SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.52 AM IST

കെ - റെയിലും 'വടക്ക് നോക്കി' കളും

k-rail

കേരളത്തിൽ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളെയെല്ലാം 'വടക്ക് നോക്കി"കളെന്ന് വിശേഷിപ്പിക്കാറുണ്ട്. അങ്ങ് വടക്ക് എന്തെങ്കിലും സംഭവിക്കുന്നോ എന്നാണ് അവരുടെ ഉത്ക്കണ്ഠ. കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും അടിക്കാൻ വീണുകിട്ടുന്ന വടിയായാണ് ഇത്തരം സംഭവങ്ങളെ അവരെല്ലാം ഉപയോഗിക്കുന്നത്. അങ്ങനെ ഇരുന്നപ്പോഴാണ് ചാകരക്കോള് പോലെ രാജ്യതലസ്ഥാനത്ത് തന്നെ ഒരു കുടിയൊഴിപ്പിക്കൽ പ്രശ്നം വീണുകിട്ടിയത്. രാഷ്ട്രീയപാർട്ടികളും സാംസ്ക്കാരിക നായകരും വാർത്താമാധ്യമങ്ങളും ഉഷാറായി. ഒരു പ്രത്യേകവിഭാഗത്തിനെതിരെയുള്ള ഒഴിപ്പിക്കലായി ചിത്രീകരിച്ച് സംഭവത്തെ വല്ലാതെ പൊലിപ്പിച്ചു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ജഹാംഗീർ പുരിയിൽ ഏപ്രിൽ 19 നാണ് നിരവധി ബുൾഡോസറുകളുമായെത്തി അനധികൃത നിർമ്മാണങ്ങളെന്ന് പറഞ്ഞ് ഒഴിപ്പിക്കാൻ തുടങ്ങിയത്. വൻ പൊലീസ് സന്നാഹത്തോടെ ആരംഭിച്ച ഒഴിപ്പിക്കൽ പുരോഗമിക്കുന്നതിനിടെ ചില അഭിഭാഷകർ ഇക്കാര്യം സുപ്രീം കോടതി ബഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. കോടതി വിഷയം അടിയന്തരമായി പരിഗണിച്ച് ഉടൻ തന്നെ ഒരു സ്റ്റേ ഉത്തരവും പുറപ്പെടുവിച്ചു. ഉത്തരവ് പുറത്തിറങ്ങിയിട്ടും പൊളിയ്ക്കൽ തുടർന്നതോടെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പാഞ്ഞെത്തി ബുൾഡോസറുകൾക്ക് മുന്നിൽ നിന്ന് ഒഴിപ്പിക്കൽ തടഞ്ഞു. കോടതി ഉത്തരവ് നൽകിയിട്ടും ഒഴിപ്പിക്കൽ തുടരുന്നതിനെ അവർ ചോദ്യം ചെയ്തപ്പോൾ ഉത്തരവ് കിട്ടാതെ നിറുത്തുകയില്ലെന്നായി നഗരസഭാ അധികൃതർ. ഇതിനിടെ രേഖാമൂലം ഉത്തരവെത്തിയതോടെ പൊളിയ്ക്കൽ അവസാനിപ്പിച്ചു. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും അവിടേക്ക് ഡൽഹി ഭരിക്കുന്ന അരവിന്ദ് കേജ്‌രിവാളോ മറ്റു രാഷ്ട്രീയ പാർട്ടിനേതാക്കളോ എത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു. ബൃന്ദകാരാട്ട് എത്തിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് അജയ്‌മാക്കൻ എത്തിയെങ്കിലും ശക്തമായ സുരക്ഷയുള്ളതിനാൽ പൊലീസ് കടത്തിവിട്ടില്ലെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. ഒരു പ്രത്യേകസമുദായക്കാരുടെ സ്ഥാപനങ്ങളാണ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ടതെന്നായിരുന്നു സി.പിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ആരോപണം. വ്യാഴാഴ്ച ഹർജിക്കാരുടെ അഭിഭാഷകൻ കപിൽസിബൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു. എന്നാൽ ഒരുവിഭാഗത്തെ ഉന്നമിട്ടാണെന്ന ആരോപണം തെറ്റാണെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും മറ്റു സമുദായക്കാരുടെ കയ്യേറ്റങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും പൊളിക്കുന്നതിന് രണ്ടാഴ്ചത്തെ സ്റ്റേ സുപ്രീം കോടതി അനുവദിച്ചു.

ഏപ്രിൽ 16 ന് ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്ക് നേരെ ജഹാംഗീർ പുരിയിൽ വച്ച് കല്ലേറും തുടർന്ന് സംഘർഷവും വെടിവയ്പും നടന്നു. പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ശോഭായാത്രയ്ക്ക് നേരെ വെടിയുതിർത്ത യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ പ്രതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സ്‌മെ‌ന്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന്റെ തുടർനടപടിയായാണ് 20 ന് ഒഴിപ്പിക്കൽ നടപടിയുമായി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത്. ബംഗ്ളാദേശികളുടെയും റോഹിൻഗ്യകളുടെയും കുടിയേറ്റസ്ഥമാണിതെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്. എന്നാൽ ഇവരെല്ലാം കാലങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നാണ് പ്രതിപക്ഷകക്ഷികൾ പറയുന്നത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇവിടെ ഉടൻ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നുവെന്നതാണ് പ്രതിപക്ഷകക്ഷികൾ കൂട്ടത്തോടെ ഇവിടേയ്ക്ക് എത്തുന്നതിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്.

കേരളത്തിൽ പൊലീസ് അതിക്രമം

ഡൽഹി ജഹാംഗീർപുരിയിലെ പൊലീസ് അതിക്രമം വലിയ സംഭവമായി ചർച്ച പുരോഗമിക്കുന്നതിനിടെയാണ് കേരളത്തിൽ സിൽവർലൈനിന് കല്ലിടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുരുക്കുംപുഴ കരിച്ചാറയിലും കണ്ണൂരിലെ ചാലയിലും സംഘർഷം ഉണ്ടായത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച സിൽവർലൈൻ സർവേ 20 ദിവസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കരിച്ചാറയിൽ സമരത്തിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷബീർ ബൂട്ടിട്ട് ചവിട്ടിയ സംഭവം വൻ പ്രതിഷേധത്തിനിടയാക്കിയെങ്കിലും ഡൽഹിയിൽ പോയി ബുൾഡോസറിനെ തടഞ്ഞു നിർത്തിയ ബൃന്ദ കാരാട്ടോ അവരുടെ പാർട്ടിക്കാരോ ഇടതുമുന്നണിയിലെ ഏതെങ്കിലും നേതാക്കളോ സാംസ്ക്കാരിക പ്രവർത്തകരോ ഇതിനെതിരെ ഒരക്ഷരം പോലും ഈ നിമിഷം വരെ ഉരിയാടിയിട്ടില്ല. കെ - റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്നതിനാൽ കോൺഗ്രസ് നേതാക്കളാണ് പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ചത്. ഒരാളെ നടുറോഡിലിട്ട് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും മറ്റൊരാളെ കാൽമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവീഴ്ത്തുകയും ചെയ്തു. വനിതാ പഞ്ചായത്തംഗം ഉൾപ്പെടെ ഏഴു പേർക്കാണ് മർദ്ദനമേറ്റത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ എ. ഷബീറാണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഷബീറിനെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതിൽ ഒടുങ്ങി നടപടി. ഷബീർ സ്ഥിരം പ്രശ്നക്കാരനാണെന്ന് മാത്രമല്ല, വിവിധ കാരണങ്ങൾക്ക് മുമ്പ് നാല് തവണ സസ്പെൻഷൻ വാങ്ങിയ ആളുമാണ്.

കല്ല് പറിച്ചാൽ

പല്ല് പറിയ്‌ക്കും

മുരുക്കുംപുഴ കരിച്ചാറയിൽ സിൽവർലൈൻ വിരുദ്ധ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്ത പൊലീസ്‌നടപടി വിവാദമായതിനു പിന്നാലെ തിങ്കളാഴ്ച കണ്ണൂർ നടാലിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ നേരിട്ടത് സി.പി.എം പ്രവർത്തകരായിരുന്നു. കല്ല് പറിയ്ക്കുന്നവരുടെ പല്ല് പറിയ്ക്കുമെന്ന സി.പി.എം നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്ത പോലെയായിരുന്നു പ്രവർത്തകരുടെ ഇടപെടൽ. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതിഷേധക്കാരെ സി.പി.എം പ്രവർത്തകർ തല്ലിയോടിച്ചത്. സിൽവർലൈൻ കല്ലിടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അതിക്രമത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചതിനു പിന്നാലെ വൈകിയാണെങ്കിലും ഇടതുമുന്നണിയിലെ രണ്ടാമനായ സി.പി.ഐ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ചവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും തിങ്കളാഴ്ച തലസ്ഥാനത്ത് ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം അഭിപ്രായപ്പെട്ടു. സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ നീങ്ങുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിന് പുറത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വിമർശിക്കുന്നവർ ഇവിടെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കുകയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് സി.പി.ഐ യുടെ വിയോജിപ്പുണ്ടായതെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ ജീവിതകാല സമ്പാദ്യമായ വീടും വസ്തുവും കെ റെയിലിനായി അക്വയർ ചെയ്താൽ വഴിയാധാരമായിപ്പോകുമോ എന്ന ആശങ്കയിലും ഉത്ക്കണ്ഠയിലുമാണ് സ്ത്രീകളടക്കമുള്ളവർ കല്ലിടലിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്നത്. പലയിടത്തും പൊലീസും ഉദ്യോഗസ്ഥരും വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പുമുറിയിലും അടുക്കളയിലും വരെ കല്ലിടുമ്പോൾ മൗനമായിരിക്കണോ എന്ന ചോദ്യത്തെയാണ് സർക്കാരും പൊലീസും കണ്ടില്ലെന്ന് നടിക്കുന്നത്. ഡൽഹി ജഹാംഗീർ പുരിയിലെ കെട്ടിടങ്ങൾ പൊളിച്ചതിനെതിരെ മുതലക്കണ്ണീർ വാർക്കുന്നവർ കേരളത്തിൽ നടക്കുന്ന സമാനമായ സംഭവങ്ങൾക്കും പൊലീസ് അതിക്രമത്തിനെതിരെയും മൗനം പാലിക്കുന്ന ഇരട്ടത്താപ്പാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.