SignIn
Kerala Kaumudi Online
Saturday, 20 April 2024 10.01 AM IST

ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്; കോടിയേരിക്ക് മറുപടിയുമായി  കെ സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: ദേശാഭിമാനിയിൽ 'മോദിയുടെ ഗുരുനിന്ദ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവഗിരി മഠത്തിന്റെ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ട്. ശിവഗിരി മഠത്തിന്റെ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതിൽ അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആർഎസ്എസ് കാര്യാലയങ്ങളിൽ പുലർച്ചെ ചൊല്ലുന്ന പ്രാർത്ഥനാഗീതം മുതൽ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയിൽ ശ്രീനാരായണഗുരുദേവനുമുണ്ട്.

'ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന് ഗുരുദേവന്റെ സമഗ്രജീവിതദർശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968ൽ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനവേദിക്ക് നൽകിയ പേര് ശ്രീനാരായണനഗർ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വർണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദർശമല്ല സംഘപരിവാറിന് ശ്രീനാരായണദർശനമെന്ന് സാരം.

ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. 1988ൽ ചിന്താവാരികയിൽ ഇഎംഎസ് എഴുതിയത് പാർട്ടി ഓഫീസിലുണ്ടെങ്കിൽ കോടിയേരി വായിക്കണം. '' മാർക്‌സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പ് അന്തരിച്ചുപോയ രാജാറാം മോഹൻ റോയി ബൂർഷ്വാദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതിൽ അസാംഗത്യമില്ല. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുൻഗാമികളോ സമകാലീനരോ പിൻഗാമികളോ ആയവരും ബംഗാളിൽ റാം മോഹൻ റോയി തുടങ്ങിവച്ച നവീകരണപ്രക്രിയകളുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.

'അംബേദ്ക്കർ ഒരു പെറ്റിബൂർഷ്വ ആണെന്നും അതേ പ്രതിഭാസം കേരളത്തിൽ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹ്യപരിഷ്‌കർത്താക്കളുടെ രൂപത്തിലാണ്' എന്ന് 'അംബേദ്കർ, ഗാന്ധി, മാർക്‌സിസ്റ്റുകാർ' എന്ന പേരിൽ എഴുതിയ ലേഖനത്തിലും നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഒരുപടികൂടിക്കടന്ന് ഇന്ത്യൻ സ്വാതന്ത്രസമരചരിത്രം എന്ന പുസ്തകത്തിൽ ഹൈന്ദവ പുനരുത്ഥാനം- ദേശീയതയുടെ വികൃതരൂപം' എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ നിലപാടിൽ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല.

ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സിപിഎമ്മുകാർ തന്നെ കേരളത്തിന്റെ തെരുവിൽ അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. കുരിശിൽ തറച്ച് വലിച്ചിഴയ്ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരിൽ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങൾക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഗുരുദേവന്റെ പേരിൽ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്.

പ്രബുദ്ധകേരളത്തിൽ പരസ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ പ്രഖ്യാപനം ജാതിയില്ലാ വിളംബരം എന്ന തലക്കെട്ടിൽ ഗുരുദേവന്റെ പേരിൽ നിന്ന് ശ്രീ വെട്ടിമാറ്റി, അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് വച്ച് പ്രചരിപ്പിച്ചവരാണ് സിപിഎമ്മും കേരളത്തിലെ സർക്കാരും. ഏറ്റവും ഒടുവിൽ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കാൻ നിശ്ചയിച്ച നിശ്ചലദൃശ്യത്തിലെ ഗുരുദേവ പ്രതിമ എത്രമാത്രം വികൃതമായാണ് അവർ നിർമ്മിച്ചതും അയച്ചതുമെന്നും നമ്മുടെ മുന്നിലുണ്ട്.

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാർട്ടി ഇപ്പോൾ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചളിവാരിയെറിഞ്ഞ് മാന്യത നേടാൻ പുതിയ കഥയിറക്കുകയാണ്. ആർഎസ്എസ് ശാഖകളിൽ ഒരുമിച്ച് പ്രവർത്തകർ ചൊല്ലാറുള്ള ഗുരുദേവന്റെ 'ദൈവദശകം' സർക്കാർ വിദ്യാലയങ്ങളിൽ നിത്യപ്രാർത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോൾ കാട്ടുന്ന ഭക്തി ആത്മാർത്ഥമാണെങ്കിൽ, അതാകും നമ്പൂതിരിപ്പാട് മുതൽ പുലർത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SRENDRAN, MODI, CPM, SREENARAYANA GURU, DESHABHIMANI, ARTICLE, KODIYERI, BALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.