നീലേശ്വരം: പടന്നക്കാട് കുറുന്തൂരിലെ രവിയുടെ വീട്ടിൽ ദിവസവുമെത്തുന്ന ഒരതിഥിയുണ്ട്. ഒഴിഞ്ഞവളപ്പിലെ പക്ഷിസങ്കേതത്തിൽ നിന്നുള്ള ഒരു കൊക്ക്. വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും എടുക്കുന്ന അതിഥിയെ വീട്ടുകാർക്ക് അത്രയ്ക്ക് കാര്യവുമാണ്.
രാവിലെ ആറുമണിയോടെ എത്തിയാൽ സന്ധ്യയ്ക്കാണ് മടക്കം. 2020 ഒക്ടോബറിലാണ് കൊക്ക് ഈ വീട്ടിലേക്ക് എത്തിയത്. ആ വർഷം മേയിൽ പോയ ശേഷം കുറച്ചുകാലം കണ്ടില്ല. എന്നാൽ കഴിഞ്ഞ ഒക്ടോബർ എത്തിയപ്പോൾ വീണ്ടും കൊക്ക് ഹാജർ. കാലിന് ചെറിയ ഒരു വളവുള്ളതിനാൽ പഴയ കക്ഷി തന്നെയെന്ന് തിരിച്ചറിയാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.
മുറികളിലും അടുക്കളയിലും കയറിയിറങ്ങുമെങ്കിലും വീട്ടുകാർക്ക് ഒരു ശല്യവുമില്ല. ഇണക്കം തോന്നിയത് മുതൽ രവി മണ്ണിരയും കോഴിയിറച്ചിയുമൊക്കെ നൽകാറുണ്ട്. എന്നാൽ ഈ കൊക്കിന്റെ മനുഷ്യനോടുള്ള സ്നേഹം കൂട്ടത്തിലുള്ള മറ്റുള്ളവർക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടില്ല.എന്നാൽ ഒഴിഞ്ഞവളപ്പുകാർക്ക് ഇവനോടുള്ള കൗതുകം കൂടിക്കൂടി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |