SignIn
Kerala Kaumudi Online
Friday, 19 April 2024 12.35 AM IST

പന്നിയങ്കരയിലെ അമിത ടോൾ: സ്വകാര്യബസ് പണിമുടക്ക് ജില്ലയിൽ പൂർണം

bus-strike

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് പിരിക്കുന്ന ടോൾ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകൾ ജില്ലയിൽ നടത്തിയ പണിമുടക്ക് പൂർണം. രണ്ടാഴ്ചയിലേറെ ഇതേ ആവശ്യമുന്നയിച്ച് തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം റൂട്ടിൽ ബസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം സ്വകാര്യ ബസുടമകളും തൊഴിലാളികളും നിരാഹാര സമരവും നടത്തുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ടോൾ പിരിവ് കമ്പനിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ മുഴുവൻ ബസുകളും സർവീസ് നിർത്തിവെച്ച് സൂചനാ സമരം നടത്തിയത്.

പണിമുടക്കിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. നഗരത്തിലുള്ളവരെ പണിമുടക്ക് ഏറെ ബാധിച്ചില്ലെങ്കിലും ഗ്രാമീണമേഖലയിലുള്ളവരെ ഏറെ ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത ഉൾനാടുകളിൽ ജനങ്ങൾക്ക് സമാന്തര സർവീസിൽ അമിത ചാർജ്ജ് നൽകി യാത്ര ചെയ്യേണ്ടി വന്നു. സ്വകാര്യ ബസ് കണക്കിലെടുത്ത് യാത്രാക്ലേശം ഒഴിവാക്കുന്നതിനായി കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തി.

പാലക്കാട്- തൃശൂർ ഭാഗത്തേക്ക് യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് സർവീസ് നടത്തിയതിന് പുറമെ ഗോവിന്ദാപുരം, ഗുരുവായൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിലേക്ക് സാധാരണ സർവീസിന് പുറമെ അധിക സർവീസ് നടത്തി. ഇതോടെ രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി ബസുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

വാളയാറിലും പാലിയേക്കരയിലും നൽകുന്നതിന്റെ പത്തിരട്ടി തുകയാണ് ഓരോ മാസവും പന്നിയങ്കരയിൽ സ്വകാര്യബസുകൾക്ക് ടോൾ നൽകേണ്ടിവരുന്നതെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. ഈ തുക നൽകണമെങ്കിൽ സർവീസ് നടത്താൻ തുക വേറെ കണ്ടത്തേണ്ട സ്ഥിതിയാണെന്നാണ് ബസുടമകളും ജീവനക്കാരും പറയുന്നത്.

പലതവണ ബസുടമകളും ജീവനക്കാരും തൊഴിലാളി നേതാക്കളും സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം പി.പി.സുമോദ് എം.എൽ.എ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ദേശീയ അതോറിറ്റിയുടെയും കരാർകമ്പനികളുടെയും പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ പരാജയപ്പെടുകയായിരുന്നു.

നടപടിയില്ലെങ്കിൽ മേയ് മൂന്നുമുതൽ ശക്തമായ സമരം

ഈമാസം 30നുള്ളിൽ ടോൾ നിരക്ക് കുറച്ചില്ലെങ്കിൽ മേയ് മൂന്നുമുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മേയ് ഒന്നിന് ബസുടമ സംഘടനകളുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, BUS STRIKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.