SignIn
Kerala Kaumudi Online
Thursday, 25 April 2024 12.14 PM IST

വേണം ജനഹിത പരിശോധന

referendum

ജനാധിപത്യ ഭരണസമ്പ്രദായം ജീർണിച്ചുവെന്ന് എം. ഗോവിന്ദൻ എഴുതിയിട്ട് ഏഴ് പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും ഏത് അക്രമവും രാജ്യത്ത് നടക്കുന്നത് ജനങ്ങളുടെ പേരിലാണ്. ജനാധിപത്യത്തെ തമ്മിൽ ഭേദപ്പെട്ട തൊമ്മനായിട്ടാണ് പാടിപ്പുകഴ്‌ത്തുന്നത്. അധികാരത്തിന്റെ തണൽപാർത്തു കഴിയുന്ന വിപ്ളവകക്ഷികളും, പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റംഗം വരെയുള്ള ജനപ്രതിനിധികളെന്ന രാജകുമാരന്മാരും കാര്യത്തോടടുക്കുമ്പോൾ ജനങ്ങളെ കൈവിടാറാണ് പതിവ്. അതുകൊണ്ടാണ് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് മേനിനടിക്കുന്ന ഇന്ത്യയിലും ജനഹിത പരിശോധന പരീക്ഷിക്കപ്പെടാത്തത്.

തൊട്ടതിനും പിടിച്ചതിനും പാവങ്ങളുടെ പേരിൽ നെഞ്ചത്തടിച്ച് കരയുകയും, മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഇടതു - വലത് സർക്കാരുകൾക്കൊന്നും തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞാൽ ജനങ്ങളെ തിരിഞ്ഞുനോക്കാനിട കിട്ടാറില്ല. രാജ്യത്തെ വാർഷിക ജി.ഡി.പിയുടെ 10 ശതമാനത്തിൽ അധികം ചെലവഴിക്കേണ്ടിവരുന്ന ഏതു പദ്ധതിയും ജനങ്ങളുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് ധീരമായി പ്രഖ്യാപിച്ചത് ലാറ്റിനമേരിക്കയിലെ വെനസ്വേലയിൽ ഹ്യൂഗോ ഷാവേസെന്ന ഇടതുപക്ഷക്കാരനാണ്.

സ്വിറ്റ്‌സർലൻഡ് സർക്കാർ ആൽപ്‌സ് പർവതത്തിനടിയിലൂടെ 57 കി.മീ. റെയിൽ തുരങ്കം നിർമ്മിക്കാനൊരുങ്ങിയപ്പോൾ രണ്ടുവട്ടം ജനഹിത പരിശോധന നടത്തുകയുണ്ടായി. മദ്യനിരോധനം, റൈറ്റ് ഹാൻഡ് ഡ്രൈവിംഗ്, അണുശക്തി, യൂറോ കറൻസി എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സ്വീഡനിൽ ഹിതപരിശോധന നടന്നിട്ടുണ്ട്.

സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, പരിസ്ഥിതിയോടും ജനങ്ങളോടും ആഭിമുഖ്യമുള്ള, വികസനത്തെക്കുറിച്ച് ഉൾക്കാഴ്ചയുള്ള ഒരു സ്വതന്ത്ര സമിതിയുടെ നേതൃത്വത്തിൽ കെ -റെയിലിനെക്കുറിച്ചും കേരളത്തിൽ ജനഹിത പരിശോധന നടത്താവുന്നതാണ്. ജനാധിപത്യം വിയോജിപ്പുകളോടുള്ള കരുതൽ കൂടിയാണെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നത് നന്ന്. സിൽവർ ലൈനിനെ വിമർശിക്കുന്നവരെ പരിഹസിക്കുന്ന അശോകൻ ചരുവിലിനെ ഉദ്ധരിക്കുന്ന ഇടതു നേതാവും കെ-റെയിൽ സ്‌തുതിഗീതങ്ങൾ രചിക്കുന്ന കവികളെ എഫ്.ബിയിൽ പോസ്റ്റു ചെയ്യുന്ന മന്ത്രിമാരുമല്ല ജനഹിത പരിശോധനയ്‌ക്ക് ചുക്കാൻ പിടിക്കേണ്ടത്.

കെ - റെയിൽ ഭാവിയിൽ എങ്ങനെയിരിക്കുമെന്ന് നേരിട്ട് കാണണമെന്നുള്ളവർക്ക് എറണാകുളത്തെ വടുതലയിലേക്ക് സ്വാഗതം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള ഫിഡർ റെയിൽവേ ലൈൻ കാണൂ. വേണ്ടത്ര പഠനങ്ങളും തയ്യാറെടുപ്പുകളുമില്ലാതെ എടുത്തുചാടി തുടങ്ങുന്ന പദ്ധതികൾക്ക് ഒരു മാതൃകാ സ്മാരകം. തൊഴിൽ സമരങ്ങളും വലിയ കപ്പലുകൾക്ക് അടുക്കാനാവാത്ത കപ്പൽച്ചാലുകളുമെല്ലാം ചേർന്ന് വല്ലാർപാടം ടെർമിനൽ നിർമ്മാണോദ്ദേശം പൂർത്തിയാക്കാത്ത നിരവധി പദ്ധതികളിലൊന്നായി.

കൂറ്റൻ കോൺക്രീറ്റു തൂണുകളിൽ നഗരമദ്ധ്യത്തിലൂടെ, ജനവാസകേന്ദ്രങ്ങളിലൂടെ പുഴയും കായലും താണ്ടി ആകാശമാർഗെ കടന്നുപോകുന്ന ഈ റെയിൽവേ ലൈൻ ഇന്നൊരു നോക്കുകുത്തി മാത്രമാണ്. റെയിൽ നിർമ്മാണത്തിനായി വടുതല കായലിന് കുറുകെ നിർമ്മിച്ച ബണ്ട് നോക്കൂ. ബോട്ടുകൾക്കും തോണികൾക്കും കടന്നുപോകാനാവാതെ ജലപ്രവാഹത്തെ തടഞ്ഞുകൊണ്ട് കായലിൽ ഒരു മൺകോട്ട. ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ ഉത്തരവിറങ്ങിയിട്ടും മാദ്ധ്യമങ്ങൾ അലമുറയിട്ടിട്ടും ബണ്ട് നീക്കേണ്ട പോർട്ട് ട്രസ്റ്റിന് അനക്കമില്ല. എറണാകുളം നഗരത്തെ പ്രളയത്തിൽ മുക്കിക്കൊല്ലാൻ, നോക്കുകുത്തിയായ റെയിൽവേ ലൈനിന്റെ ബാക്കിപത്രമായി ഒരു കായൽ ബണ്ട്!

വഴിതെറ്റിയ വികസനത്തിന്റെ നോക്കുകുത്തികൾ കേരളം മുഴുവൻ കാണാൻ കഴിയുന്ന ഒരു കാലം ഭാവിയിലുണ്ടാകാം. കായലുകളും പുഴകളും തണ്ണീർത്തടങ്ങളും, ഇത്തരം ബണ്ടുകളുടേയും നെടുങ്കൻ കോട്ടകളുടേയും പരിരംഭണത്തിൽ ഞെരിഞ്ഞമരാം.

ഇത്തരമൊരു സാഹചര്യത്തിൽ നമുക്കും വേണ്ടേ ഒരു ജനഹിത പരിശോധന?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REFERENDUM, HITHAPARISODHANA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.