SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 AM IST

പൊളിഞ്ഞുവീഴുന്ന കേരള മോഡൽ...!

photo

ആരോഗ്യം, സാക്ഷരത എന്നിങ്ങനെ പല മേഖലകളിലും കേരളാ മോഡൽ എന്ന് അഭിമാനിക്കുന്ന നാം ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള മാതൃക സൃഷ്ടിക്കാനാവാതെ അമ്പേ പിന്നാക്കം പോവുന്നു. അക്കാ‌ഡമിക് റാങ്കിംഗുകളിലൊന്നും നമ്മുടെ സർവകലാശാലകളും കോളേജുകളും മുന്നിലെത്താത്തത് പതിവായിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നവകേരള പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെ അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് എത്രത്തോളം അടിതെറ്റിയിരിക്കുന്നെന്ന് മനസിലായത്. ഫെലോഷിപ്പിനായി 860 പേർ അപേക്ഷിച്ചെങ്കിലും 77പേർക്കേ യോഗ്യത നേടാനായുള്ളൂ. വിവിധ വിഷയങ്ങളിൽ ഗവേഷണ ബിരുദം നേടിയ 40വയസിൽ താഴെയുള്ളവരായിരുന്നു അപേക്ഷകർ എന്നറിയുമ്പോഴാണ് ദയനീയാവസ്ഥ കൂടുതൽ വ്യക്തമാവുക. 860 അപേക്ഷകരിൽ 67 ശതമാനവും വനിതകളായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് പി.എച്ച് ഡി നേടിയവരായിരുന്നു അപേക്ഷകരിലധികവും. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് (190) ഏറ്റവും അപേക്ഷകൾ.

കേരളത്തിന്റെ ഭാവിസാദ്ധ്യതകൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനായി സർവകലാശാലകളെ സജ്ജമാക്കുകയാണ് വേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ആവർത്തിക്കുമ്പോഴാണ് ഒരുലക്ഷം രൂപയുടെ ഫെലോഷിപ്പിനു പോലും യോഗ്യത നേടാനാവാതെ ഗവേഷണ ബിരുദം നേടിയ 800 ഓളം പേർ പുറത്തായത്. കേരളത്തെ സംബന്ധിച്ച വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ഗവേഷണ വിഷയത്തിന്റെ സംഗ്രഹം അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നിലവാരം പരിശോധിച്ച വിദഗ്ദ്ധസമിതി ഭൂരിഭാഗം പേരെയും തഴയുകയായിരുന്നു. അപേക്ഷകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്നാണ് സമിതി വിലയിരുത്തിയത്. സമർപ്പിച്ച ആശയങ്ങളിൽ പലതിലും കോപ്പിയടിച്ചവയും ഉൾപ്പെട്ടിരുന്നു. ലഭിച്ച 860 അപേക്ഷകളിൽ ഭൂരിഭാഗത്തിനും തങ്ങൾ ഏത് വിഷയത്തിലാണ് ഗവേഷണം നടത്താൻ പോകുന്നതെന്ന് വ്യക്തമാക്കാൻ പോലും കഴിഞ്ഞിട്ടില്ല. പിഎച്ച്.ഡിക്ക് ശേഷമുള്ള ഗവേഷണത്തിനായുള്ള അപേക്ഷകളിൽ ഭൂരിഭാഗവും ഇത്തരത്തിലായത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിനു നേരെ വിരൽ ചൂണ്ടുന്നു. ഇവിടെയാണ് സർവകലാശാലകളിലെ ഗവേഷണത്തിന്റെ പൊള്ളത്തരവും പൊളിഞ്ഞുവീഴുന്നത്.

സാമൂഹ്യ, സാമ്പത്തിക, കാർഷിക, വ്യവസായ മേഖലകളിലെ നൂതനവും സംസ്ഥാനത്തിന്റെ വികസന പുരോഗതിക്ക് ആക്കം കൂട്ടുന്നതുമായ ഗവേഷണ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഫെലോഷിപ്പ് നൽകുന്നത്. മുഴുവൻ സമയ ഗവേഷണത്തിനായി ഒന്നാം വർഷം 50000 രൂപയും രണ്ടാം വർഷം ഒരു ലക്ഷം രൂപയുമാണ് ഫെലോഷിപ്പ്. രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. പരമാവധി ഒരുവർഷത്തേക്കു കൂടി കാലാവധി നൽകും. അഞ്ചുവർഷം കൊണ്ട് 500 പേർക്ക് ഫെലോഷിപ്പ് നൽകുകയാണ് ലക്ഷ്യം.

ഫെലോഷിപ്പിന് അർഹരായവരിൽ 21പേർ ലൈഫ് സയൻസ് മേഖലയിൽ നിന്നുള്ളവരാണ്. മെഡിക്കൽ സയൻസിൽ രണ്ടുപേർക്കേ ഫെലോഷിപ്പ് ലഭിച്ചുള്ളൂ. ആർട്സ് ആന്റ് ഹ്യുമാനി​റ്റീസ് വിഭാഗത്തിൽ നിരവധി അപേക്ഷകരുണ്ടായിരുന്നെങ്കിലും അഞ്ചുപേർക്കേ ഫെലോഷിപ്പ് കിട്ടിയുള്ളൂ. സർവകലാശാലകൾ, ആശുപത്രികൾ, വ്യവസായശാലകൾ എന്നിവയുമായി സഹകരിച്ച് ഗവേഷണം നടത്താം. ഗവേഷണത്തിന് ലാബുകൾ സ്ഥാപിക്കാൻ 50,000രൂപ അധികമായി നൽകും.

സംസ്ഥാനത്തിന്റെ വികസനപുരോഗതിക്ക് ആക്കം കൂട്ടാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം ആദ്യഘട്ടത്തിൽ തന്നെ പാളിയ മട്ടാണ്. ഏതാനും ചില ഗവേഷണങ്ങൾ ഈ മേഖലകളിലാണ്- ആയുർവേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും കൂടുതൽ സാദ്ധ്യതകൾ കണ്ടെത്തുക, റബറിനെയും വാണിജ്യവിളകളെയും രക്ഷിക്കാനുള്ള പദ്ധതികൾ കണ്ടെത്തുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബ്ലോക് ചെയിൻ, സ്പേസ് ടെക്നോളജി, മെഡിക്കൽ ഇമേജിംഗ്, ജീനോമിക്സ്, ജനിറ്റിക് മെഡിസിൻ എന്നിവയിൽ ഗവേഷണം, ഡീസൽ, പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്ക് പകരമുള്ള സാദ്ധ്യതകൾ കണ്ടെത്തുക, കൃഷിയെ രക്ഷിക്കാൻ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ഫുഡ് പ്രോസസിംഗ് എന്നിവയ്ക്ക് പുതുസാദ്ധ്യതകൾ കണ്ടെത്തുക, അടിക്കടിയുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടാനുള്ള സംവിധാനങ്ങൾ കണ്ടെത്തുക, സഹകരണ മേഖലയിലെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ. ഈ രംഗങ്ങളിലെ ഗവേഷണം സംസ്ഥാനത്തെ വളർച്ചയിലേക്ക് നയിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

ചോദ്യത്തിനു പകരം ഉത്തരം

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക തന്നെ നൽകി കേരള സർവകലാശാലയാണ് ഏറ്റവും നാണക്കേടുണ്ടാക്കിയത്. കണ്ണൂർ സർവകലാശാലയാവട്ടെ കഴിഞ്ഞവർഷത്തെ ചോദ്യപ്പേപ്പർ അതേപടി ഉപയോഗിച്ച് മൂന്ന് പരീക്ഷ നടത്തി. വിവാദമായപ്പോൾ മൂന്നും റദ്ദാക്കി. കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയത്തിന്റെ പ്രത്യേക പരീക്ഷയിലാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയത്. സെന്ററിലേക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക അയച്ചുകൊടുക്കുകയായിരുന്നു. മൂല്യനിർണയം നടത്തിയ അദ്ധ്യാപകൻ പരീക്ഷാ കൺട്രോളറെ അറിയിച്ചപ്പോഴാണ് വീഴ്ച പുറത്തറിഞ്ഞത്. കണ്ണൂരിൽ സൈ​ക്കോ​ള​ജി,​ ​ബോ​ട്ട​ണി പ​രീ​ക്ഷ​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ലാണ് വീഴ്ചയുണ്ടായത്. ​ചോ​ദ്യം​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പഴ​യ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​വ​ർ​ഷം​ ​മാ​ത്രം​ ​മാ​റ്റി​ ​ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നാണ് കണ്ടെത്തൽ. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് ചാൻസലറായ ഗവ‌ർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ്ചാൻസലർമാരോട് വിശദീകരണം തേടിയിട്ടുണ്ട്.

സർവകലാശാല പഠന ബോർഡ് ചെയർമാൻമാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അദ്ധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെ​റ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്​റ്റഡീസ് ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചയില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിലൊരു ചോദ്യപേപ്പറാണ് പരീക്ഷ കൺട്രോളർ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത്. മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിന്റെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതാണ് വിദ്യാർത്ഥികൾക്ക് മാനസികസംഘർഷത്തിനും സർവകലാശാലയ്ക്ക് അധിക ചെലവിനും ഇടയാക്കുന്നത്.

ഉത്തരവാദികളായ ചോദ്യകർത്താക്കളേയും പഠനബോർഡ് അംഗങ്ങളെയും പരീക്ഷാജോലികളിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്യണമെന്നും ഇവരുടെ സ്ഥാനക്കയറ്രം തടയണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ചെറിയ പിഴവുകളെന്ന് മന്ത്രി

ഒന്നോ രണ്ടോ പിഴവുകളെ പർവതീകരിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ താറടിച്ചുകാട്ടുന്നത് ശരിയല്ലെന്നാണ് മന്ത്രി ആർ.ബിന്ദു പറയുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാണ്. കേരള സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകിയത് അന്വേഷിക്കും. കൊവിഡ് കാരണം പരീക്ഷയെഴുതാൻ കഴിയാത്ത കുട്ടിക്ക് വീണ്ടും പരീക്ഷ നടത്തിയപ്പോഴാണ് പിശക് സംഭവിച്ചത്. കണ്ണൂർ, കേരള സർവകലാശാലകളിൽ സംഭവിച്ച പിഴവുകളെ ഗൗരവത്തോടെ കാണുന്നു. പരീക്ഷാ നടത്തിപ്പിൽ ഇത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പിഴവുകൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം പോലെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടണമെന്നും സമർത്ഥർ അന്യസംസ്ഥാനങ്ങളിലേക്ക് ഉപരിപഠനത്തിന് ചേക്കേറുന്ന രീതി മാറണമെന്നുമാണ് ഗവർണറുടെ നിലപാട്.

അടിതെറ്റിയത് ഇങ്ങനെയാണ്

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും അത് സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കുന്നതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിട്ട് ഏറെക്കാലമായില്ല. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഡി-ലിറ്റ് നൽകാനുള്ള അദ്ദേഹത്തിന്റെ ശുപാർശ കേരള സർവകലാശാല തള്ളിയതായിരുന്നു കാരണം. എന്നാൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ അപചയത്തിന് പിന്നിൽ രാഷ്ട്രീയക്കാരും വിദ്യാഭ്യാസ മേഖലയിലെ സംഘടനകളും അദ്ധ്യാപകരുമെല്ലാം കാരണക്കാരാണ്. സർവകലാശാലകളുടെ നിയന്ത്രണ സമിതികളിലടക്കം രാഷ്ട്രീയ സ്വാധീനമുള്ളവരെ കുത്തിനിറച്ചിരിക്കുന്നു. വൈസ്ചാൻസലർ, പ്രോ - വൈസ്ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ നിയമനങ്ങളിലെല്ലാം രാഷ്ട്രീയമാണ് മുഖ്യ പരിഗണനാവിഷയം. രാഷ്ട്രീയം മുഖ്യയോഗ്യതയാവുമ്പോൾ, അക്കാഡമിക് യോഗ്യതകൾ അധികയോഗ്യത മാത്രമായിപ്പോവുന്നു. അദ്ധ്യാപക സംഘടനകളാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്ന് നിസംശയം പറയാം.

ഗവ. എൻജിനിയറിംഗ് കോളേജുകളിൽ സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിച്ച 115 അസോസിയേറ്റ് പ്രൊഫസർമാരെ അസി. പ്രൊഫസർമാരായി തരംതാഴ്‌ത്തി. അയോഗ്യരായ 18 പ്രിൻസിപ്പൽമാരെയും തരംതാഴ്ത്തിയിരുന്നു. 2010ലെ എ.ഐ.സി.ടി.ഇ ചട്ടപ്രകാരമുള്ള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനത. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എ.ഐ.സി.ടി.ഇ, യു.ജി.സി ചട്ടങ്ങളിൽ ഇളവു നൽകാനോ, മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ലെങ്കിലും 2019ൽ ഇടത് അദ്ധ്യാപകസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി അയോഗ്യർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. എൻജിനിയറിംഗ് കോളേജുകളിലെ 961അദ്ധ്യാപകർ അയോഗ്യരാണെന്ന് സി.എ.ജിയും കണ്ടെത്തിയിരുന്നു. ഗവ. കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750 വീതം അയോഗ്യരായ അദ്ധ്യാപകരുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. യോഗ്യതയില്ലാത്തവർക്ക് കൂട്ടത്തോടെ സ്ഥാനക്കയറ്റം അനുവദിപ്പിക്കാനടക്കം അതിശക്തമായ സമ്മർദ്ദശക്തിയാണ് അദ്ധ്യാപക സംഘടനകളെന്ന് ചുരുക്കം.

വേണം അടിമുടി

പൊളിച്ചുപണി

പഠനത്തിലും ഗവേഷണത്തിലുമടക്കം സമഗ്രമായ അഴിച്ചുപണിയാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് വേണ്ടത്. പരീക്ഷകൾ വിദ്യാർത്ഥികളുടെ ഓർമ്മപരിശോധനയ്ക്ക് അപ്പുറം അറിവ് പരിശോധനയായി മാറണം. നിരന്തര വിലയിരുത്തൽ പ്രോത്സാഹിപ്പിക്കുകയും ഇന്റേണൽ മാർക്ക് ശതമാനം കൂട്ടുകയും വേണം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കുകയും പരീക്ഷാ നടത്തിപ്പിലെ താളപ്പിഴകൾ പൂർണമായി ഒഴിവാക്കുകയും വേണം. പരീക്ഷാ നടത്തിപ്പിനടക്കം ചുമതലപ്പെട്ടവരുടെ അലംഭാവം വച്ചുപൊറുപ്പിക്കരുത്. വീഴ്ചവരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഉന്നതവിദ്യാഭ്യാസത്തിന്റെ തകർച്ച അദ്ധ്യാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിച്ചു. പുതിയ അദ്ധ്യാപകർക്ക് വേണ്ടത്ര നിലവാരമില്ലെന്നത് ഏറെക്കാലമായ വിമർശനമാണ്. വിദ്യാർത്ഥികൾക്കെന്ന പോലെ അദ്ധ്യാപകർക്കും തുടർച്ചയായ പരിശീലനം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ പോലുള്ള സമിതികളിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കാതെ കഴിവും യോഗ്യതകളും കാര്യശേഷിയുമുള്ളവരെ നിയമിക്കണം. അദ്ധ്യാപക സംഘടന വകുപ്പ് ഭരിക്കുന്നതും ഒഴിവാക്കണം. നവകേരളം സൃഷ്ടിക്കാൻ ഏറ്റവും അവശ്യമായത് മെച്ചപ്പെട്ടതും നിലവാരമുള്ളതുമായ വിദ്യാഭ്യാസരംഗമാണെന്ന് സർക്കാർ തിരിച്ചറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER EDUCATION KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.