കീവ്: അധിനിവേശത്തിനിടെ യുക്രെയിനെ വിറപ്പിക്കാനെത്തിയ നാൽപതോളം റഷ്യൻ യുദ്ധവിമാനങ്ങളുടെ അന്തകനായി മാറിയ 'കീവിലെ പ്രേതം' ഇനിയില്ല എന്ന സത്യം വെളിപ്പെടുത്തി യുക്രെയിൻ. ഇരുപത്തിയൊമ്പതുകാരനായ മേജർ സ്റ്റെപാൻ തരാബൽക്കയാണ് യുക്രെയിൻ ജനത അഭിമാനപൂർവം ' ഗോസ്റ്റ് ഒഫ് കീവ് " എന്ന അപരനാമത്തിൽ ഇത്രയും നാൾ വിളിച്ചിരുന്ന അജ്ഞാത യുദ്ധ വിമാന പൈലറ്റെന്നും അദ്ദേഹം കൊല്ലപ്പെട്ടെന്നും യുക്രെയിൻ അറിയിച്ചു.
യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആറ് റഷ്യൻ വിമാനങ്ങൾ സ്റ്റെപാൻ തകർത്തിരുന്നു. എന്നാൽ, റഷ്യൻ വിമാനങ്ങൾ തേടിപിടിച്ച് തകർത്തിരുന്ന ആ യുക്രെയിൻ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
' ഗോസ്റ്റ് ഒഫ് കീവ് " എന്ന ആ അജ്ഞാത പൈലറ്റ് കഴിഞ്ഞ ദിവസം വരെ ഒരു ദുരൂഹതയായിരുന്നു. എന്നാൽ, ഇപ്പോൾ യുക്രെയിൻ സേന തന്നെയാണ് മേജർ സ്റ്റെപാൻ തരാബൽക്കയാണ് ഗോസ്റ്റ് ഒഫ് കീവെന്നും മാർച്ച് 13ന് മിഗ്-29 യുദ്ധവിമാനത്തിൽ റഷ്യൻ സേനയോട് യുദ്ധം ചെയ്യവെ അദ്ദേഹം കൊല്ലപ്പെട്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.
മരണാനന്തര ബഹുമതിയായി ഹീറോ ഒഫ് യുക്രെയിൻ പദവിയും ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഓർഡർ ഒഫ് ദ ഗോൾഡൻ സ്റ്റാർ നൽകിയും യുക്രെയിൻ മേജർ സ്റ്റെപാൻ തരാബൽക്കയെ ആദരിച്ചു.
പടിഞ്ഞാറൻ യുക്രെയിനിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച സ്റ്റെപാൻ ചെറുപ്പം മുതൽ തന്നെ യുദ്ധവിമാന പൈലറ്റ് ആകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷമാണ് സ്റ്റെപാൻ യുക്രെയിൻ സേനയുടെ ഭാഗമായത്. ഒലീനയാണ് മേജർ സ്റ്റെപാന്റെ ഭാര്യ. എട്ടുവയസുകാരനായ യാരിക് ആണ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |