SignIn
Kerala Kaumudi Online
Thursday, 25 April 2024 7.12 AM IST

2,​000 കോടിയുടെ പൊന്നാനി തുറമുഖം പദ്ധതിക്ക് അനക്കമില്ല

ponnani

വികസന പദ്ധതികൾ സമയബന്ധിതമായും കൃത്യതയോടെയും നടപ്പിലാക്കുന്ന ഗുജറാത്ത് മോഡൽ പഠിക്കാൻ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഗുജറാത്തിൽ എത്തിയതിലെ വിവാദം അടങ്ങിയിട്ടില്ല. ഗുജറാത്തിലെ ഡാഷ്‌ബോർഡ് മോണിറ്ററിംഗ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പുകഴ്ത്തുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണം, കണ്ണൂർ വിമാനത്താവളം റൺവേവികസനം.... ഇങ്ങനെ ഇഴഞ്ഞ് നീങ്ങുന്ന പദ്ധതികൾ ചൂണ്ടിക്കാട്ടി കാര്യങ്ങൾ ഇവിടെത്തന്നെ പഠിക്കാൻ കഴിയുമെന്നും ഗുജറാത്തിലൊന്നും പോവേണ്ടെന്നും പ്രതിപക്ഷം നിലപാടെടുത്തു. യു.ഡി.എഫിന്റെ അഞ്ച് വർഷത്തെ വികസനവും എൽ.ഡി.എഫിന്റെ ആറുവർഷക്കാലത്തെ വികസനവും പരിശോധിച്ചാൽ തന്നെ കേരളം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്ന് കൂടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞുവച്ചു. രാഷ്ട്രീയക്കാർ പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാണ്. എന്നാൽ പൊന്നാനിക്കാർ ഈ പറയുന്നത് യാതൊരു രാഷ്ട്രീയ മുതലെടുപ്പും ലക്ഷ്യമിട്ടല്ല.

പൊന്നാനിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ 2,000 കോടി രൂപ ചെലവിൽ വാണിജ്യ തുറമുഖം നിർമ്മിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടിട്ട് ഏഴ് വർഷമായി. പൊന്നാനിയുടെ മാത്രമല്ല മലപ്പുറത്തിന്റെ തീരമേഖലയുടെ മുഖം മാറ്റാൻ കഴിയുന്ന പദ്ധതി കൊട്ടിയാഘോഷിച്ച് തറക്കല്ലിട്ടത് ഒഴികെ ഇതുവരെ അനക്കമില്ല. ഒരുകാലത്ത് മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു പൊന്നാനി. കനോലി കനാൽ വഴി വിദേശ രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാർ പൊന്നാനിയിൽ നങ്കൂരമിട്ടിരുന്നു. പൊന്നാനിയുടെ ഈ പ്രൗഢി തിരിച്ചുപിടിക്കാൻ കൂടി സഹായകമാവുന്ന പദ്ധതിയാണിത്.

ആദ്യം തന്നെ പാളി

2015 ആഗസ്ത് എട്ടിനാണ് പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ചെന്നൈ മലബാർ പോർട്സിനായിരുന്നു നിർമ്മാണ, നടത്തിപ്പ് ചുമതല. തുറമുഖ നിർമാണത്തിനായി കടലോരത്തെ 29 ഏക്കർ ഭൂമിയും സർക്കാർ അനുവദിച്ചു. രണ്ട് ഘട്ടങ്ങളിലായി 2,000 കോടിയോളം രൂപയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. 2019 ആഗസ്റ്റോടെ നിർമ്മാണം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. ഏഴുവർഷം കൊണ്ട് അടിത്തറ പോലും നിർമ്മിക്കാൻ കഴിയാത്ത കമ്പനിയെ ഇനിയും വിശ്വസിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഉദ്ഘാടന ദിവസം കടലിൽ രണ്ട് ലോഡ് കരിങ്കല്ല് കൊണ്ടുവന്നിട്ടതല്ലാതെ തുറമുഖ നിർമ്മാണത്തിന്റെ പേരിൽ പിന്നീട് കാര്യമായൊന്നും നടന്നില്ല. 1,500 മീറ്റർ വിസ്തീർണ്ണമുള്ള അപ്രോച്ച് ബണ്ടിന്റെ നിർമ്മാണത്തിൽ പൂർത്തീകരിച്ചത് നൂറ് മീറ്റർ ഭാഗം മാത്രം. നിർമ്മാണ പ്രവൃത്തികൾ മൂന്ന് മാസത്തിൽ താഴെ മാത്രമാണ് നടന്നത്. പദ്ധതി നടത്തിപ്പ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിന് മുമ്പ് ഇവരെക്കുറിച്ച് ആവശ്യം വേണ്ട പരിശോധന നടത്തിയില്ലെന്ന് ആരോപണവുമുണ്ട്.


ഇനി പറഞ്ഞിട്ടെന്ത് കാര്യം

വാണിജ്യ തുറമുഖ പദ്ധതിയുടെ പേരിൽ സ്വകാര്യ കമ്പനിയുടെ പിറകേ പോകാൻ സർക്കാരിന് കഴിയില്ലെന്നും ചെന്നൈ മലബാർ പോർട്സുമായി മുന്നോട്ടില്ലെന്നുമാണ് പൊന്നാനി എം.എൽ.എ പി.നന്ദകുമാർ പറയുന്നത്. കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പൂർണമായി ലംഘിക്കപ്പെട്ടു. നിർമ്മാണത്തിന്റെ പേരിൽ 29 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതിനാൽ പദ്ധതി പ്രദേശത്ത് മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. പല വികസന പദ്ധതികളും തുറമുഖ നിർമ്മാണത്തിന്റെ പേരിൽ മുടങ്ങിപ്പോവുകയാണെന്നും ഇടത് എം.എൽ.എയായ പി.നന്ദകുമാർ പറയുന്നു. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പൊന്നാനിയുടെ എം.എൽ.എ ആയിരുന്നപ്പോൾ അഭിമാന പദ്ധതിയായാണ് പൊന്നാനി വാണിജ്യ തുറമുഖത്തെ കൊണ്ടുവന്നത്. സ്വിസ് ചാലഞ്ച് രീതി പ്രകാരമാണ് തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും നിശ്ചയിച്ചിരുന്നത്. സ്വിസ് ചാലഞ്ച് രീതി കരാർ നൽകുന്ന പുതിയ പ്രക്രിയയാണ്. യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും സർക്കാരിന് മുന്നിൽ വികസന നിർദ്ദേശം സമർപ്പിക്കാം. ഇതുപ്രകാരം നിർമ്മാണവും നടത്തിപ്പും കരാറുകാരായ ചെന്നൈ മലബാർ പോർട്സിനായിരുന്നു. പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെ ആയതിനാൽ സർക്കാറിന് ഇക്കാര്യത്തിൽ യാതൊരു സാമ്പത്തിക ബാദ്ധ്യതയും വരില്ല.

നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനെതിരെ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന കർശന മുന്നറിയിപ്പും ചെന്നൈ പോർട്സിന് നൽകി. എന്നിട്ടും പദ്ധതി ഏഴ് വർഷത്തോളം ഇഴഞ്ഞ് നീങ്ങിയെങ്കിൽ സർക്കാർ സംവിധാനങ്ങളുടെ കൂടി പോരായ്മയാണെന്നാണ് ആക്ഷേപം. നിർമ്മാണത്തിനാവശ്യമായ ഭൂമി പൂർണമായി വിട്ടുനൽകാതിരുന്നതും പദ്ധതി പ്രദേശത്തെ മീൻചാപ്പകൾ സർക്കാർ നീക്കം ചെയ്യാതിരുന്നതുമാണ് പ്രധാന തടസ്സമായി കമ്പനി അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യം സർക്കാർ നിഷേധിക്കുന്നു. വ്യത്യസ്ത കാരണങ്ങളാണ് നിർമ്മാണ മെല്ലെപ്പോക്കിനായി കരാറുകാർ ഉന്നയിച്ചിരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടപ്പാക്കാനാകുമെന്നും കരാറുകാർ തുടരെത്തുടരെ അറിയിച്ചിരുന്നു. ഇക്കാര്യം വിശ്വസിച്ചാണ് മറ്റു വഴികൾ നോക്കാതെ നിലകൊണ്ടതെന്നാണ് സർക്കാരിന്റെ വാദം. പദ്ധതിയുടെ മെല്ലെപ്പോക്കിൽ അന്നത്തെ പൊന്നാനി എം.എൽ.എ പി.ശ്രീരാമകൃഷ്ണൻ അതൃപ്തി അറിയിക്കുകയും നിലവിലെ കരാറുകാരുടെ കരാർ അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല. കരാർ റദ്ദാക്കിയ ശേഷം പദ്ധതിയുടെ കാര്യത്തിൽ വീണ്ടും സാദ്ധ്യതാ പഠനം നടത്തുകയും പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് സർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഒരുനാടിന്റെ വികസനത്തിന് കുതിപ്പേകേണ്ട പദ്ധതിയാണ് ഇപ്പോഴും നോക്കുകുത്തിയായി തുടരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PONNANI CARGO PORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.