SignIn
Kerala Kaumudi Online
Friday, 19 April 2024 11.28 AM IST

ആർ.ശങ്കർ; ചരിത്രത്തിൽ മഹാമുദ്റ പതിപ്പിച്ച ധിഷണാശാലി

r-sankar

ആർ.ശങ്കറിന്റെ

113-ാം ജന്മദിനം ഇന്ന്

............................

ധിഷണാശക്തിയും ഭാവനയും കർമ്മകുശലതയും കൊണ്ട് ആധുനിക കേരളചരിത്രത്തിൽ മഹാമുദ്ര പതിപ്പിച്ച മഹാനായ ആർ.ശങ്കറിന്റെ സ്മരണ ജ്വലിക്കുന്ന 113ാം ജന്മദിനമാണിത്.
'സംഘടനകൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് സ്വതന്ത്രരാകുക' എന്ന ഗുരുദേവ സൂക്തങ്ങൾ ജീവിതദർശനമാക്കി,​ പിന്തള്ളപ്പെട്ട വലിയൊരു ജനസമൂഹത്തിന് അറിവിന്റെ വെളിച്ചവും കരുത്തുറ്റഭരണത്തിലൂടെ എന്നും നിലനിൽക്കുന്ന ഒട്ടേറെ സംഭാവനകളും കാഴ്ചവച്ച ധിഷണാശാലി. കൃതജ്ഞതാനിർഭരമായി നമുക്കദ്ദേഹത്തെ നമിക്കാം.
അദ്ധ്യാപകൻ, അഭിഭാഷകൻ, കരുത്തനായ രാഷ്ട്രീയ - സാമൂഹ്യനേതാവ്, വിദ്യാഭ്യാസവിചക്ഷണൻ, ഭരണാധികാരി, വാഗ്മി തുടങ്ങിയ വിശേഷണങ്ങൾക്ക് അനുയോജ്യനായ അപൂർവവ്യക്തിത്വം.
മുഖ്യമന്ത്രിയെന്ന നിലയിൽ മാത്രമല്ല എസ്.എൻ.ഡി.പിയോഗം ജനറൽസെക്രട്ടറി, സ്​റ്റേ​റ്റ് കോൺഗ്രസിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലിരുന്നപ്പോഴും ആർ.ശങ്കറിന്റെ സംഭാവനകൾ നിസ്തുലമാണ്.
'കെട്ടുതേങ്ങയും പിടിയരിയും ' മൂലധനമാക്കി ആർ.ശങ്കർ പടുത്തുയർത്തിയത് കൊല്ലം എസ്.എൻ.കോളേജ് മാത്രമല്ല, പിന്നാക്കക്കാരെ കൈപിടിച്ചുയർത്തിയ വലിയൊരു വിദ്യാഭ്യാസശൃംഖലയാണ്.
1938 ൽ സ്​റ്റേ​റ്റ് കോൺഗ്രസിന്റെ നിയമനിഷേധ സമരത്തിൽ പങ്കെടുത്ത് ജയിലിലാകുമ്പോൾ ആർ.ശങ്കറിന് മുപ്പത് വയസ് ! സെൻട്രൽ ജയിലിൽ സഹതടവുകാരനായിരുന്ന പത്രാധിപർ കെ.സുകുമാരൻ ആർ.ശങ്കറിന്റെ ഗാംഭീര്യത്തെക്കുറിച്ച് ഇങ്ങനെയെഴുതി - ''അരോഗദൃഢഗാത്രനായിരുന്ന ആ യുവകോമളൻ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. പ്രഭാതവേളകളിൽ കുളികഴിഞ്ഞ് ജയിൽ വസ്ത്രങ്ങളണിഞ്ഞ് വട്ടത്തൊപ്പിയും വെച്ച് ജയിൽ പുള്ളികളുടെ നമ്പർ കൊത്തിയ ബന്തിങ്ങ ചരടിൽ കോർത്ത് നെഞ്ചത്തണിഞ്ഞ് ഒരുകൈയിൽ കുശച്ചട്ടിയും മറുകൈയിൽ കൊച്ചട്ടിയുമായി കഞ്ഞി വാങ്ങാൻ രാജപ്രൗഢിയോടെ,തലയെടുപ്പോടു കൂടി ശങ്കർ നടന്നുനീങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു''


1959 ൽ ആർ.ശങ്കർ കെ.പി.സി.സി. പ്രസിഡന്റാകാനിടയായ സാഹചര്യവും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ഹൃദിസ്ഥമാക്കേണ്ടതാണ്. അവിഭക്ത കമ്മ്യൂണിസ്​റ്റ് പാർട്ടി ഭരിക്കുമ്പോൾ സംഘടനാശക്തി ക്ഷയിച്ച് നാഥനില്ലാത്ത അവസ്ഥയിലായിരുന്നു കോൺഗ്രസ്. വാർഡ്, മണ്ഡലം കമ്മി​റ്റികൾ ശിഥിലമായിരുന്നു. സംസ്ഥാനമാകെ കമ്മി​റ്റികൾ പുന:സംഘടിപ്പിക്കാൻ എൺപത് ഫുൾടൈം പ്രവർത്തകരെ ആർ.ശങ്കർ നിയമിച്ചു. മ​റ്റ് രാഷ്ട്രീയകക്ഷികളുമായി ഐക്യമുണ്ടാക്കാൻ നീക്കം തുടങ്ങി. കോൺഗ്രസിന് അധികാരത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയ ഐക്യമുന്നണി സംവിധാനം ആവിഷ്‌കരിച്ചത് ആർ.ശങ്കറാണ്. അദ്ദേഹത്തെ ഉചിതമായി സ്മരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവുന്നുണ്ടോ?​.


ആർ.ശങ്കർ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യയിലാദ്യമായി വിധവാപെൻഷനും വാർദ്ധക്യപെൻഷനും ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് അനുവദിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

ആർ.ശങ്കറിന്റെ ക്രാന്തദർശിത്വം സർവകലാശാലകളിൽ വലിയ പരിഷ്‌കാരങ്ങൾക്ക് വഴിവെച്ചു. ബിരുദകോഴ്‌സിന് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ,​ അശാസ്ത്രീയമായ പ്രീ - യൂണിവേഴ്‌സി​റ്റി കോഴ്‌സ് എടുത്തുമാ​റ്റി രണ്ടുകൊല്ലത്തെ പ്രീഡിഗ്രി കോഴ്‌സ് കൊണ്ടുവന്നത് ആർ.ശങ്കറാണ്. സംസ്‌കൃതവിദ്യാഭ്യാസം സർവകലാശാലതലത്തിൽ ഉൾക്കൊള്ളിച്ചതും സംസ്‌കൃതാദ്ധ്യാപകർക്ക് ഇതര അദ്ധ്യാപകരുടെ പദവി നൽകിയതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
1944 ഡിസംബർ 20 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശങ്കറിനെ സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഏറെ അലട്ടി. 1941ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഈഴവസമുദായത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നത് 499 വിദ്യാർത്ഥികൾ മാത്രമായിരുന്നു. സമുദായാംഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസമില്ലെന്ന കാരണത്താൽ ഉദ്യോഗങ്ങൾ നിഷേധിക്കപ്പെട്ടു.
ഈഴവരാദി ജനവിഭാഗങ്ങളുടെ ദയനീയാവസ്ഥ എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷികസമ്മേളനത്തിൽ ആർ.ശങ്കർ ചൂണ്ടിക്കാട്ടി. കൊല്ലത്ത് ഒന്നാംഗ്രേഡ് കോളേജ് സ്ഥാപിക്കാനുള്ള ശങ്കറിന്റെ ശ്രമഫലമായി കോളേജ് സ്ഥാപിക്കാൻ സർക്കാർ 27 ഏക്കർ 10 സെന്റ് ഭൂമി ദീർഘകാല പാട്ടവ്യവസ്ഥയിൽ അനുവദിച്ചെങ്കിലും കോളേജ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ കണ്ടെത്തുക അസാദ്ധ്യമായിരുന്നു. പാവങ്ങളുടെയും പണക്കാരുടെയും വീട്ടിൽ അദ്ദേഹം നേരിട്ടെത്തി സംഭാവന ചോദിച്ചു. പാവപ്പെട്ടവരിൽനിന്ന് അരിയും ഭക്ഷ്യസാധനങ്ങളും വാങ്ങി. കൊല്ലം എസ്.എൻ. കോളേജിന്റെ പിറവി കേരളത്തിന്റെ സാമൂഹ്യവിദ്യാഭ്യാസ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 13 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് സ്‌കൂളുകളും അക്കാലത്ത് സ്ഥാപിക്കപ്പെട്ടു. ആതുരസേവന രംഗത്തേക്കുള്ള കാൽവയ്പ്പായി ശങ്കേഴ്‌സ് ഹോസ്പി​റ്റലും.
സ്വന്തം സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്ന ആരോപണത്തെത്തുടർന്ന് മ​റ്റു സമുദായങ്ങൾക്കുണ്ടായ നീരസമായിരുന്നു അദ്ദേഹത്തിന് മുഖ്യമന്ത്റിക്കസേര നഷ്‌ടമാകാൻ കാരണം.
കഴിഞ്ഞ കാൽനൂ​റ്റാണ്ടിനുള്ളിൽ 23 കോളേജുകളും 28 സ്‌കൂളുകളും കൂടി സമുദായത്തിന് കൈവന്നെങ്കിലും മാറിമാറി വരുന്ന മന്ത്രിസഭകളും വോട്ടുബാങ്ക് ലക്ഷ്യമാക്കി ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന രാഷ്ട്രീയ നേതൃത്വവും പുറംതിരിഞ്ഞ് നിന്നതിനാൽ പിന്നാക്കക്കാരുടെ അവസ്ഥ ഇന്നും മെച്ചമല്ല. പലപ്പോഴും സമ്പത്തിന്റെ കുറവുകൊണ്ട് നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. മറ്റു സമുദായങ്ങൾക്ക് പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്ഥാപനങ്ങളുണ്ട്. ചില സമുദായങ്ങൾക്ക് സർക്കാരിനുള്ളതിനെക്കാൾ മൂന്നിരട്ടി സ്ഥാപനങ്ങളുണ്ട്. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും പരിവർത്തിത ക്രിസ്ത്യാനികൾക്കും സ്‌കോളർഷിപ്പുണ്ട്. ഈഴവ വിഭാഗത്തിന് ഒരു സ്‌കോളർഷിപ്പുമില്ല. സർക്കാർ എയ്ഡഡ് കോളേജുകളും ബാച്ചുകളും തരാതിരുന്നപ്പോൾ നമ്മൾ സ്വാശ്രയകോളേജ് തുടങ്ങി. എന്നാൽ ഫീസുകൊടുത്ത് പഠിക്കാൻ പണമില്ലാത്തവർ വിദ്യാഭ്യാസരംഗത്ത് നിന്നും ഒഴിഞ്ഞുമാറുകയാണ്.
1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ​റ്റിങ്ങലിൽനിന്ന് മത്സരിച്ചപ്പോഴും 67ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ നിന്ന് മത്സരിക്കാനൊരുങ്ങിയപ്പോഴും സവർണന്യൂനപക്ഷ ലോബി സംഘടിതമായി ആർ.ശങ്കറെ ആക്രമിച്ചു.
എസ്.എൻ.കോളേജ് സ്ഥാപിക്കാൻ കൊല്ലം കന്റോൺമെന്റ് മൈതാനത്തോട് ചേർന്നുള്ള ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി.പി.യെ നേരിൽക്കണ്ടത് വലിയ അപരാധമായി സമുദായത്തിലെ ചിലർ ചിത്രീകരിച്ചു. സർ.സി.പി.യുടെ 'ചെരുപ്പ് നക്കി'യെന്ന് വിളിച്ച് ചില അധമന്മാർ അദ്ദേഹത്തെ ആക്ഷേപിച്ചു.
സമുദായാംഗങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ തകർക്കാൻ യോഗനേതൃത്വത്തിനെതിരെ ഇപ്പോൾ നടക്കുന്നതുപോലെ നുണക്കഥകളും കഴമ്പില്ലാത്ത ആരോപണങ്ങളും ഉന്നയിച്ച് ആ മഹാനെ തളർത്താൻ ശ്രമമുണ്ടായി. കോളേജിന്റെ നേട്ടം ധനികർക്ക് മാത്രമായിരിക്കുമെന്ന് ദുഷ്പ്രചരണം നടത്തി. കോളേജിന് വേണ്ടിയുള്ള ഉത്‌പന്നപിരിവ് പൊളിക്കാനും സമുദായത്തിനുള്ളിൽ നിന്നുതന്നെ ശ്രമമുണ്ടായി.
ദുഷ്ടശക്തികളുടെ എതിർപ്പുകൾ ആർ.ശങ്കർ വകവെച്ചില്ല.1954ൽ യോഗത്തിന്റെ 51ാം വാർഷിക റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു. ''യോഗത്തിന്റെ സുദീർഘമായ ചരിത്രം പരിശോധിച്ചാൽ സംഘടനയെയും യോഗം പ്രവർത്തനങ്ങളെയും പ​റ്റി ആക്ഷേപം പുറപ്പെടുവിച്ചവർ എല്ലാക്കാലത്തും ഉണ്ടായിരുന്നെന്ന് കാണാം. ഗുരുവിന്റെ മഹാസന്ദേശങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരുന്നതിനായി വമ്പിച്ച പ്രതിബന്ധങ്ങളോട് പടവെട്ടി സഹോദരപ്രസ്ഥാനവുമായി മുന്നിട്ടിറങ്ങിയ ശ്രീ കെ.അയ്യപ്പന് സഹിക്കേണ്ടിവന്ന ആക്ഷേപങ്ങളും അവഹേളനങ്ങളും എത്ര ഭയങ്കരമായിരുന്നു. സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും സമ്പാദിക്കുന്നതിനായി ശ്രീ.ടി.കെ.മാധവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ പല സമുദായ പ്രമാണിമാരുടെയും നിശിതമായ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും വിധേയമായി. രാഷ്ട്രീയ സ്വാതന്ത്ര്യപ്രാപ്തിക്കായി ശ്രീ.സി.കേശവന്റെ നേതൃത്വത്തിൽ യോഗം നിവർത്തനപ്രക്ഷോഭത്തിൽ പങ്കെടുത്ത കാലത്തും ഇതുപോലുള്ള വമ്പിച്ച എതിർപ്പുകളും വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. സ്വാർത്ഥമാത്ര പ്രേരിതങ്ങളായിരുന്ന എതിർപ്പുകളെ യോഗവും നേതാക്കളും എല്ലാക്കാലത്തും അതിജീവിച്ചിട്ടുണ്ടെന്നും നാം മറന്നുകൂടാ''.
നിക്ഷിപ്തതാത്‌പര്യക്കാരുടെ സംഘടിത ആക്രമണം നിരന്തരമായി നേരിട്ടാണ് നിലവിലെ യോഗനേതൃത്വം രജതജൂബിലിയിലേക്ക് കടന്നത്.

എതിർപ്പുകളെ അതിജീവിച്ച് സമുദായത്തിന് ആത്മാഭിമാനം പകരാനും വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ കൈവരിക്കാനും സമാനതകളില്ലാത്ത ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും കഴിഞ്ഞതിന് പിന്നിൽ മഹാനായ ആർ.ശങ്കറുടെ വാക്കുകൾ പകർന്ന ആത്മവിശ്വാസവും ആത്മധൈര്യവുമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SANKAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.