ള കലാകായിക മേളയ്ക്ക് ഇന്ന് ജില്ലയിൽ തുടക്കമാകും. ഇന്ന് മുതൽ മേയ് എട്ട് വരെയാണ് കലാകായിക മത്സരങ്ങൾ. 26ന് മലപ്പുറം എ.യു.പി സ്കൂളിൽ നടത്തുന്ന കവിത, കഥാരചന മത്സരത്തോടെയാണ് കലോത്സവത്തിന് തുടക്കമാകുക. 27ന് ഇതേ സ്കൂളിൽ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങൾ നടക്കും. മുണ്ടുപറമ്പിലെ മലപ്പുറം ഗവ. കോളജിലെ ഒന്നാം വേദിയിൽ മേയ് എട്ടിന് തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഒപ്പന, മിമിക്രി, മോണോആക്ട്, മൈം, ഏകാംഗനാടകം എന്നീ ഇനങ്ങൾ അരങ്ങേറും. മലപ്പുറം ഗവ. കോളേജിലെ രണ്ടാം വേദിയിൽ മേയ് എട്ടിന് തന്നെ കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, പ്രസംഗം, കർണാടിക് സംഗീതം, ഗിത്താർ, തബല, മൃദംഗം മത്സരങ്ങൾ നടക്കും.
അത്ലറ്റിക്സ് മത്സരങ്ങൾ മലപ്പുറം എം.എസ്.പി എൽ.പി സ്കൂൾ ഗ്രൗണ്ടിൽ മേയ് നാലിന് രാവിലെ എട്ടിന് തുടങ്ങും. മേയ് അഞ്ചിന് രാവിലെ എട്ട് മുതൽ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിലാണ് ക്രിക്കറ്റ് മത്സരം. ആറിന് രാവിലെ എട്ട് മുതൽ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരവും നടത്തും. മേയ് നാല് മുതൽ ഏഴ് വരെ എം.എസ്.പി പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ മത്സരവും ഇതേ ദിവസങ്ങളിലായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ എട്ട് മുതൽ പഞ്ചഗുസ്തി മത്സരവും നടക്കും. അത്ലറ്റിക്സിൽ ഒരാൾക്ക് റിലേ ഒഴികെ മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം. കലാമത്സരങ്ങളുടെ സമയക്രമം പിന്നീട് തീരുമാനിക്കും. കലോത്സവത്തോട് അനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |