വരൻ സമ്പത്ത് ആർക്കിടെക്ട്
പ്രശസ്ത ചലച്ചിത്രതാരം മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. സമൂഹമാധ്യമങ്ങളിൽ വിവാഹചിത്രങ്ങൾ വന്നതോടെയാണ് ആരാധകർ വിവരം അറിയുന്നത്. കൊട്ടും മേളവുമായി മൈഥിലിയെ സമ്പത്തിന്റെ വീട്ടിലേക്ക് വരവേൽക്കുന്നതിന്റെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു.
രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിൽ എത്തുന്നത്. സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായതോടെ കൂടുതൽ ശ്രദ്ധേയയായി. അഭിനയ ജീവിതത്തിൽനിന്ന് ഇടവേള എടുത്തിരിക്കുകയാണ് മൈഥിലി. അതേക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് മൈഥിലി ഇങ്ങനെ പറഞ്ഞു.
''നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. കരിയറിന്റെ തുടക്കം മുതൽ ഞാൻ കഠിനാദ്ധ്വാനം ചെയ്തത് അതിന് വേണ്ടിയാണ്. നല്ല കഥാപാത്രങ്ങൾ വരുമ്പോൾ മാത്രം ഇനി സിനിമ ചെയ്താൽ മതിയെന്ന തീരുമാനമെടുത്തു.സിനിമയിൽ ഒരു ഇടവേള വേണമെന്ന് എനിക്കും തോന്നിയിരുന്നു.പത്തുവർഷം സിനിമയിൽ നിന്നിട്ട് ഒരു ബ്രേക്കെടുത്തത് എന്നെത്തന്നെ പഠിക്കാനായാണ്. അതുവരെ കരിയർ മാത്രമായിരുന്നു എന്റെ ഫോക്കസ്. എനിക്ക് കുറച്ചുകാലം എന്റേതായ ജീവിതം ജീവിക്കണമെന്ന് തോന്നി.പാലേരിമാണിക്യത്തിൽ എനിക്ക് ഗംഭീരമായൊരു തുടക്കം കിട്ടി. പക്ഷേ പിന്നീട് എന്റെ സിനിമകളുടെ സെലക്ഷൻ പാളിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ആ പ്രായത്തിലെ എന്റെ പക്വതക്കുറവായിരുന്നു ശരിയായ കാരണം.
സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബമല്ല എന്റേത്. പല സിനിമകളും ചെയ്തശേഷമാണ് അത് ചെയ്യേണ്ടായിരുന്നുവെന്നും അല്ലെങ്കിൽ അതിലും നന്നായി എനിക്ക് ചെയ്യാമായിരുന്നുവെന്നുമൊക്കെ തോന്നിയിട്ടുള്ളത്.ഞാൻ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. അതും ഒരു പാഠമായിരുന്നു. നല്ല സിനിമകൾ മാത്രം തിരഞ്ഞെടുത്ത് ചെയ്യാൻ ആർക്കും പറ്റില്ല. വലിയ വലിയ അഭിനേതാക്കളുടെ കാര്യമെടുത്താലും അവരൊക്കെ നല്ല സിനിമയും മോശം സിനിമയും ചെയ്തിട്ടുള്ളവരാണ്. അതാരുടെയും തെറ്റും കുറ്റവുമൊന്നുമല്ല. അതങ്ങനെയാണ്.
പാലേരിമാണിക്യം കഴിഞ്ഞാൽ എനിക്ക് നല്ലൊരു കഥാപാത്രം കിട്ടിയത് സോൾട്ട് ആൻഡ് പെപ്പറിലാണ്. ആളുകളിലേക്ക് ഇറങ്ങിച്ചെന്ന സിനിമ.ടി.വി ചന്ദ്രൻ സാറിന്റെ മോഹവലയത്തിലും നല്ല കഥാപാത്രം ലഭിച്ചു.''മൈഥിലി പറഞ്ഞു. കേരള കഫേ, ചട്ടമ്പിനാട്, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ലോഹം, മേരാ നാം ഷാജി, സിൻജാർ തുടങ്ങിയവയാണ് മൈഥിലിയുടെ മറ്റു ചിത്രങ്ങൾ . ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് ചിത്രം ചട്ടമ്പി ആണ് റിലീസിന് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |