SignIn
Kerala Kaumudi Online
Saturday, 20 April 2024 6.21 AM IST

കപ്പൽശാലയ്ക്ക് അമ്പതു വയസ്

photo

കേന്ദ്രസർക്കാർ കൊച്ചിയിൽ സ്ഥാപിച്ച കപ്പൽശാല അമ്പതു വയസിന്റെ നിറവിൽ. 1972-ൽ ആരംഭിച്ച കപ്പൽശാല വലിയൊരു കുതിപ്പിന് ഒരുങ്ങുന്ന വേളകൂടിയാണിത്. അന്നത്തെ കാലത്ത് 113 കോടി രൂപയുടെ മൂലധനവുമായി ആരംഭിച്ച സ്ഥാപനം 1994 വരെ നഷ്ടത്തിലാണ് പ്രവർത്തിച്ചതെങ്കിലും പലനേട്ടങ്ങളും കൈവരിക്കാനായി.

കപ്പൽനിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിലെ മുൻനിര കമ്പനിയായി മാറിയതിനു പിന്നിൽ മലയാളികളായ ജീവനക്കാരുടെ സേവനവും എടുത്തുപറയണം. പ്രത്യക്ഷമായും പരോക്ഷമായും പതിമൂവായിരത്തോളം പേർ ജോലിചെയ്യുന്നു. ലോകത്തെ പല കപ്പൽ നിർമ്മാണശാലകളും കപ്പൽ നിർമ്മാണത്തേക്കാൾ പണം വാരുന്നത് കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയാണ്. 72- ൽ തുടങ്ങിയെങ്കിലും കൊച്ചി കപ്പൽശാല റിപ്പയർ സർവീസുകൾ തുടങ്ങിയത് 1982-ലാണ്. തീരുമാനമെടുക്കുന്നതിലും അതു വേഗത്തിൽ നടപ്പാക്കുന്നതിലുമുള്ള പൊതുമേഖലയുടെ തടസങ്ങൾ കപ്പൽശാലയെയും വലിയൊരളവിൽ ബാധിച്ചിരുന്നു. കേരളത്തിൽ വന്ന കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു കപ്പൽശാല. ഒട്ടേറെ കുടുംബങ്ങൾ കഴിഞ്ഞിരുന്ന സ്ഥലമാണ് കപ്പൽശാല ഏറ്റെടുത്തത്. സ്ഥലം വിട്ടുകൊടുക്കാൻ അവർ ഒരു തടസവും ഉന്നയിച്ചില്ല. സ്ഥലം വിട്ടുകൊടുത്തവർക്ക് തേവരയിലും മറ്റുമായി സ്ഥലം കൊടുക്കുകയും ചെയ്തു. സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാർ കാണിച്ച സന്മനോഭാവവും ത്യാഗവും പ്രത്യേകം സ്മരിക്കേണ്ടതാണ്.

കൊച്ചിൻ റിഫൈനറിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്നപ്പോൾ ജനങ്ങൾ പ്രകടനമായി ചെന്നാണ് കപ്പൽശാല കൊച്ചിയിൽ സ്ഥാപിക്കണമെന്ന നിവേദനം നൽകിയത്. അന്നൊക്കെ പദ്ധതികളെ ജനങ്ങൾ അത്രമാത്രം വരവേറ്റിരുന്നു. ഇന്നാകട്ടെ പുതിയ ആശയത്തെയും പദ്ധതിയെയും മുളയിലേ നുള്ളാനുള്ള വാദവും സംവാദവും എതിർപ്പുമാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ട് ദശാബ്ദമായി കമ്പനി ലാഭത്തിലാണ്. കടബാദ്ധ്യതകൾ കേന്ദ്രം ഓഹരിയാക്കി മാറ്റിയതോടെയാണ് കപ്പൽശാലയുടെ നല്ല ദിനങ്ങൾ തുടങ്ങിയതെന്ന് കപ്പൽശാലയുടെ ഡയറക്ടർ ബിജോയ് ഭാസ്ക്കർ പറയുന്നു. 2016- 17ൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 322 കോടിയായിരുന്നു. 2020 - 21ൽ 610 കോടിയായി ഉയർന്നു.

മേയിൽ നടക്കുന്ന കടൽ പരീക്ഷണത്തിനു ശേഷം വിക്രാന്ത് ആഗസ്റ്റിൽ നേവിയുടെ ഭാഗമാകും. കപ്പൽശാലയെ തേടി പ്രതിരോധസേനയുടെ നിരവധി ഓർഡറുകൾ എത്തുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനും ആഭ്യന്തര ജലപാതയ്ക്ക് വേണ്ടിയും ചെറുയാനങ്ങൾ ഇവിടെ നിർമ്മിച്ച് വരുന്നു. കപ്പൽ നിർമ്മാണം അത്യധികം വൈദഗ്ദ്ധ്യവും സമയവും ആവശ്യമുള്ളതും സങ്കീർണവുമാണ്. കപ്പൽശാലകൾ കൂടുതലും യൂറോപ്പിലും അമേരിക്കയിലുമാണുള്ളത്. അതിനിടയിലാണ് കൊച്ചി കപ്പൽശാല അഭിമാനപൂർവം തലയെടുപ്പോടെ ഉയർന്നുവരുന്നത്. കൊച്ചിക്ക് പുറമേ മുംബയ്, കൊൽക്കത്ത, പോർട്ട് ബ്ളെയർ എന്നിവിടങ്ങളിലും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ ആരംഭിക്കാനും കമ്പനിക്ക് കഴിഞ്ഞു. കൊച്ചിയിൽ നേവിയുടെ പക്കൽനിന്നും ലീസിനെടുത്ത സ്ഥലത്ത് ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയാണ് ഏറ്റവും പുതിയ പദ്ധതി. 2023-ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകും. ഇവിടെ കപ്പലുകൾ ലിഫ്‌റ്റ് ഉപയോഗിച്ച് പൊക്കിയെടുത്ത് ഡോക്കിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാകും. ഒരു വർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന കപ്പൽശാലയ്ക്കും പിന്നണി പ്രവർത്തകർക്കും ആശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.