കുന്നിക്കോട് : ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും മോഷണം നടത്തുകയും ചെയ്തവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മേലില മനേഷ് ഭവനിൽ മനോജ് (28), മേലില വയലിറക്കത്ത് പുത്തൻവീട്ടിൽ ഹരികൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്.
തലവൂർ മഞ്ഞക്കാല ചരുവിള പുത്തൻവീട്ടിൽ ശ്യാമളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഈ കഴിഞ്ഞ ഏപ്രിൽ 30ന് വൈകിട്ട് 6.:15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്യാമളയുടെ വീട്ടിൽ പ്രതികൾ അവരുടെ മേലിലയിലുള്ള വസ്തു വിലയ്ക്ക് വാങ്ങുവാൻ വന്നവരാണെന്നാണ് പരിചയപ്പെടുത്തിയത്. ഈ വ്യാജേന വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ശ്യാമളയെ തള്ളി നിലത്തുവീഴ്ത്തിയ ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാല അപഹരിച്ച് കടന്ന് കളയുകയായിരുന്നു.
മനോജും, ഹരികൃഷ്ണനും മുമ്പും നിരവധി കേസിലെ പ്രതികളാണ്. കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ.മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ് കൃഷ്ണൻ, ജോയ്, സലാഹുദ്ദീൻ, എ.എസ്.ഐ ലാലു, സി.പി.ഒ മധു, വനിത സി.പി.ഒ മറിയക്കുട്ടി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |