ന്യൂഡൽഹി: രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സയെ വാഴ്ത്തുന്ന തരത്തിൽ വിവിധ നേതാക്കളിൽ നിന്നുണ്ടായ പരാമർശങ്ങൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ തിരിച്ചടിയാകുമോയെന്ന് ബി.ജെ.പി നേതൃത്വത്തിന് ആശങ്ക. അവസാന വട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബി.ജെ.പി നേതാക്കളുടെ ഇത്തരം വിവാദ പരാമർശങ്ങൾ ആയുധമാക്കിയാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ മത്സരിക്കുന്ന ഘട്ടമായതിനാൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി നേരിട്ടാൽ അത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗത്തിന്റെ നിലപാട്. തുടർന്നാണ് ഗാന്ധി വിരുദ്ധ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.
ഇതിന് പിന്നാലെയാണ് ഗോഡ്സെ സ്തുതിപാടകർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും പ്രഗ്യാ സിംഗിന് മാപ്പില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തുന്നത്. തുടർന്ന് മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പ്രസ്താവന നടത്തിയ മദ്ധ്യപ്രദേശിലെ ബി.ജെ.പി നേതാവ് അനിൽ സൗമിത്രയെ സസ്പെൻഡ് ചെയ്യാനും പാർട്ടി തയ്യാറായി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട അനിലിനെതിരെ അന്വേഷണം നടത്തുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
വിവാദം ഇങ്ങനെ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രഗ്യ വിവാദ പരാമർശം നടത്തിയത്. 'നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം. അവർക്ക് തക്ക മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും' പ്രഗ്യ പറഞ്ഞു.
പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നു. പ്രഗ്യയെ തള്ളിയ ബി.ജെ.പി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിവാദപ്രസ്താവന പിൻവലിച്ച് പ്രഗ്യാ സിംഗ് ഠാക്കൂർ മാപ്പു പറയുകയായിരുന്നു. മാലഗാവ് സ്ഫോടനകേസിൽ പ്രതിയായ പ്രഗ്യ ഇത്തരം വിവാദ പ്രസ്താവനകൾ പലതവണ നടത്തിയിട്ടുണ്ട്. മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചിരുന്നെന്നും അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ചതിൽ താനും പങ്കെടുത്തിരുന്നുവെന്നും പ്രഗ്യ പ്രസ്താവിച്ചിരുന്നു. തുടർന്ന് പ്രചാരണത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഗ്യയെ വിലക്കി.