മുംബയ്: തുടർച്ചയായ എട്ട് തോൽവികൾക്കൊടുവിൽ മുംബയ് ഇന്ത്യൻസിന് ഈ ഐ.പി.എൽ സീസണിലെ ആദ്യജയം. ക്യാപ്ടൻ രോഹിത് ശർമ്മയുടെ 35-ാം പിറന്നാൾ ദിനമായ ഇന്നലെ രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അദ്ദേഹത്തിന് പിറന്നാൾ സമ്മാനംപോലെ മുംബയ് വിജയവഴിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് അവസാന ഓവറിലെ രണ്ടാം പന്തിൽ ഡാനിയേൽ സാംസ് (1 പന്തിൽ 6) നേടിയ സിക്സിലൂടെ വിജയമുറപ്പിക്കുകയായിരുന്നു (161/5). 39 പന്തിൽ 51 റൺസെടുത്ത സൂര്യകുമാർ യാദവും യുവതാരം തിലക് വർമ്മയുമാണ് (35) മുംബയ്യുടെ ചേസിംഗിലെ നട്ടെല്ലായത്. ടിം ഡേവിഡ് പുറത്താകാതെ 9 പന്തിൽ 20 റൺസ് നേടി. ഇഷാൻ കിഷനും (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തേ ജോസ് ബട്ട്ലറുടെ (67) അർദ്ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അശ്വിൻ 9 പന്തിൽ 21 റൺസ് നേടി അവസാന ഓവറിൽ റൺറേറ്റ് ഉയർത്തി.
പ്രഥമ ഐ.പി.എൽ കിരീടത്തിലേക്ക് രാജസ്ഥാനെ നയിച്ച കഴിഞ്ഞയിടെ അന്തരിച്ച ഷേൻ വാണിനോടുള്ള ആദരമായിട്ടാണ് രാജസ്ഥാൻ ഈ മത്സരത്തെക്കണ്ടത്. വാണിനോടുള്ള ആദരമായി എസ്.ഡബ്ല്യു. 23 എന്ന് രേഖപ്പെടുത്തിയ ജേഴ്സി അണിഞ്ഞാണ് ഇന്നലെ രാജസ്ഥാൻ താരങ്ങൾ കളത്തിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |