SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 AM IST

ഗ്രാറ്റുവിറ്റി അർഹിക്കുന്നവർ

photo

വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ കൊച്ചുകുട്ടികളെ നോക്കുന്നവർക്കും പരിശീലിപ്പിക്കുന്നവർക്കും ഉയർന്ന ശമ്പളമാണ്. ഉയർന്ന ഡിഗ്രിയും അതിനാവാശ്യമാണ്. ഇന്ത്യയിൽ എൽ.കെ.ജിക്കും താഴെയുള്ള കുട്ടികളുടെ പരിപാലനവും പരിശീലനവും വർഷങ്ങളോളം അവഗണിക്കപ്പെട്ട ഒരു മേഖലയായി തുടരുകയായിരുന്നു. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്നൊക്കെ പ്രസംഗത്തിൽ നേതാക്കന്മാർ വർണിക്കും. പോഷകാഹാരക്കുറവ് ഗ്രാമീണമേഖലയിലുള്ള കുട്ടികൾക്കിടയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ അതിനുള്ള പരിഹാരമാർഗമെന്ന നിലയിലാണ് കേന്ദ്രസർക്കാർ 1975-ൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സ്‌കീമിന് (ഐ.സി.ഡി.എസ്) രൂപം നൽകിയത്. ചെറിയ കുട്ടികളുടെ പോഷകാഹാരക്കുറവ് നികത്തുക, അടിസ്ഥാന പാഠങ്ങൾ പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ അങ്കണവാടികൾ തുടങ്ങിയത്. 78-ൽ മൊറാർജി ദേശായി സർക്കാർ ഇത് നിറുത്തലാക്കിയെങ്കിലും തുടർന്ന് വന്ന സർക്കാർ പുനരാരംഭിക്കുകയായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ പത്തുലക്ഷത്തിലേറെ അങ്കണവാടികൾ പ്രവർത്തിക്കുന്നു. ടീച്ചർമാരായും സഹായികളായും രണ്ടരലക്ഷത്തിലേറെ ജീവനക്കാരും നിലവിലുണ്ട്. തുടക്കത്തിൽ കുട്ടികളുടെ വിശപ്പ് മാറ്റാൻ തുടങ്ങിയ അങ്കണവാടികൾക്ക് ഇന്ന് സമൂഹത്തിൽ കുറച്ചുകൂടി പ്രാധാന്യമുണ്ട്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ഭാഷാപഠനത്തിലും ഇവർ മികച്ച പങ്കാണ് വഹിക്കുന്നത്. മുടങ്ങാതെ മുട്ടയും പാലും റൊട്ടിയും മറ്റും നൽകുന്നതിനാൽ കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ പ്രശ്നവും പരിഹരിക്കപ്പെടുന്നു. ശരാശരി പത്ത് കുട്ടികളെങ്കിലും അങ്കണവാടികളിൽ ഉണ്ടാകും. കൂലിപ്പണിക്ക് പോകുന്ന മാതാപിതാക്കളുടെ കൊച്ചുകുട്ടികൾക്ക് ഇതൊരു രക്ഷാകേന്ദ്രം കൂടിയാണ്. എന്നാൽ അങ്കണവാടി ജീവനക്കാർ ഏറ്റവും അവഗണിക്കപ്പെട്ട ഒരു കൂട്ടരാണ് . ഓണറേറിയം വർദ്ധിപ്പിക്കാൻ വേണ്ടി അവർക്ക് നിരവധി തവണ തെരുവ് സമരങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്. കേരളത്തിൽ 33115 അങ്കണവാടികളാണുള്ളത്. ടീച്ചർമാരും സഹായികളുമായി 66230 ജീവനക്കാരും. ഇതിൽ സ്ഥിരം ജീവനക്കാരും താത്‌കാലികക്കാരും ഉൾപ്പെടുന്നു. വർക്കർമാർക്ക് 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയും ഓണറേറിയം ലഭിക്കുന്നു. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും കാര്യമായി ഇല്ലെന്ന് പറയാം. ഗ്രാറ്റുവിറ്റി നിയമത്തിനു കീഴിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ദീർഘകാല ആവശ്യം സുപ്രീംകോടതിയുടെ അനുകൂല തീരുമാനത്തോടെ പൂവണിഞ്ഞിരിക്കുകയാണ്. ഗ്രാറ്റുവിറ്റി നിയമത്തിലെ എസ്റ്റാബ്ളിഷ്‌മെന്റ് എന്നതിന്റെ നിർവചനത്തിൽ വരുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികളെന്നാണ് സുപ്രീംകോടതി കണ്ടെത്തൽ. ഇതോടെ സ്ഥിരം ജീവനക്കാർക്കെല്ലാം ഗ്രാറ്റുവിറ്റിക്ക് അർഹത ആയിരിക്കുകയാണ്. 1972-ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റിയിലെ വ്യവസ്ഥകൾ വ്യാഖ്യാനിച്ചുകൊണ്ടാണ് ജഡ്‌ജിമാരായ അജയ് കുമാർ രസ്‌തോഗി, അഭയ് എസ്. ഓക്ക എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. മൂന്ന് മാസത്തിനകം ഗ്രാറ്റുവിറ്റി ആനുകൂല്യം 10 ശതമാനം സാധാരണ പലിശയോടെ അർഹതപ്പെട്ട മുഴുവൻ പേർക്കും നൽകണമെന്നാണ് ഉത്തരവ്. സമൂഹത്തിന്റെ ഏറ്റവും ഇങ്ങേത്തലയിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അവർ ചെയ്യുന്ന ജോലി കണക്കിലെടുക്കുമ്പോൾ അവർ ഗ്രാറ്റുവിറ്റിക്ക് തികച്ചും അർഹരാണ്. അങ്കണവാടി ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥ പരിഷ്കരിക്കാറായി എന്ന് ഇതോടൊപ്പം സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അമാന്തം കൂടാതെ പരിഗണിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANGANWADI WORKERS AND HELPERS ENTITLED TO GRATUITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.