SignIn
Kerala Kaumudi Online
Thursday, 25 April 2024 6.10 PM IST

കൊടിയേറാൻ ഒരുങ്ങി നഗരം, ആൾക്കടലിൽ മേളം പെരുക്കും

pooram

തൃശൂർ: മുപ്പത് മണിക്കൂർ നീണ്ട ഭൂമുഖത്തെ അഭിരാമമായ ഉത്സവക്കാഴ്ചയെന്ന വിശേഷണമുള്ള തൃശൂർ പൂരത്തിന് മേയ് നാലിന് കൊടിയേറ്റം. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരക്കൊടി ഉയരും.

പൂരത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കെഗോപുരനട തള്ളിത്തുറക്കാൻ ഒമ്പതിന് നെയ്തലക്കാവിലമ്മയെത്തും. രണ്ടുവർഷത്തെ ഇടവേളക്കുശേഷം പൂരം പൂർണമായി ആഘോഷിക്കാൻ കൊടിയുയരുമ്പോൾ മേളവും വെടിക്കെട്ടും കുടമാറ്റവും എഴുന്നെളളിപ്പുമെല്ലാം മുൻകാലങ്ങളേക്കാൾ പൊടിപൊടിക്കുമെന്ന് ഉറപ്പ്.

തൃശൂർ നഗരം ഇന്നേവരെ കാണാത്ത പുരുഷാരമെത്തുമെന്നാണ് പൊലീസിന്റേയും ഭരണകൂടത്തിന്റെയും അന്തിമവിലയിരുത്തൽ. തിരുവമ്പാടിക്കും പാറമേക്കാവിനും ഒപ്പം എട്ടു ഘടകദേശങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തുമ്പോൾ നഗരം വീർപ്പുമുട്ടും. ആൾത്തിരക്ക് മുന്നിൽക്കണ്ട് തിരുവമ്പാടി ചമയപ്രദർശനം സാമ്പിൾ ദിവസം തന്നെ തുടങ്ങും. സാധാരണ സാമ്പിളിന്റെ പിറ്റേന്നാണ് പ്രദർശനം നടക്കാറുള്ളത്.

വർണ്ണക്കുടകളും സ്വർണ്ണനെറ്റിപ്പട്ടങ്ങളും അവസാനവട്ടമിനുക്കുപണിയിലാണ്. പൂരപ്പന്തലുകളുടെ പണികൾക്കും അതിവേഗം.

  • പെരുക്കാൻ പുത്തൻതലമുറ

മേളത്തിന് പ്രഗൽഭരുടെ നിരയ്‌ക്കൊപ്പം പുതുതലമുറയും അരങ്ങേറും. മഠത്തിൽവരവ് പഞ്ചവാദ്യത്തിലേക്ക് പല്ലാവൂർ പെരുമ തിരിച്ചുവരവാണ് മേളാസ്വാദകർ കാത്തിരിക്കുന്നത്. പല്ലാവൂർ ശ്രീധരനും പല്ലാവൂർ ശ്രീകുമാറുമാണ് ഇത്തവണയെത്തുക. പല്ലാവൂർത്രയത്തിൽ ഉൾപ്പെട്ട മണിയൻമാരാരുടെ മക്കളാണിവർ. പല്ലാവൂർ മണിയൻ മാരാരും സഹോദരൻ പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാരും മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ വിസ്മയങ്ങൾ തീർത്തവരാണ്. പല്ലാവൂർത്രയത്തിലെ മുതിർന്ന ആളായ അപ്പുമാരാർ പാറമേക്കാവ് പഞ്ചവാദ്യത്തിൽ ഇടയ്ക്കപ്രമാണിയായിരുന്നു.

2015 വരെ ശ്രീധരനും ശ്രീകുമാറും മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ഉണ്ടായിരുന്നു. ശ്രീധരൻ തിമിലയിലും ശ്രീകുമാർ ഇടയ്ക്കയിലുമാണ് കൊട്ടിക്കയറിയിരുന്നത്. ശ്രീധരൻ 27 വർഷത്തോളം മഠത്തിൽവരവിൽ കൊട്ടി. 2015ന് ശേഷം രണ്ടുപേർക്കും മഠത്തിൽവരവിൽ എത്താനായില്ല. കഴിഞ്ഞവർഷം പൂരത്തിന് പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് മൂലം ഒഴിവാക്കി.

  • സാമ്പിൾ: മേയ് എട്ടിന്
  • ചമയപ്രദർശനം: എട്ടിന്
  • പൂരം: പത്തിന്
  • വെടിക്കെട്ട്: 11ന് പുലർച്ചെ.
  • വിടചൊല്ലൽ: 11ന് ഉച്ചയ്ക്ക്‌

  • പാരമ്പര്യത്തിൻ്റെ തഴക്കം

മേളത്തിൽ പെരുവനവും കിഴക്കൂട്ടുമെല്ലാം ഈയാണ്ടിൽ രണ്ടുവർഷത്തെ ക്ഷീണം തീർക്കുമെന്ന് ഉറപ്പ്. തിരുവമ്പാടി പകൽപ്പൂരത്തിന്റെ പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർക്ക് ഇത് മേളത്തിന്റെ 60–ാം വർഷമാണ്. 76 വയസായെങ്കിലും ആവേശത്തിന് ഇപ്പോഴും ചെറുപ്പം. 40 കൊല്ലം ഇലഞ്ഞിത്തറ മേളത്തിൽ കൊട്ടി. അവിടെ നിന്നിറങ്ങിക്കഴിഞ്ഞപ്പോൾ പാറമേക്കാവിന്റെ പകൽപ്പൂരത്തിന് 2005ൽ പ്രമാണിയായി. പിന്നീട് 2012 മുതൽ തിരുവമ്പാടിയുടെ പകൽപ്പൂര പ്രമാണി.

ഇലഞ്ഞിത്തറ മേളത്തിൽ 24-ാം തവണയാണ് പെരുവനം കുട്ടൻ മാരാർ പ്രമാണം വഹിക്കുന്നത്. നാല് പതിറ്റാണ്ടിലേറെക്കാലമായി കുട്ടൻ മാരാർ പൂരത്തിന്റെ മേള സാന്നിദ്ധ്യമാണ്. ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, ആറാട്ടുപുഴ,ചേർപ്പ്, ചാത്തക്കുടം, തൃപ്രയാർ എന്നിവിടങ്ങളിലെല്ലാം പ്രമാണിയായ തഴക്കവുമായാണ് അദ്ദേഹം ഇലഞ്ഞിത്തറയിൽ മേളഗോപുരത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത്.

തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണി കോങ്ങാട് മധു, കലാമണ്ഡലത്തിൽ 22 വർഷം അദ്ധ്യാപകനായിരുന്നു. 83ൽ അന്നമനട അച്യുതമാരാർ പ്രമാണിയായിരിക്കെയാണ് മധുവിനെ തിരുമ്പാടിയിലേക്കു വിളിക്കുന്നത്, ഒമ്പതാമത്തെ തിമിലക്കാരനായി. സൗമ്യനായ പ്രമാണിയായി മധു, പഞ്ചവാദ്യത്തിന്റെ തൃമധുരം വിളമ്പുന്നു കഴിഞ്ഞകാലങ്ങളത്രയും...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.