SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.23 AM IST

ശിവശതകത്തിന്റെ മനഃശാസ്ത്രം

aruvippuram

ചരിത്രം തിരുത്തിക്കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ വിരചിച്ച പ്രശസ്തമായ കൃതിയാണ് ശിവശതകം. ഒറ്റനോട്ടത്തിൽ സ്‌തോത്രകൃതിയെന്ന് തോന്നുമെങ്കിലും ഭക്തനും സാധകനും ശ്രദ്ധയോടെ കടന്ന് ചെല്ലുമ്പോൾ ശുദ്ധ അദ്വൈതസത്യത്തെ സാക്ഷാത്കരിക്കാൻ പുറപ്പെടുന്ന ജിജ്ഞാസുവിന് വന്നുഭവിച്ചേക്കാവുന്ന പ്രലോഭനങ്ങളെ മനഃശാസ്ത്രപരമായും ശാസ്ത്രീയമായും അപഗ്രഥനം ചെയ്തിരിക്കുകയാണ് ഈ മനോഹരകൃതിയിൽ.

കൊവിഡ് സമയത്ത് ശിവഗിരിമഠത്തിന്റെ യൂട്യൂബ് ചാനലിലൂടെ ധർമ്മപ്രചരണാർത്ഥവും മഹാമാരിയ്ക്ക് മുൻപിൽ പകച്ചുനിന്ന ജനത്തിനു വേണ്ടിയും സമാരംഭിച്ച ശ്രീനാരായണ ഗുരുദേവകൃതികളുടെ പഠനക്ലാസ് മുടങ്ങാതെ രണ്ടുവർഷം പിന്നിടുകയാണ്. ഈ സന്ദർഭത്തിൽ അരുവിപ്പുറം ക്ഷേത്രം & മഠം എന്ന യൂട്യൂബ് ചാനലിലൂടെ ശിവശതകത്തിന്റെ പഠനം പൂർത്തികരിക്കുകയാണ്.

ശിവശതകത്തിലൂടെ കടന്ന് പോകുമ്പോഴാണ് മനുഷ്യമനസിനെ സങ്കീർണതകളിലേയ്ക്ക് തള്ളിവിടുന്ന പ്രശ്നങ്ങളെ സാധാരണക്കാർക്ക് മനസിലാകും വിധത്തിൽ ഗുരു അവതരിപ്പിച്ചിരിക്കുന്നതിന്റെ ശാസ്ത്രീയത നമ്മെ അമ്പരപ്പിക്കുന്നത്. ഭൗതികരീതിയിൽ ചിന്തിക്കുന്നവരും ആദ്ധ്യാത്മിക രീതിയിൽ ചിന്തിക്കുന്നവരും ലക്ഷ്യമിടുന്നത് ഈ ഭൂമിയിൽ പരമാവധി സുഖത്തോടെ ജീവിക്കുക എന്നതാണ്. പക്ഷേ ഈ രണ്ട് വഴിയിൽ സഞ്ചരിക്കുന്നവർക്കും സംഭവിക്കുന്ന പ്രധാന പ്രശ്നം അവർ എല്ലാം മുൻവിധിയോടെ കാണുന്നു എന്നതാണ്. ഇത് മനുഷ്യനെ കൂടുതൽ സങ്കീർണതയിലേക്ക് തള്ളിവിടുന്നു. പ്രശ്നപരിഹാരം കാനൽജലം പോലെ അകന്നുപോകുന്നു. സ്വാതന്ത്ര്യത്തിലേക്കെന്ന് പറഞ്ഞ് പാരതന്ത്ര്യത്തിലേക്ക് നിപതിക്കുന്നു.


സനക സനന്ദ സനത് കുമാരർ മുൻപാം
മുനിജനമോടുപദേശമോതിമുന്നം
കനിവൊടു തെക്കു മുഖം തിരിഞ്ഞു കല്ലാൽ
ത്തണലിലിരുന്നൊരു മൂർത്തികാത്തു കൊൾക?

പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൽ ഗുരുശിഷ്യന്മാർ പഠിച്ചിരുന്ന രീതി ഗുരുവിന്റെ വർണനയിൽ നിന്നും മനസിലാക്കാം. സനകനും സനത്കുമാരനും സനന്ദനും ഒക്കെ ഈ സംസാരദുഃഖത്തെ അതിവർത്തിച്ച ജീവൻ മുക്‌തരായ മഹാത്മാക്കളാണ്. കനിവോടെയാണ് ജീവൻമുക്തനായ ഗുരു ശിഷ്യർക്ക് ഉപദേശം നൽകുന്നത് .

ജനകനുമമ്മയുമാത്മസഖിപ്രിയ-
ജനവുമടുത്തയൽവാസികളുംവിനാ
ജനനമെടുത്തുപിരിഞ്ഞിടുമെപ്പൊഴും
തനിയെയിരിപ്പതിനേതരമായ് വരൂ.

നമ്മുടെയൊക്കെ വിചാരം നമുക്ക് ചുറ്റും നമ്മെ സംരക്ഷിക്കാൻ ഒരുപാട് ആളുകളുണ്ടെന്നാണ്. പക്ഷേ അങ്ങനെ ഒന്നില്ലെന്നാണ് ഋഷിമാരുടെ കണ്ടെത്തൽ. നമുക്ക് ഇത് അംഗീകരിക്കാൻ ഒരു വിഷമം. പ്രത്യേകിച്ച് ആധുനിക വിദ്യാഭ്യാസം നേടിയവർക്കും യുക്തിവാദികൾക്കും. നമ്മുടെ മനസിന്റെ ഉള്ളിലേക്ക് സൂക്ഷ്മമായി ഒന്ന് കണ്ണോടിച്ചാൽ ജനകൻ, അമ്മ, ആത്മസഖി, സ്വന്തക്കാർ, അടുത്ത അയൽവാസികൾ ഇവരെയൊന്നും കൂടാതെയാണ് നാം ഓരോരുത്തരും ജനിക്കുന്നതും മരിക്കുന്നതും. കൂടാതെ ഇവരെല്ലാവരും കൂടെയുണ്ടെന്ന് തോന്നുമ്പോഴും മാനസികമായി നാം തനിയെയാണ് ജീവിക്കുന്നത്. നമുക്കുണ്ടാവുന്ന മാനസിക പിരിമുറുക്കം, ദു:ഖം ഇതെല്ലാം നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെന്ന് വിചാരിക്കുന്നവർ ഏറ്റെടുക്കാറുണ്ടോ.? ആർക്കെങ്കിലും അതിനു സാധിക്കുമോ.? മറ്റൊരാളിന്റെ വൈഷമ്യങ്ങൾ ഏറ്റെടുക്കാൻ നമുക്ക് സാധിക്കുമോ?​ ഇവിടെ ഇങ്ങനെയൊരു വിശകലനം സംഭവിക്കാത്തത് കൊണ്ടാണ് നമുക്ക് അമിതമായ മമതാബന്ധം ഉണ്ടാകുന്നതും അതിൽ നിന്നും ദുഃഖം ഉണ്ടാകുന്നതും. അതു കൊണ്ട് ഇക്കാര്യം മനസിലാക്കി അറിവോട് കൂടി ഇതിനെ അതിവർത്തിച്ച് പോയാൽ ദുഃഖമില്ലാതെ സുഖത്തോടുകൂടി ഇവിടെ കഴിയാം. അതിനുളള പരിഹാരമാണ് ഗുരു പറയുന്നത്.

ദുഃഖം എനിയ്ക്ക് ഒരിക്കലും ഉണ്ടാകാതെ പരംപൊരുളിൽ ഭക്തിയുറക്കണം. അജ്ഞാനമാകുന്ന ചെഞ്ചിടയിലേയ്ക്ക് ജ്ഞാനഗംഗാപ്രവാഹം ഉണ്ടാകാൻ എല്ലാത്തിനും ആശ്രയമായ ഗുരുവിന്റെ ഉപദേശത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഓർമ്മപ്പെടുത്തുകയാണ് ഗുരു.

ഈ കൃതികളുടെ പ്രചരണത്തിലൂടെ അഥവാ മനസിലാക്കലിലൂടെ ഓരോ മനുഷ്യനും മനസിന്റെ സങ്കീർണ്ണതകളെ അതിവർത്തിച്ച് കൃതകൃതനായി കഴിയണം. അരുവിപ്പുറം ക്ഷേത്രത്തിന്റെയും മഠത്തിന്റെയും യൂട്യൂബ് ചാനലിലൂടെ ശ്രമിക്കുന്നതും അതുതന്നെയാണ്. ഇപ്രകാരം നടത്തിയ ക്ലാസിൽ ആത്മോപദേശശതകം സാമാന്യ ജനങ്ങളിലേക്കെത്തിക്കാനും അതിനെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVASATHAKAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.