SignIn
Kerala Kaumudi Online
Friday, 26 April 2024 2.48 AM IST

വേനൽമഴ തുടരും? ആരവങ്ങൾക്ക് മേൽ മഴമേഘം

rain-

തൃശൂർ: കണക്കിൽ ഈ വർഷം സംസ്ഥാനത്ത് 93 ശതമാനത്തിലധികം വേനൽമഴ പെയ്ത് റെക്കാഡിടുമ്പോഴും, മേയിലും മഴയൊഴിയില്ലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം അടക്കമുള്ള നിരവധി ഉത്സവം നടക്കാനിരിക്കെ, ആവേശാരവങ്ങൾക്ക് മേൽ കാർമേഘങ്ങളുണ്ടാകുമോ എന്ന ആശങ്ക ശക്തം.
പൂരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലോ പൂരദിവസങ്ങളിലോ മഴ പെയ്താൽ പൂരം നടത്തിപ്പിന് തടസങ്ങളുണ്ടാകും.

വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാറുള്ളതിനാൽ പ്രധാനപ്പെട്ട മൂന്ന് പന്തലുകൾക്കും മുൻകരുതൽ വേണ്ടിവരും. തേക്കിൻകാട് മൈതാനത്തും പ്രധാനമേളങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളുണ്ടാകാനിടയുള്ള ഇടങ്ങളിലുമുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കേണ്ടിയും വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പൂരം കാണാനായും മറ്റും ഒരുക്കുന്ന ഗാലറികൾ നിർമ്മിക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണ്ടിവരും.

വെള്ളം കൃത്യമായി ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൊലീസ് ഫയർഫോഴ്‌സ് സംവിധാനങ്ങളുടേയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണം കാര്യക്ഷമമാക്കണമെന്നും പറയുന്നു. ഇപ്പോൾ ചൂട് കൂടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ പകൽതാപനില ഉയരാൻ സാദ്ധ്യത കുറവാണെന്നാണ് നിഗമനം. അതേസമയം ഇന്നലെയും ഇടിമുഴക്കം പകൽനേരങ്ങളിൽ പോലും ഉണ്ടാകുന്നുണ്ട്. ആർദ്രത (ഹ്യുമിഡിറ്റി)കൂടുതലായതിനാൽ ഉഷ്ണം കൂടുതലായി അനുഭവപ്പെടുന്നുമുണ്ട്. സാധാരണ കാർമേഘങ്ങൾക്ക് പകരം കൂമ്പാര മേഘങ്ങളും ഇടിമിന്നൽ മേഘങ്ങളും രൂപം കൊള്ളുന്നുണ്ട്. ഇവ അതിതീവ്രമഴയും മേഘ വിസ്‌ഫോടനവും തുടങ്ങി പലവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനാകുന്നില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

തിരക്കേറുമെന്ന് കമ്മിഷണർ

ഇടവേളയ്ക്ക് ശേഷമെത്തുന്ന പൂരത്തിന് തിരക്കേറുമെന്ന സാദ്ധ്യത കണക്കിലെടുത്ത് ഇത്തവണ സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് കമ്മിഷണർ ആർ.ആദിത്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 4000-5000 വരെ പൊലീസിനെ പ്രതീക്ഷിക്കാം. 3500 ഓളം പൊലീസുകാരാണ് മുൻകാലങ്ങളിലുണ്ടായിരുന്നത്. സാമ്പിൾ വെടിക്കെട്ട് നാൾ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം നിലവിൽ വരും. പൊലീസ് നിലവിൽ തന്നെ സജ്ജമാണെന്നും 2019ലെ പൂരം ആഘോഷിച്ചത് പോലെയുള്ള ക്രമീകരണങ്ങളാണ് ഈ വർഷവുമുള്ളതെന്നും കമ്മിഷണർ പറഞ്ഞു.

പൂരത്തിന് രണ്ട് ദിവസം മുൻപ് ഏതാണ്ട് കൃത്യമായ പ്രവചനം സാദ്ധ്യമാകും. എന്തായാലും മഴയുണ്ടാകാനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. മഴയെ നേരിടാനുള്ള മുന്നൊരുക്കം അതുകൊണ്ട് പ്രധാനമാണ്.

ഡോ.ഗോപകുമാർ ചോലയിൽ, സയന്റിഫിക് ഓഫീസർ,
കേരള കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ അക്കാഡമി, വെള്ളാനിക്കര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.